കപ്പിനും ചുണ്ടിനുമിടയിൽ
പിൽക്കാലത്ത് എത്യോപ്പിയ എന്നറിയപ്പെടുന്ന അന്നത്തെ അബിസ്സിനിയയിലെ ഒരു കുന്നിൻ ചെരുവിൽ ആടുകളെ മേച്ചു നടന്ന കാൽഡി അന്നൊരു കാര്യം ശ്രദ്ധിച്ചു. സ്വതവേ അലസരായി മേയുന്ന തൻ്റെ ആടുകൾ കൂടുതൽ ഊർജ്വസ്വലരായിരിക്കുന്നു; എന്താവാം കാരണം? അവൻ അവയെ നിരീക്ഷിച്ചു. മനസ്സിൽ ഒരു സംശയം തലപൊക്കി. തിളങ്ങുന്ന കടും പച്ച നിറത്തിലുള്ള ഇലകളോടുകൂടിയ ഒരു കുറ്റിച്ചെടിയുടെ ചുവന്നു പഴുത്ത കായ്കൾ തിന്നതിനാലാണോ ആടുകൾ ഉത്സാഹഭരിതരായത്? ഏതായാലും ഒന്നു പരീക്ഷിക്കാൻ അവൻ തീരുമാനിച്ചു. ആ ചെടിയുടെ ഏതാനും കായ്കൾ പറിച്ചെടുത്ത് അവനും ചവച്ചു . അല്പ സമയത്തിനകം ഉന്മേഷത്തിൻ്റെ ഒരു കവചം തന്നെ ആവരണം ചെയ്യുന്നതായി അവനു തോന്നി. പിന്നെ ആടുകളെ അവയുടെ പാട്ടിന് മേയാൻ വിട്ട്, കുറച്ചുകൂടി കായ്കൾ പറിച്ചെടുത്ത് , ഗ്രാമമുഖ്യനായ ഇമാമിൻ്റെ മുന്നിലെത്തി. കായ്കളുടെ മാന്ത്രികത വിവരിച്ച് കാൽഡി അവ ഇമാമിനു നീട്ടി . പക്ഷേ , അൽപം പരുഷമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം! അവ 'സാത്താൻ്റെ' ഏതോ വിഷവിത്തുകളാണെന്നും ദൈവത്തിനു നിരക്കാത്ത അവയെ ഉപേക്ഷിക്കണമെന്നും പറഞ്ഞ് , എരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു അടുപ്പിലേക്ക് ഇമാം അവയെ വലിച്ചെറിഞ്ഞു. അധികം വൈകാതെ അതീവ ഹൃദ്യമായ ഒരു സുഗന്ധം ചുറ്റിലും പരന്നു. തീയിലും 'തളരാത്ത' ആ കായ്കളെ അടുപ്പിൽ നിന്ന് തോണ്ടിയെടുത്ത് അദ്ദേഹം അടുത്ത് ഇരുന്ന ഒരു പാത്രത്തിലെ വെള്ളത്തിലിട്ടു. കാൽഡിയുടെ വിവരണവും പരിസരം നിറയുന്ന സുഗന്ധവും ഇമാമിൻ്റെ ഉള്ളം ഉലച്ചു. ആ വെള്ളം കുടിച്ചു നോക്കാൻ തന്നെ അദ്ദേഹം തീരുമാനിച്ചു. വെള്ളം കുടിച്ച ശേഷം അൽപ സമയത്തിനകം വല്ലാത്ത ഒരു സുഖവും പ്രസരിപ്പും തന്നിൽ നിറയുന്നതായി ഇമാമിന് തോന്നി. അന്നത്തെ പ്രാർത്ഥനാവേളകൾ കൂടുതൽ ഊർജ്വസ്വലമായിരുന്നുവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു ; അങ്ങനെ , മനുഷ്യൻ ആദ്യമായി കാപ്പിയുടെ മണവും ഗുണവും അനുഭവിച്ചു !
' ഈയിടെ, ആന്ധ്രാപ്രദേശിലെ അരാക്കു താഴ്‌വരയിലുള്ള കോഫി മ്യൂസിയത്തിൽ നിന്നാണ് ഈ കഥ ഞാൻ അറിഞ്ഞത് ! ഭക്ഷണശാലകളിൽ വെച്ച് ' കാപ്പിയോ ചായയോ' എന്ന വെയ്റ്ററുടെ
ചോദ്യത്തിന് , മിക്കപ്പോഴും 'കാപ്പി ' എന്ന് ഉത്തരം പറയാറുള്ള എനിക്ക്, ഒരു കപ്പ് കാപ്പിയുടെ പുറകിൽ നീണ്ടു കിടക്കുന്ന ചരിത്രത്തിൻ്റെ പാതയിലേക്ക് വാതിൽ തുറന്നു തന്നത് ആ സന്ദർശനമായിരുന്നു.
ഒരു ആട്ടിടയൻ്റെ കേവല ജിജ്ഞാസയിൽ നിന്ന് തുടങ്ങി , ഇന്ന് ലോകത്തിന് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണപാനീയങ്ങളിൽ ഒന്നായി ,
കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന വൻ വ്യവസായമായി മാറിയ കാപ്പിയുടെ ചരിത്രം, ആധുനിക മനുഷ്യന്റെ വളർച്ചയുടെ ചരിത്രം കൂടിയാണ് ; എത്രയോ വിയർപ്പും ജീവനും ഹോമിച്ച് , മലഞ്ചെരുവുകളിൽ വിളയിച്ചെടുത്ത ഒരു സമൃദ്ധിയുടെ വിജയഗാഥ ! ഇന്ന് , ഇരുപത് ദശലക്ഷത്തിലധികം ജനങ്ങളുടെ ജീവിതോപാധിയായ ഒരു കാർഷിക , വ്യാവസായിക സംരഭത്തിൻ്റെ കഥ.
എത്യോപ്യയിൽ നിന്നും കാപ്പി യെമനിലേക്കും അവിടന്ന് അറേബ്യൻ രാജ്യങ്ങളിലേക്കും പതുക്കെ വ്യാപിച്ചു . വളരെക്കാലം കാപ്പി തങ്ങളുടെ മാത്രം കുത്തകയാക്കി വെക്കാൻ അറേബ്യൻ രാജ്യങ്ങൾക്ക് കഴിഞ്ഞു. പതിമൂന്നാം നൂറ്റാണ്ടോടെ യെമനിലും സമീപ പ്രദേശങ്ങളിലും ' കോഫി ഹൗസുകൾ ' ആരംഭിച്ചു. എങ്കിലും, എ.ഡി.1475 ൽ കോൺസ്റ്റാൻ്റിനോപ്പിളിൽ ആരംഭിച്ച ' കിവാഹാൻ 'എന്ന കോഫി ഹൗസിനെയാണ് ആദ്യത്തെതായി ചരിത്രകാരൻമാർ അംഗീകരിച്ചിരിക്കുന്നത്. പിന്നീട്പണ്ഡിതരുടേയും കലാകാരൻമാരുടേയും സംഗമവേദിയായി കോഫിഹൗസുകൾ മാറി തുടങ്ങി. വാണിജ്യ ചർച്ചകൾക്കൊപ്പം, വിജ്ഞാനം കൈമാറാനുള്ള അരങ്ങുകളും ആയി അവ വളർന്നു.
എ.ഡി.1526 ൽ തുർക്കികൾ ഹംഗറി കീഴടക്കിയതോടെ കാപ്പി യൂറോപ്പിലും സുഗന്ധം പരത്തി! പതിനാറാം നൂറ്റാണ്ടിൻ്റെ പാതിയോടെ വെനീസിൽ കാപ്പി എത്തിപ്പെടാൻ മറ്റൊരു കാരണവും ഉണ്ടായിരുന്നു. ഉത്തര ആഫ്രിക്കൻ രാജ്യങ്ങളുമായി അവർക്കുണ്ടായിരുന്ന വിപുലമായ കച്ചവടബന്ധം ! ഏകദേശം ഇതേ കാലത്താണ് ഈജിപ്തുകാർ കാപ്പി ഉണ്ടാക്കാൻ ഒരു ഉപകരണം കണ്ടുപിടിച്ചത് - അവർ അതിന് 'ഇബ്രിക് 'എന്ന് പേരും നൽകി!
ഇനി നമ്മുടെ നാട്ടിലേക്കുള്ള കാപ്പിയുടെ വരവോ? അൽപം നാടകീയമായി തന്നെയാണ് ആ കടന്നുവരവ് . പതിനേഴാം നൂറ്റാണ്ടിൻ്റെ മദ്ധ്യത്തോടെ , ബാബാ ബുഡാൻ എന്ന സൂഫി വര്യനാണ് കാപ്പിക്കുരു ഇന്ത്യയിലേ ക്ക് ' ഒളിച്ചു ' കടത്തിയത്. ഓർക്കുക ; അക്കാലത്ത് കാപ്പിയുടെ വിത്തുകൾ അറബ് രാജ്യങ്ങൾക്കു പുറത്തു കൊണ്ടു പോകുന്നത് ശിക്ഷാർഹമായിരുന്നു. മെക്കയിൽ ധ്യാനത്തിന് പോയ അദ്ദേഹം യെമനും സന്ദർശിച്ചാണ് മടങ്ങിയത്. കാപ്പിയുടെ ഏഴു വിത്തുകൾ തൻ്റെ നീട്ടി വളർത്തിയ താടിയിലൊളിപ്പിച്ചാണ് ബാബാ ബുഡാൻ സ്വദേശമായ ചിക്കമഗളൂരിൽ മടങ്ങിയെത്തിയത്. ഹൊയ്സാല രാജവംശത്തിലെ സുപ്രസിദ്ധനായ വിഷ്ണുവർദ്ധനൻ തൻ്റെ രണ്ടു പെൺമക്കളിൽ ഇളയവൾക്ക് സ്ത്രീധനമായി നൽകിയ ചിക്ക- മഗൾ - ഊരിലെ മലഞ്ചെരുവിൽ അദ്ദേഹം ആ വിത്തുകൾ മുളപ്പിച്ചു. ഇപ്പോൾ 'ബാബാ ബുഡാൻ ഗിരി' എന്നറിയപ്പെടുന്ന ആ പ്രദേശം ഉൾപ്പെട്ട ചിക്കമഗളൂരും തൊട്ടടുത്ത കുടകുമാണ് കാപ്പിയുടെ ഉൽപ്പാദനത്തിൽ ഇന്ത്യയിൽ മുന്നിട്ടു നിൽക്കുന്നത്! പിന്നീട് നീലഗിരിയിലേക്ക് കാപ്പി കൃഷി വ്യാപിച്ചു.
ബ്രിട്ടീഷുകാരുടെ താല്പര്യത്തിലാണ്
ആന്ധ്രയിലെ അരാക്കുവിൽ കാപ്പി കൃഷി ആരംഭിച്ചത് .1898 ൽ അന്നത്തെ നാട്ടുരാജാക്കന്മാരുടെ പങ്കാളിത്തത്തോടെ ഗോദാവരി ജില്ലയിലെ അരാക്കുവിൽ കാപ്പി കൃഷി തുടങ്ങി. പക്ഷേ, പൂർവഘട്ടത്തിലെ ആദ്യ ഉദ്യമം പരാജയമായിരുന്നു. നീലഗിരിയിൽ നിന്നും എത്തിച്ച വിത്തുകളുമായി രണ്ടാമതും കൃഷി ഇറക്കി അവർ വിജയം കൊയ്തു . അവിടുത്തെ മണ്ണിൻ്റെ മക്കളെ സഹകരിപ്പിച്ച് തികച്ചും ജൈവ മാതൃകയിൽ വളർത്തുന്ന കാപ്പിതോട്ടങ്ങളും അവിടുത്തെ ഉൽപന്നങ്ങളും ഇന്ന് വിശ്വപ്രസിദ്ധമാണ്.
അറബിക്ക , റോബസ്റ്റ എന്നീ രണ്ടു തരം കാപ്പിച്ചെടികളാണ് ഇന്ന്ലോകത്ത് പ്രധാനമായി കൃഷിചെയ്യപ്പെടുന്നത് . അറബിക്ക താരതമ്യേന ഉയർന്ന പ്രദേശങ്ങൾക്കാണ് അനുയോജ്യം. അതിൽ നിന്നുണ്ടാക്കുന്ന കാപ്പിക്കാണ് കൂടുതൽ സ്വീകാര്യത ! കടുപ്പം കുറഞ്ഞ, മനം മയക്കുന്ന നറുമണമുള്ള അറബിക്ക കാപ്പിക്ക് ആഢ്യത്വം കൂടും ; വിലയും . റോബസ്റ്റ കാപ്പിക്ക് കടുപ്പവും മണവും കൂടുതലാണ്. ചിക്കറി ചേർത്താണ് പൊതുവെ റോബസ്റ്റ കാപ്പി വിൽക്കുന്നത്.
കാപ്പി വ്യവസായം എന്ന വൻ കടലിൽ വമ്പൻ സ്രാവുകളും ചെറുമീനുകളും ഒപ്പം നീന്തുന്നുണ്ടെന്നതാണ് കൗതുകകരമായ ഒരു കാര്യം! സ്റ്റാർ ബക്സ്, നെസ്ലേ, യൂനി ലിവർ ,
ടാറ്റ എന്നിവർക്കൊപ്പം തദ്ദേശീയമായ പല ബ്രാൻ്റുകളും അവിടവിടെ സ്ഥാനം പിടിച്ചിരിക്കുന്നു. തമിഴ്നാട്ടിൽ വേ
രോട്ടമുള്ളവയാണ് സേലത്തെ നരസൂസ് കാപ്പിയും കുംഭകോണത്തെ ഡിഗ്രി കാപ്പിയും ! 2026 ൽ ഒരു നൂറ്റാണ്ടിന്റെ പ്രവർത്തന മികവിലേക്ക് കടക്കുകയാണ് നരസൂസ് . കുംഭകോണം ഡിഗ്രി കാപ്പി തനതു ' റീടെയ്ൽ ഔട്ലെറ്റു 'കളുമായി മുന്നേറുന്നു.
1938 ൽ ചിക്കമഗളൂരിൽ സ്ഥാപിതമായ പാണ്ഡുരംഗ കോഫി വർക്സ് കർണ്ണാടകയിലെ മുൻ നിരക്കാരാണ് ! ഒരു കാപ്പിക്ക് നൂറ്റി അമ്പതു രൂപ വരെ വാങ്ങുന്ന കഫേ
കോഫി ഡേ യുടെ വീഴ്ചയും പിന്നീടുണ്ടായ ഉയർച്ചയും അടുത്ത കാലത്ത് ചർച്ചാവിഷയമായതാണ്. ഇവക്കിടയിൽ നമ്മുടെ നാട്ടിലും ഉണ്ട് ഏഴുപതിറ്റാണ്ടുകളുടെ ചരിത്രമുള്ള ഒരു കാപ്പി. 1952 ൽ പാലക്കാട് വലിയങ്ങാടിയിൽ പ്രവർത്തനം ആരംഭിച്ച കൃഷ്ണാ കോഫി വർക്സ് !
ഒരു തലയോട്ടിയും , താഴെ പിണച്ചുവെച്ച രണ്ട് എല്ലുകളും _ അതെ ; നമുക്കു സുപരിചിതമായ അപായ സൂചന തന്നെ! ആ ചിത്രം വെച്ചും ഒരു കാപ്പിയുണ്ട് ; അങ്ങ് അമേരിക്കയിലാണെന്നു മാത്രം! പേരാണെങ്കിൽ അതിലും ഗംഭീരം - ' ഡെത്ത് വിഷ് '! നിലവിൽ
ലോകത്ത് ഏറ്റവും കടുപ്പം കൂടിയ കാപ്പിയാണത്രെ ' ഡെത്ത് വിഷ് '. ഇപ്പോൾ നമ്മൾ ജീവിക്കുന്നത് കാപ്പിയുടെ 'മൂന്നാം തരംഗ'(third wave of coffee) ത്തിൽ ആണെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. ഒന്നാം തരംഗത്തിൽ നമ്മൾ കാപ്പിയെ ഉന്മേഷദായകമായ വെറുമൊരു പാനീയമായി കണ്ട് കുടിച്ചു. രണ്ടാം തരംഗം കാപ്പി വിളയിക്കുന്ന രാജ്യങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ടായിരുന്നത്രെ! മൂന്നാം തരംഗത്തിൽ കുറച്ചുകൂടി സൂക്ഷ്മതലത്തി
ലേക്കിറങ്ങി , കാപ്പിത്തോട്ടങ്ങൾ വരെ ആധാരമാക്കിയാണ് വിപണന തന്ത്രങ്ങൾ മെനയുന്നത് .
ഇനി, ഏറ്റവും വിലയേറിയ കാപ്പി ഏതാണെന്നറിയാമോ? ഇന്തോനേഷ്യയിൽ ' ഉൽപ്പാദിപ്പിക്കുന്ന ' കോപ്പി ലുവാക്ക് ! എന്താണ് അതിൻ്റെ സവിശേഷത എന്നല്ലെ? ഇന്തോനേഷ്യൻ കാടുകളിൽ കാണുന്ന ഒരു തരം വെരുക് കാപ്പിച്ചെടിയുടെ നല്ല പഴങ്ങൾ തിരഞ്ഞെടുത്ത് ഭക്ഷിക്കുന്നു. അവയുടെ ദഹനേന്ദ്രിയ വ്യവസ്ഥയിലൂടെ കടന്ന് , വിസർജ്യത്തിലൂടെ പുറത്തുവരുന്ന ദഹിക്കാത്ത കുരുക്കളെ ശേഖരിച്ച് സംസ്കരിക്കുന്നു. അതിൽ നിന്ന് ഉണ്ടാക്കുന്ന കാപ്പി പൊടി ഗുണത്തിലും മണത്തിലും ശ്രേഷ്ഠമാവുന്നു ; ലോകോത്തരമാവുന്നു. മൂക്കത്ത് വിരൽ വെക്കാൻ വരട്ടെ ! കിലോയ്ക്ക് , 350 യു എസ് ഡോളർ മുതൽ 1300 യു എസ്ഡോളർ വരെ വിലയുണ്ട് കോപ്പി ലുവാക്കിന് ! വെരുക് കൂട്ടിലാക്കപ്പെട്ടതാണോ അതോ വനത്തിൽ സ്വാഭാവിക പരിസ്ഥിതിയിൽ വളരുന്നതാണോ എന്നതാണ് വിലയിലെ ഏറ്റക്കുറച്ചിലിൻ്റെ അടിസ്ഥാനം . തായം കളിക്കാൻ പനങ്കുരു തേടി കുറുക്കൻ്റെ കാഷ്ഠം ചികഞ്ഞിരുന്ന ഒരു ബാല്യം ഓർമയില്ലേ? ഭാഗ്യമോ , നിർഭാഗ്യമോ ; നമ്മുടെ താല്പര്യങ്ങൾ തായം കളത്തിൻ്റെ അതിരുകളിൽ ഒതുങ്ങി നിന്നു.
മുന്നിലിരിക്കുന്ന കപ്പിലെ ചൂടുള്ള പാലിൻ്റെ ഒത്ത നടുവിൽ, പാലാഴിയിലെ മന്ഥര പർവതം കണക്കേ പൊങ്ങിക്കിടക്കുന്ന കാപ്പി പൊടി ചെറിയ സ്പൂൺ കൊണ്ട് ഇളക്കി യോജിപ്പിക്കുമ്പോൾ - ഉയർന്നു വരുന്ന സുഗന്ധം പാതിയടഞ്ഞ മിഴികളോടെ ആസ്വദിക്കുമ്പോൾ - ഓർക്കുക ; ആ കപ്പിനും നിങ്ങളുടെ ചുണ്ടിനുമിടയിൽ ചരിത്രത്തിൻ്റെ എത്രയോ കാതങ്ങൾ ദൂരമുണ്ടെന്ന് !!!
Comments
Post a Comment