കപ്പിനും ചുണ്ടിനുമിടയിൽ
കാലം എ.ഡി.850 . പിൽക്കാലത്ത് എത്യോപ്പിയ എന്നറിയപ്പെടുന്ന അന്നത്തെ അബിസ്സിനിയയിലെ ഒരു കുന്നിൻ ചെരുവിൽ ആടുകളെ മേച്ചു നടന്ന കാൽഡി അന്നൊരു കാര്യം ശ്രദ്ധിച്ചു. സ്വതവേ അലസരായി മേയുന്ന തൻ്റെ ആടുകൾ കൂടുതൽ ഊർജ്വസ്വലരായിരിക്കുന്നു; എന്താവാം കാരണം? അവൻ അവയെ നിരീക്ഷിച്ചു. മനസ്സിൽ ഒരു സംശയം തലപൊക്കി. തിളങ്ങുന്ന കടും പച്ച നിറത്തിലുള്ള ഇലകളോടുകൂടിയ ഒരു കുറ്റിച്ചെടിയുടെ ചുവന്നു പഴുത്ത കായ്കൾ തിന്നതിനാലാണോ ആടുകൾ ഉത്സാഹഭരിതരായത്? ഏതായാലും ഒന്നു പരീക്ഷിക്കാൻ അവൻ തീരുമാനിച്ചു. ആ ചെടിയുടെ ഏതാനും കായ്കൾ പറിച്ചെടുത്ത് അവനും ചവച്ചു . അല്പ സമയത്തിനകം ഉന്മേഷത്തിൻ്റെ ഒരു കവചം തന്നെ ആവരണം ചെയ്യുന്നതായി അവനു തോന്നി. പിന്നെ ആടുകളെ അവയുടെ പാട്ടിന് മേയാൻ വിട്ട്, കുറച്ചുകൂടി കായ്കൾ പറിച്ചെടുത്ത് , ഗ്രാമമുഖ്യനായ ഇമാമിൻ്റെ മുന്നിലെത്തി. കായ്കളുടെ മാന്ത്രികത വിവരിച്ച് കാൽഡി അവ ഇമാമിനു നീട്ടി . പക്ഷേ , അൽപം പരുഷമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം! അവ 'സാത്താൻ്റെ' ഏതോ വിഷവിത്തുകളാണെന്നും ദൈവത്തിനു നിരക്കാത്ത അവയെ ഉപേക്ഷിക്കണമെന്നും പറഞ്ഞ് , എരിഞ്ഞ...