അക്കാലത്ത് അറബിക്കടൽ ചോരയാൽ ചുവന്നിരുന്നു
ആദ്യം കാഴ്ചയിൽ വരുന്നത് സാമാന്യം വലിയ ഒരു കിടങ്ങും അതിൻ്റ
അരികിൽ നിന്ന് കെട്ടിപ്പൊക്കിയ കനത്ത കോട്ട മതിലുമാണ്. ഇരുണ്ട് കറുത്ത നിറമാണെങ്കിലും അടുത്തു ചെന്നാൽ അറിയാം വടക്കേമലബാറിൻ്റെ സവിശേഷതയായ ചെങ്കല്ലുകൊണ്ടാണ് നിർമിതി എന്ന്. നാലഞ്ചാൾ പൊക്കവും രണ്ടു മീറ്ററോളം വീതിയും ഉള്ള മതിലിൽ താരതമ്യേന ചെറിയ ഒരു പ്രവേശനദ്വാരം - മുകളിൽ വടിവൊത്ത അക്ഷരങ്ങളിൽ എഴുതിയിട്ടുണ്ട് FORT SAINT ANGELO എന്ന് ; അതെ , 'കണ്ണൂർ കോട്ട ' തന്നെ!
കൂർപ്പിച്ച ഇരുമ്പുമുകുളങ്ങൾ പതിച്ച
കോട്ട വാതിലുകൾ - ആനകൾക്കും ഇടിച്ചു തകർക്കാൻ പറ്റരുതല്ലോ .അകത്തുകടന്നാൽ പല തട്ടുകളായി കിടക്കുന്ന വിശാലമായ മുറ്റങ്ങൾ! അങ്ങിങ്ങായി ഓരോ കെട്ടിടങ്ങൾ - മിക്കതും പഴക്കം ചെന്ന്ജീർണിച്ചവ. ചെരിഞ്ഞ പാതയിലൂടെകയറിയാൽമതിലിൻ്റെഅരികുചേർന്നുണ്ടാക്കിയ നടപ്പാതയിലെത്താം . കയറിയ ഉടനെഒരുശിലാഫലകംമതിലിനോട്ചേർത്തുവെച്ചിരിക്കുന്നു. ഫലകത്തിൽ മുകൾ ഭാഗത്തായി ഒരു തലയോട്ടിക്കു താഴെ പിണച്ചു വെ
ച്ച അസ്ഥികളുടെ ചിത്രം. അതിനു താഴെ ഡച്ചു ഭാഷയിൽ ചില വിവരണങ്ങൾ ! ഡച്ചു ഗവർണറായിരുന്ന ഗോഡ് ഫ്രീഡ് വെയർമാൻ്റെ പത്നി സൂസന്ന വെയർമാൻ്റെ ശവക്കല്ലറയിലെ ഫലകമാണ്.1745 മാർച്ച് 28 ന് അന്തരിച്ച സൂസന്നക്ക് മരിക്കുമ്പോൾ പ്രായം 17 വയസ്സും 7 മാസവും 16 ദിവസവും ! ഗർഭിണിയായിരുന്ന സൂസന്നയുടെ മരണ കാരണം ഉദരത്തിലെ കുഞ്ഞിൻ്റെ മരണമാണത്രെ! ശൈശവ വിവാഹങ്ങൾയൂറോപ്പിലുംസാധാരണമായിരുന്നുവോ? വേറെ രണ്ടു കുഞ്ഞുങ്ങളെ കൂടി അടക്കം ചെയ്തതായി അതിൽഎഴുതിയിട്ടുണ്ട്. കാലം ഏറെ കഴിഞ്ഞു എങ്കിലും മനസ്സിന്എ ന്തോ ഒരു അസ്വസ്ഥത .
ഞാൻ മുമ്പോട്ടു നടന്നു. ഇപ്പോൾ വെ
യിൽ ചെരിഞ്ഞ് മുഖത്താണ് വീഴുന്നത്. നേരെ നോക്കാൻ വയ്യ . നവസാരം ചേർത്ത് ഈയം പൂശി, വെയിലത്തിട്ട പാത്രം കണക്കെ വെട്ടിത്തിളങ്ങുന്ന അറബിക്കടൽ തൊട്ടു മുന്നിൽ, നാൽപത് അടി താഴെ! മതിൽ ഇടത്തോട്ട് ചെരിഞ്ഞിറങ്ങുന്നത് കാഴ്ചക്ക് സഹായകമായി . എത്ര കണ്ടാലും മടുക്കാത്ത നീലക്കടൽ ഇപ്പോൾ വലതുവശത്താണ് . മാത്രമല്ല ഏകദേശം ത്രികോണ ആകൃതിയിലുള്ള കോട്ടയുടെ മുകളിൽ നിന്ന് വേറെ ദിശകളിൽ നോക്കിയാലും ജല സമൃദ്ധി ആസ്വദിക്കാം. ദൂരെ , താഴെ കൽക്കെട്ടുകളിൽ വിന്നിടിച്ച് പൊട്ടിച്ചിതറുന്ന തിരകൾ - ഒന്നിനു പിറകെ മറ്റൊന്ന് ! നീണ്ട അഞ്ഞൂറ്റി ഇരുപതു വർഷങ്ങളായി മുടങ്ങാതെ തുടരുന്ന ഈ കളി കണ്ടിട്ടും കണ്ടിട്ടും മതി വരാതെ സഞ്ചാരികൾ . കടലിൻ്റെ അങ്ങേ അറ്റത്ത് തൂക്കിയിട്ട നരച്ച തിരശ്ശീലയായി ആകാശം ! വിയർപ്പു പൊടിയുന്ന ശരീരത്തിൽ കടൽ കാറ്റിന്റെ കുളിർമ ഏറ്റുവാങ്ങി മതിലിൽ ചാരി ഞാൻ നിന്നു. അറബിക്കടലിൻ്റെ പശ്ചാത്തലത്തിൽ മനസ്സിൻ്റെ തിരശ്ശീലയിൽ കഴിഞ്ഞ കാലം തെളിയുകയാണ് - ചലച്ചിത്രം പോലെ !
ഈ കോലത്തു നാടിന് തെക്ക് സാമൂതിരിയുടെ കോഴിക്കോട് ; അതിനും തെക്ക് , കൊച്ചി രാജ്യം എന്നറിയപെ
ടുന്ന പെരുമ്പടപ്പ് സ്വരൂപം . മലബാർ തീരത്തെ മൂന്നു കൊച്ചു രാജ്യങ്ങൾ . ചേരമാൻ പെരുമാളുടെ 'തിരോധാനത്തെ 'തുടർന്ന് അവിടവിടെ മുളച്ചു പൊന്തിയ സ്വയം ഭരണ പ്രദേശങ്ങൾ. അവർ തമ്മിൽ ' നല്ല ' ബന്ധവും ! കൂട്ടത്തിൽ ശക്തൻ സാമൂതിരിയായിരുന്നു. അതുകൊണ്ടുതന്നെ മറ്റു രണ്ടു പേരും സാമൂതിരിയുടെ ആക്രമണം എപ്പോൾ വേണമെങ്കിലും ഉണ്ടാവാമെന്ന് ഭയന്നാണ് കഴിഞ്ഞിരുന്നത്. സുഗന്ധ ദ്രവ്യങ്ങളുടെ വ്യാപാരമാണല്ലൊ മലബാർ തീരത്തിനെ ലോക പ്രസിദ്ധമാക്കിയത്! ആ വ്യാപാര രംഗത്തും സാമൂതിരിയായിരുന്നു മുൻപന്തിയിൽ . കേ
രളതീരത്തെ വ്യാപാരം മുഴുവൻ നിയന്ത്രിച്ചത് അദ്ദേഹമായിരുന്നു. ഈജിപ്തുകാരും, തുർക്കികളും , അറബികളും പ്രധാനമായും കച്ചവടത്തിൽഏർപ്പെട്ടത്കോഴിക്കോടുമായിട്ടായിരുന്നു. ഈ തീരത്ത് തൻ്റെ മേൽ കോയ്മ നിലനിർത്താൻ നല്ലൊരു കപ്പൽപടയും സാമൂതിരി സജ്ജമാക്കിയിരുന്നു. നേരിട്ട് ഏറ്റുമുട്ടാൻ ശേഷിയില്ലാതിരുന്ന കൊച്ചിയും കോലത്തുനാടും സാമൂതിരിയുടെ ഔദ്ധത്യം അംഗീകരിച്ച് അടങ്ങിയിരുന്നു . മറ്റാരും മത്സരത്തിനില്ലാത്തതു കൊണ്ട് അറബികളും മലബാർ തീരത്തെ കച്ചവടം തങ്ങളുടെ കുത്തകയായി കണ്ട് സന്തോഷിച്ചു. തിരിച്ചു പോകാൻ കാറ്റ് അനുകൂലമല്ലാത്ത രണ്ടോ മൂന്നോ മാസങ്ങൾ മലബാറിൽ കഴിച്ചു കൂട്ടാൻ അവർ ഇവിടെ വിവാഹ ബന്ധങ്ങളിൽ വരെ ഏർപ്പെട്ടു - കാറ്റ് മാറി വീശിയാൽ തീരുന്ന ബന്ധങ്ങൾ ! (ചരിത്രം ഹ്രസ്വ ദാമ്പത്യങ്ങളുടെ നെടുവീർപ്പുകൾ ചികയാറില്ലല്ലോ.) എന്തായാലും മൽസരങ്ങൾ ഒഴിഞ്ഞ അറബിക്കടൽ അക്കാലത്ത്
വളരെ ശാന്തമായിരുന്നു . ആ ശാന്തതയിലേക്കാണ് ക്രി.വ.1498 മെ
യ് ഇരുപതാം തിയ്യതി വാസ്കോ ഡ ഗാമ എന്ന
പോർച്ചുഗീസുകാരൻ തൻ്റെ 'സാവോ ഗബ്രിയേൽ 'എന്ന കപ്പലിൻ്റെ നങ്കൂരമിട്ടത് ! പിന്നീടുള്ള ഏകദേശം ഒരു നൂറ്റാണ്ട് കാലം അറബിക്കടൽ'ശാന്തത'എന്താണെന്നറിഞ്ഞിട്ടില്ല!
തലപ്പന നമ്പൂതിരിയുടെ നേതൃത്വത്തിൽ മുവ്വായിരം നായന്മാരെ അയച്ച് വരവേറ്റ വാസ്കോ ഡ ഗാമയുടെ കാഴ്ചദ്രവ്യങ്ങളിലൂടെ സാമൂതിരി കണ്ണോടിച്ചു -- പരുത്തി തുണിയുടെ ഏതാനും കെട്ടുകൾ, ആറു തൊപ്പികൾ, നാലു പവിഴ മാലകൾ, ഒരു പെട്ടി പഞ്ചസാര, രണ്ടു വീപ്പ എണ്ണ , ഒരു വീപ്പ തേൻ , കുറച്ചു പിത്തള പാത്രങ്ങൾ -- പറങ്കികൾ പുറം കടലിൽ നങ്കൂരമിട്ടതറിഞ്ഞ് രണ്ടാം തലസ്ഥാനമായ
പൊന്നാനിയിലെ തൃക്കാവിൽ കൊട്ടാരത്തിൽ നിന്ന് ധൃതിപിടിച്ച് എഴുന്നള്ളിയതാണ് രാജാവ്.
അറബിപ്പൊന്നും വെള്ളിയും കണ്ടുശീലിച്ച കണ്ണുകളിൽ അവജ്ഞ പടർന്നു .
" ഇയാൾ പോർച്ചുഗീസ് രാജാവിന്റെ
പ്രതിനിധിയൊന്നുമല്ല ; ഏതോ കടൽ കൊള്ളക്കാരനാണ് " - സദസ്യർ അടക്കം പറഞ്ഞത് സാമൂതിരിയുടെ ചെവിയിലും എത്തി. ഗാമയെ പുറത്താക്കാൻ അദ്ദേഹം ഉത്തരവിട്ടു . കോഴിക്കോട്ടെത്താൻ താൻ പെട്ട പാട് ഗാമ സാമൂതിരിയെ ധരിപ്പിച്ചു. രാജാവ് വഴങ്ങിയില്ല.പോർച്ചുഗീസ് രാജാവിൻ്റെ സാക്ഷ്യപത്രവും സാമൂതിരി അവഗണിച്ചു . ഗാമയുമായി യാതൊരു കച്ചവട ഉടമ്പടിക്കും അദ്ദേഹം തയ്യാറായില്ല. തങ്ങളുടെ കുത്തകക്ക്
കോട്ടം തട്ടുമെന്ന അറബികളുടെ
ഭയവും രാജാവിനെ സ്വാധീനിച്ചിരിക്കണം . നൂറ്റാണ്ടുകളായി അറബികളുമായി ഉണ്ടാക്കിയ സൗഹൃദം പെട്ടെന്ന് വേണ്ടെന്നു വെച്ച് , മുൻപരിചയമില്ലാത്ത പറങ്കികളെ
' പുണരാൻ ' സാമൂതിരി മടിച്ചു. യൂറോപ്പിൽ നിന്നും തെക്കോട്ടു യാത്ര ചെയ്ത് , കടലിനോട് മല്ലിട്ട്, ഒട്ടേറെ കഷ്ടനഷ്ടങ്ങൾ സഹിച്ച് , ആഫ്രിക്കയുടെ തെക്കേ തീരം ചുറ്റി മലബാർ തീരത്തെത്തി ചരിത്രം കുറിച്ച നാവികൻ കടുത്ത അമർഷത്തോടെയാണ് സാമൂതിരിയുടെ നാട്ടിൽ നിന്ന് പിൻവാങ്ങിയത്. തനിക്കു വഴങ്ങാത്ത സാമൂതിരിയെ പാഠം പഠിപ്പിക്കാൻ തീരുമാനിച്ച ഗാമ
പോകുന്ന വഴിക്ക് ആറു നായൻമാരെയും പതിനാലു മുക്കുവരെയും ബന്ദികളാക്കി കപ്പലിൽ കയറ്റി കൊണ്ടു പോയി!
മൺസൂൺവാതങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുപോലും വക വെ
ക്കാതെ ക്രുദ്ധനായാണ് ഗാമ മടങ്ങിയത്.
എല്ലാ കണക്കുകളും തീർക്കാൻ മലബാർ തീരത്തേക്ക് ഒരു വരവും കൂടി അന്നേ ഗാമ മനസ്സിൽ കണ്ടിരുന്നുവോ ആവോ? സംഭവബഹുലമായ ആ വരവിനെപറ്റി വഴിയെ പറയാം. ഏതായാലും തിരിച്ചു പോക്കിനു മുമ്പ് , മറ്റു ചിലരുമായി സൗഹൃദങ്ങളും കച്ചവട ഉടമ്പടികളും ഉണ്ടാക്കാൻ അദ്ദേഹം ശ്രദ്ധിച്ചു -- സാമൂതിരയുമായി നല്ല ബന്ധമില്ലാതിരുന്ന
കൊച്ചിയും കോലത്തുനാടുമായി --
'ശത്രുവിൻ്റെ ശത്രു മിത്രം ' എന്നതാണല്ലോ രാജനീതിയുടെ അടിസ്ഥാന ശില ! സാമൂതിരിയുടെ അപ്രമാദിത്വം അവസാനിപ്പിക്കാൻ കൊച്ചിയും , കോലത്തുനാടും പോർചുഗീസുകാരുമായി സൗഹൃദം സ്ഥാപിച്ചു. ആ ധാരണ പിന്നീട് വന്ന
പോർചുഗീസുകാർക്ക് വളരെ സഹായകമായി. പക്ഷേ ആ സൗഹൃദം പോർചുഗീസുകാരും സാമൂതിരിയുമായി ഉള്ള നിരന്തര സംഘർഷങ്ങളിലേക്ക് വഴി വെച്ചു .
കണ്ടുപിടുത്തങ്ങളുടെ കാലഘട്ടമെ
ന്നാണ് പതിനഞ്ചും പതിനാറും നൂറ്റാണ്ടുകൾ അറിയപ്പെടുന്നത്. യൂറോപ്പിൻ്റെ തെക്കു പടിഞ്ഞാറെ മൂലയിൽ സ്ഥിതിചെയ്യുന്ന സ്പെയിൻ , പോർച്ചുഗൽ എന്നീ രാജ്യങ്ങൾ ഏഷ്യയിലേക്ക് പുതിയ കടൽ വഴികൾ കണ്ടെത്തുന്നതിൽ കടുത്ത മത്സരത്തിലായിരുന്നു അക്കാലത്ത് ! ഈജിപ്തിൻ്റെയും, അറബികളുടെയും പ്രതിരോധം കാരണം മെഡിറ്ററേനിയൻ കടൽ കടന്ന് അറേബ്യ വഴിയുള്ള വ്യാപാരം അവർക്ക് അസാധ്യമായിരുന്നു. ആ പ്രതിസന്ധി കാലഘട്ടത്തിലാണ് വാസ്കോ ഡ ഗാമ തീർത്തും കടൽ വഴി സഞ്ചരിച്ച്
കോഴിക്കോട്ട് എത്തുന്നത്.! യൂറോപ്പിൽ നിന്നും അത് ലാൻ്റിക് സമുദ്രം വഴി തെക്കോട്ടു സഞ്ചരിച്ച് ,ആഫ്രിക്കയുടെ തെക്കേ മുനമ്പു ചുറ്റി ഇന്ത്യാസമുദ്രം കടന്ന് , അറബി കടലിലൂടെ കോഴിക്കോട്ടെത്തിയ വാസ്കോ ഡ ഗാമ , പറങ്കികൾക്ക് തുറന്നു കൊടുത്തത്
യൂറോപ്പും കിഴക്കെ ഏഷ്യയും തമ്മിലുള്ള ഒരു കടൽ മാർഗം മാത്രമല്ല ; കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ അപാര സാധ്യതകളും , അതുവഴി , സ്പെയിനിൻ്റെ അരികിൽ ഒട്ടിച്ചുവെച്ചപോലെ കിടക്കുന്ന കൊച്ചു രാജ്യത്തിന് സാധാരണ നിലയിൽ സ്വപ്നം കാണാൻ പോലും ആവാത്ത ഒരു സാമ്രാജ്യ രൂപീകരണ മോഹവും കൂടി ആയിരുന്നു ! '
'രണ്ടു മഹാസമുദ്രങ്ങൾ - അറ്റ്ലാൻ്റി ക്കും , ഇന്ത്യാ സമുദ്രവും - 'കണ്ടുമുട്ടുന്ന ' ആഫ്രിക്കയുടെ തെക്കേ മുനമ്പ് നാവികർക്ക് പേടി സ്വപ്നമാണ്. കാറ്റും കോളും നിറഞ്ഞ ആ പ്രദേശം കടക്കുന്നത് തികച്ചും ദുഷ്കരമാണ്. കാറ്റിൻ്റെ ഗതിക്കനുസരിച്ച് നീങ്ങുന്ന പായ്കപ്പലുകൾ മാത്രമായിരുന്നു അന്ന് ഉണ്ടായിരുന്നതെന്ന് ഓർക്കണം.ചരിത്രത്തിൽ ആദ്യമായി,1488ൽആഫ്രിക്കയുടെതെക്കേമുനമ്പുചുറ്റിയപോർചുഗീസുകാരൻ, ബാർത്തോ ലൂമിയോ ഡയാസ് ആ പ്രദേശത്തിന് 'കൊടുങ്കാറ്റുകളുടെ മുനമ്പ് 'എന്ന അർത്ഥം വരുന്ന " cabo das tormentos " എന്നായിരുന്നു പേരു നൽകിയത്.
പിന്നീട് , കച്ചവടസാദ്ധ്യതകളിൽ മനം മയങ്ങിയ , പോർച്ചുഗലിൻ്റെ സാമ്രാജ്യം സ്വപ്നംകണ്ട ജോൺ രണ്ടാമൻ രാജാവാണ് അത് ' പ്രത്യാശയുടെ മുനമ്പ് ' (cabo das boa esperanca - cape of good hope) ആണെന്ന് പ്രഖ്യാപിച്ചത് !മറ്റു യൂറോപ്പ്യൻ രാജ്യങ്ങൾക്ക് കിട്ടാതിരുന്ന ഈ അസുലഭ അവസരം മുതലാക്കാൻ പോർച്ചുഗലിലെ രാജാക്കൻമാരും ഏഷ്യയിൽ ക്രിസ്തുമതം പ്രചരിപ്പിക്കാൻ സന്ദർഭം കാത്തു നിന്ന കത്തോലിക്കാ സഭാ നേതൃത്വവും കൈ കോർത്തു . അവർ നാവികരെ കണ്ടെത്തി
ചെല്ലും ചെലവും, ഉയർന്ന പദവികളും
കൊടുത്ത് കപ്പൽ വ്യൂഹങ്ങളെ ഒന്നിനു പിറകെ ഒന്നായി മലബാർ തീരത്തേക്ക്അയച്ചു കൊണ്ടിരുന്നു -- പതിമൂന്ന് തവണ ! ധനവും സ്ഥാനമാനങ്ങളും മോഹിച്ച് കടലിലേക്ക് എടുത്ത ചാടിയ പലരും -- വാസ്കോ ഡ ഗാമയടക്കം -- നാവിക രംഗത്ത് മുമ്പ് കഴിവുതെളിയിച്ചവർ അല്ലായിരുന്നു എന്നതാണ് വസ്തുത. രാജാവിൻ്റെയും സഭയുടെയും പ്രീതിക്ക് പാത്രീഭവിച്ചവർക്കായിരുന്നു ഇത്തരം യാത്രകളിൽ നേതൃത്വത്തിന് അവസരം കിട്ടിയിരുന്നത് ! എന്തിന് , ഈ രംഗത്തെ പ്രഗത്ഭനായ ബാർത്തോ ലൂമിയോ ഡയസിനു വരെ വെറുമൊരു നാവികനായി രണ്ടാം പോർച്ചുഗീസ് കപ്പൽപടയുടെ നായകനായ പെ
ഡ്രോ അൽവാരിസ് കെബ്രാളിൻ്റെ കൂടെ പ്രവർത്തിക്കേണ്ടി വന്നു.
1500 സെപ്തംബർ 13 ന്
കോഴിക്കോട്ടെത്തിയ കെബ്രാളിന് സാമൂതിരിയുമായി ചില കച്ചവട ധാരണകൾ ഉണ്ടാക്കാൻ കഴിഞ്ഞു. പാണ്ടികശാല കെ
ട്ടാൻ അനുവാദവും കിട്ടി. ഡിസംബറിലാണ് അപകടം മണത്ത അറബികളും , തുർക്കികളും ചേർന്ന് പോർച്ചുഗീസുകാരെ ആക്രമിച്ചത്. അമ്പതോളംപോർച്ചുഗീസുകാർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു . പാണ്ടികശാലക്കും കേടുപാടുകൾ പറ്റി. ആക്രമണത്തിൽ ഹിന്ദുക്കളും ഉണ്ടായിരുന്നത്
ക്രെബ്രാളിന് പ്രകോപനമായി. ധാരണ ലംഘിച്ച് സാമൂതിരി തങ്ങളെ ചതിച്ചു എന്ന് കെബ്രാൾ വിശ്വസിച്ചു. തിരിച്ചടി ഭയാനകമായിരുന്നു ! അറുന്നൂറ് അറബി യോദ്ധാക്കളാണ് കൊല്ലപ്പെട്ടത് . നിരവധി കപ്പലുകളും തകർക്കപ്പെട്ടു. ഒരു ദിവസം മുഴുവൻ പോർച്ചുഗീസ് പീരങ്കികൾ കോഴിക്കോട്ടു നഗരത്തിനു നേരെ തീ തുപ്പി.
കടൽ യുദ്ധ ചരിത്രത്തിൽ നാഴിക കല്ലായി മാറിയ ഒന്നാം കണ്ണൂർ യുദ്ധം ക്രി.വ.1501 - 1502 കാലത്താണ് നടന്നത്. എങ്കിലും അത് രണ്ടു കൊല്ലം നീണ്ടു നിന്നതായി ധരിക്കേണ്ട. 1501 ഡിസംബർ 31 ന് ആരംഭിച്ച് 1502 ജനുവരി രണ്ടിന് യുദ്ധം അവസാനിച്ചു. ജാവോ ഡ നോവ യുടെ നേതൃത്വത്തിലുള്ള പോർച്ചുഗീസുകാരുടെ മൂന്നാം കപ്പൽ പടയെ സാമുതിരിയും സുഹൃത്തുക്കളും ചേർന്ന് തടയുകയായിരുന്നു -
കാലാകാലങ്ങളായി നിലനിൽക്കുന്ന
അവരുടെ വ്യാപാരങ്ങൾക്ക് പ്രതിബന്ധം സൃഷ്ടിക്കുന്നു എന്ന പേരിൽ. എണ്ണത്തിൽ
യോദ്ധാക്കളും പട കപ്പലുകളും വളരെ കൂടുതലായിരുന്നുവെങ്കിലും സാമൂതിരിയുടെ
പടയെ പോർച്ചുഗീസുകാർ പുതിയ യുദ്ധ തന്ത്രങ്ങളിലൂടെ നിഷ്പ്രയാസം കീഴടക്കി. കപ്പലുകളെ ഒന്നിനൊന്നോട് എതിരിടുന്നതിനു പകരം' സംഘമായി ചേർന്നു നിന്ന് ഒപ്പം ആക്രമിച്ചു മുന്നേറുന്ന 'ലൈൻ ഓഫ് ബാറ്റിൽ ' എന്ന രീതി പിന്നീട് കടൽ യുദ്ധങ്ങളിൽ സാധാരണമായി.
വാസ്കോ ഡ ഗാമ യുടെ രണ്ടാം വരവിനെ പറ്റി മുമ്പ് സൂചിപ്പിച്ചുവല്ലോ! 1502 ൽ ഗോവയിലാണ് ഗാമ രണ്ടാമതായി കപ്പലിറങ്ങിയത്. പിൽക്കാലത്ത്
പോർച്ചുഗീസ് ശക്തിയുടെ കേന്ദ്രമായി മാറിയത് ഗോവ ആയിരുന്നു. അവിടന്ന് ഗാമ കണ്ണൂരിൽ വന്നു . അവിടെ കോഴിക്കോട്ടു നിന്നും വരുന്ന അറബികളുടെ കപ്പൽ കാത്തുകിടന്നു. വന്നെത്തിയ കപ്പലിൽ സുഗന്ധ വ്യഞ്ജനങ്ങൾക്കു പുറമെ കുട്ടികളും സ്ത്രീകളും അടങ്ങുന്ന നാനൂറോളം പേർ തീർത്ഥാടകരായി ഉണ്ടായിരുന്നു. കപ്പൽ പിടിച്ചെടുത്ത ഗാമ അതിലെ ചരക്കുകൾ കയ്യടക്കി . യാത്രികരെ കപ്പലിൽ തന്നെ പൂട്ടിയിട്ട് അതിനു തീ വെച്ചു. കുട്ടികളെയുമെടുത്ത് സ്ത്രീകൾ ഗാമക്കുമുന്നിൽ ജീവനു വേണ്ടി യാചിച്ചതിൻ്റെ വിവരണം ഗാമയുടെ കപ്പൽ വ്യൂഹത്തിൻ്റെ നാൾവഴിഎഴുത്തുകാരൻരേഖപ്പെടുത്തിയിട്ടുണ്ട് . കോഴിക്കോട്ടെത്തിയ ഗാമ തലപ്പന നമ്പൂതിരി
അടങ്ങുന്ന സാമൂതിരിയുടെ ദൂതരെ ചെ
വികളും ചുണ്ടുകളും അറുത്താണ് തിരിച്ചു വിട്ടത്.
1504 ൽ അറേബ്യയിലേക്ക് ചരക്ക് നിറച്ച് പോകുന്ന സാമൂതിരിയുടെ നിരവധി കപ്പലുകളെ പോർച്ചുഗീസുകാർ ആക്രമിച്ച് തകർത്തു. ഈ സംഘർഷങ്ങളുടെ വിവരങ്ങൾ
പോർച്ചുഗലിലെ മാനുവൽ ഒന്നാമൻ രാജാവിനെ അസ്വസ്ഥനാക്കി.
സംഘർഷങ്ങളേക്കാൾ നയതന്ത്രമാണ് രാജാവ് പ്രതീക്ഷിച്ചിരുന്നത് .
ക്രി. വ .1505 , മാർച്ചിൽ എസ്റ്റാഡോ ഡ ഇൻഡ്യ ( ഇന്ത്യൻ സ്റ്റേറ്റ് ) യുടെ ആദ്യ ഗവർണറും വൈസ്രോയിയുമായി ഫ്രാൻസിസ്കോ ഡി അൽമേഡ യെ നിയമിക്കുമ്പോൾ മാനുവൽ ഒന്നാമൻ രാജാവ് ഒരു കാര്യം പ്രത്യേകം ഓർമിപ്പിച്ചു. മലബാർ തീരത്തെ സുഗന്ധവ്യഞ്ജന വ്യാപാരത്തിൻ്റെ അറബി കുത്തക അവസാനിപ്പിക്കാനും അതിൽ പറങ്കികൾക്ക് അദ്വിതീയമായ സ്ഥാനം നേടാനും അവിടവിടെയായി നാലു കോട്ടകൾ പണിയണം - മംഗലാപുരത്തിനടുത്ത അഞ്ചെദിവോ ദ്വീപ് , കണ്ണൂർ , കൊച്ചി , കൊല്ലം.
ക്രി.വ1505 , മാർച്ച് 25 ന് സാവോ റഫേൽ എന്ന കപ്പലിൻ്റെ നേതൃത്വത്തിൽ (flag ship)ആകെ ഇരുപത്തിരണ്ടു കപ്പലുകളും ആയിരത്തഞ്ഞൂറ് സംഘാംഗങ്ങളുമായി ലിസ്ബണിൽ നിന്ന് പുറപ്പെട്ട ഫ്രാൻസിസ്കോ ഡി അൽമേഡ സെപ്തംബർ 13 ന് അഞ്ചെ ദിവോ ദ്വീപിലെത്തി. അവിടെ കോട്ട പണിയാനുള്ള ഏർപ്പാടുകൾ ചെയ്തു. മുമ്പ്
വാസ്കോ ഡ ഗാമയും അതിനു ശേഷം വന്ന പെഡ്രോ അൽവാരിസ് കബ്രാളും കോലത്തിരിയുമായും കൊച്ചിരാജാവുമായും അത്യാവശ്യം നല്ല കച്ചവട ബന്ധങ്ങൾ സ്ഥാപിച്ചിരുന്നു എന്നത് അൽമേഡക്ക് കാര്യങ്ങൾ എളുപ്പമാക്കി.
1505 ഒക്ടോബർ 23 ന് അൽമേഡ കണ്ണൂരിൽ എത്തി. കോട്ട പണിയാനുള്ള സമ്മതം കോലത്തിരിയിൽ നിന്ന് വളര വേഗം നേടിയെടു ത്തു. പാണ്ടികശാലക്കായി നേരത്തെ ലഭിച്ച , അറബിക്കടലിലേക്ക് തള്ളിനിൽക്കുന്ന സ്ഥലത്തു തന്നെ കോട്ടയുടെ നിർമാണവും തുടങ്ങി. ആദ്യം മരം
കൊണ്ടാണ് താൽകാലികമായികോട്ട പണിതത്. ലോറൻസോ ഡി ബ്രിട്ടോ യുടെ നേതൃത്വത്തിൽ നൂറ്റി അമ്പതു
പോർച്ചുഗീസു ജീവനക്കാരെയും രണ്ടു കപ്പലുകളെയും കണ്ണൂരിൽ നിർത്തി അൽമേഡ തൻ്റെ ദൗത്യം പൂർത്തിയാക്കാൻ കൊച്ചിക്ക് തിരിച്ചു. ഒക്ടോബർ 31 ന് കൊച്ചിയിലെത്തി. അവിടെ വെച്ചാണ് അദ്ദേഹം അറിഞ്ഞത് , കൊല്ലത്ത് കച്ചവടത്തിനായി നിന്നിരുന്ന ഏതാനും പോർച്ചുഗീസുകാർ എതിരാളികളാൽ കൊല്ലപ്പെട്ടു എന്ന് . പകരം വീട്ടാൻ അദ്ദേഹം തിരഞ്ഞെടുത്തത്ത്തൻ്റെസംഘത്തിലുണ്ടായിരുന്ന സ്വന്തം മകനായ ലോറൻസോ ഡി അൽമേഡയെയാണ്. ഫ്രാൻസിസ് കോ യുടെ ഏക മകനായിരുന്നു ലോറൻസോ ! എട്ടുകപ്പലുകളുമായി കൊല്ലത്തേക്കു പോയ ലോറൻസോ അവിടെ വലിയ നാശമാണ് വിതച്ചത്. സാമൂതിരിയുടെ ഉടമസ്ഥതയിലുള്ള ഇരുപത്തി ഏഴു കപ്പലുകളെ ജൂനിയർ അൽമേഡ അവിടെ വെച്ച് തകർത്തു കളഞ്ഞു!
പിന്നീട് ലോറൻസോ കണ്ണൂരിലേക്ക് മടങ്ങി.
അതിനിടെ , പോർച്ചുഗീസുകാർക്ക്
തിരിച്ചടി നൽകാനായി അറബികളും സാമൂതിരിയും കോപ്പുകൂട്ടുന്നുണ്ടായിരുന്നു .1506 ൽ 200 കപ്പലുകൾ അണി നിരത്തി സാമൂതിരിയും കൂട്ടുകാരും കണ്ണൂരിൽ വെച്ച്
പോർച്ചുഗീസുകാരുമായി ഏറ്റുമുട്ടി.
യോദ്ധാക്കളുടേയും കപ്പലുകളുടെയും എണ്ണത്തിൽ സാമൂതിരിയുടെ പടക്ക് മേൽക്കൈ ഉണ്ടായിരുന്നുവെങ്കിലും
പോർച്ചുഗീസുകാരുടെ വെടിക്കോപ്പുകൾക്കു മുന്നിൽ അവർക്ക് പിടിച്ചു നിൽക്കാനായില്ല. യുവാവായിരുന്ന ലോറൻസോ ഡി അൽമേഡ യുടെനേതൃത്വം ഒന്ന്കൂടി അരക്കിട്ടുറപ്പിക്കുന്നതായി ആ വിജയം.
സമാന്തരമായി , അക്കാലത്ത്
കോലത്തിരിയുടെ കൊട്ടാരത്തിലും ചില കലങ്ങി മറിയലുകൾ ഉണ്ടായി.
പോർച്ചുഗീസുകാരുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന കോലത്തിരി തീപ്പെട്ടു. പിൻതുടർച്ചയെ ചൊല്ലി ചില അഭിപ്രായവ്യത്യാസങ്ങളും അവകാശ തർക്കങ്ങളും കൊട്ടാരത്തിൽ രൂപപെട്ടു. തർക്കം മൂത്തപ്പോൾ സാമൂതിരിയുടെ മാദ്ധ്യസ്ഥം ആവശ്യമായി . സ്വാഭാവികമായും പിന്നീട് തിരഞ്ഞെടുക്കപ്പെട്ട കോലത്തിരി രാജാവിന് വിധേയത്വം സാമൂതിരിയോടായി .
കച്ചവട താൽപര്യങ്ങൾക്കുപരിയായി
പോർച്ചുഗീസുകാരുടെ യഥാർത്ഥ ഉദ്ദേശം സാമ്രാജ്യത്വ സ്ഥാപനം കൂടി ആണെന്ന് സാമൂതിരി കോലത്തിരിയെബോദ്ധ്യപ്പെടുത്തി.
അനാവശ്യമായ ഒരു പ്രകോപനം അക്കാലത്ത് പോർച്ചുഗീസുകാരുടെ ഭാഗത്തുനിന്നും ഉണ്ടായി.
' കർത്താസ് ' എന്ന രേഖ ഇല്ല എന്നതിൻ്റെ പേരിൽ ഒരു കപ്പലിനെ പോർച്ചുഗീസുകാർ തകർത്തു ; മാത്രമോ , അതിലെ ജീവനക്കാരെ കപ്പലിൻ്റെ പായയിൽ ചേർത്തു കെട്ടി കടലിൽ താഴ്ത്തി . ഈ സംഭവത്തിനെതിരെ ജനരോഷം ഉയർന്നു. പറങ്കികളെ നിലക്കുനിർത്താൻ കോലത്തിരിയുടെ മേൽ സമ്മർദ്ദമുണ്ടായി.
നാൽപ്പതിനായിരം നായൻമാരെ കോലത്തിരിയും അവരെ സഹായിക്കാനായി ഇരുപതിനായിരം നായർ ഭടൻ മാരെ സാമൂതിരിയും സംഘടിപ്പിച്ചു . കര വഴിയും കടൽ വഴിയും ആക്രമിച്ച് 1507 ഏപ്രിൽ 27 ന് അവർ കണ്ണൂർ കോട്ട പിടിച്ചടക്കി.
ലോറൻസോ യുടെ വെടിക്കോപ്പുകളുടെ ആഘാതം തടുക്കാൻ പരുത്തിയുടെ കെ
ട്ടുകളാണ് ട്രെഞ്ചുകളുടെ മുന്നിൽ നിരത്തി
യത്. ഈ " കണ്ണൂർ പിടിച്ചടക്കൽ " ഓഗസ്റ്റ് 27വരെ നീണ്ടു നിന്നു. ഭക്ഷണത്തിനു പോലും ദൗർലഭ്യം നേരിട്ട തങ്ങൾക്ക് തുണയായത് ഓഗസ്റ്റ് 15 ന് വേലിയേറ്റത്തിൽ വന്നടിഞ്ഞ കൊ ഞ്ചുകളുടെ ചാകരയായിരുന്നു എന്ന് കോട്ടയിലെ ചരിത്രകാരൻ എഴുതിയിട്ടുണ്ട്.
ട്രിസ്റ്റാവോ ഡാ കൻഹ യുടെ നേതൃത്വത്തിലുള്ള എട്ടാം പോർച്ചുഗീസ് കപ്പൽ പട വന്ന് മോചിപ്പിച്ചില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ , ഈ സംഭവത്തോടെ കേരളത്തിൽ പോർച്ചുഗീസുകാരുടെ നിലനിൽപു തന്നെ പരുങ്ങലിൽ ആവുമായിരുന്നു . അക്കൊല്ലം തന്നെ കല്ലുകൊണ്ട് കോട്ട പുതുക്കിപണിയുന്ന പ്രവൃത്തിയും ആരംഭിച്ചു
1508 മാർച്ചിൽ മഹാരാഷ്ട്രയിലെ ചൗളിൽ വെച്ചായിരുന്നു ചരിത്രം കുറിച്ച മറ്റൊരു യുദ്ധം.സാമൂതിരിയും അറബികളും , അതിനുമപ്പുറം വെനീസുകാരും, ഈജിപ്തുകാരും, തുർക്കികളും ചേർന്ന സൗഹൃദാന്തരീക്ഷത്തിലുള്ള വ്യാപാര രംഗത്തേക്കാണ് ' പ്രാവിൻ കൂട്ടിലേക്ക് കാട്ടുപൂച്ച ' യെന്ന പോലെ പോർച്ചുഗീസുകാർ കടന്നു കയറിയത്. അതിൻ്റെ അസ്വാസ്ഥ്യങ്ങൾ അനുഭവിച്ച സാമൂതിരിയും അറബികളും ഈജിപ്തിലെ മാമലുക്കുകളെ
പോർച്ചുഗീസുകാർക്കെതിരെ ഇറങ്ങാൻ
പ്രേരിപ്പിക്കുകയായിരുന്നു. വെറും മൂന്നു ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ ലോറൻസോ ഡി അൽമേഡ യുടെ സൈന്യം തോറ്റു എന്നു മാത്രമല്ല ലോറൻസോ വധിക്കപ്പെടുകയും ചെ
യ്തു ! അദ്ദേഹത്തിൻ്റെ ശവശരീരം പിന്നീട് കണ്ടെത്താനും ആയില്ല.ഇന്ത്യാസമുദ്രത്തിൽ പോർച്ചുഗീസുകാർക്ക് നേരിട്ട ഏക
തോൽവിയായിരുന്നു ചൗളിൽ സംഭവിച്ചത് !
തന്നെ പുതിയ ഗവർണറായി നിയമിച്ചു കൊണ്ടുള്ള രാജാവിൻ്റെ ഉത്തരവുമായാണ് ക്രി.വ.1509 ൽ
അൽഫോൻസോ ഡി അൽബുക്കർക്ക് കണ്ണൂരിൽ വന്നത്. ഫ്രാൻസിസ്കോ ഡി അൽമേഡക്ക് ആ ഉത്തരവ് അംഗീകരിക്കാൻ ആയില്ല. മാത്രമല്ല, ചൗൾ യുദ്ധത്തിൽ തൻ്റെ മകനെ കൊന്നതിന് പകരം ചോദിക്കാൻ അൽമേഡ തയ്യാറെടുക്കുകയായിരുന്നു. അദ്ദേഹം അൽബുക്കർക്കിനെ കണ്ണൂർ കോട്ടയിൽ തടവിലാക്കി . പിന്നീട് വടക്കോട്ട് യുദ്ധത്തിനു പുറപ്പെട്ടു . അപ്പോഴേക്കും ഈജിപ്തുകാർ ഗുജറാത്തിന് അടുത്തുളള .
ദിയുവിലേക്ക് മാറിയിരുന്നു.അവിടെ വെച്ചുണ്ടായ യുദ്ധത്തിൽ മാമലൂക്കുകളെ തോൽപിച്ച് ഫ്രാൻസിസ്കോ ഡി അൽമേഡ പോർച്ചുഗീസ് സാമ്രാജ്യത്തിന് തറക്കല്ലിട്ടു. ഏകദേശം മൂന്നു മാസത്തിനു ശേഷം പോർച്ചുഗലിൽ നിന്ന് രാജാവിൻ്റെ നിർദേശാനുസരണം വന്ന ഒരു മാർഷലാണ് അൽബുക്കർക്കിനെ തടവിൽ നിന്ന് മോചിപ്പിച്ചത്. ഇനി യുദ്ധ ചരിത്രത്തിൽ അൽപം മധുരം ചേർക്കാം .രത്നഗിരി ജില്ലയിൽ വിളയുന്ന 'അൽഫോൻസോ 'മാങ്ങയുടെ മാധുര്യം അനുഭവിച്ചിട്ടില്ലെ? അൽഫോൻസോ ഡി ആൽബുക്കർക്കിൻ്റെ സ്മരണാർത്ഥം ഫ്രാൻസിസ്കൻ പാതിരിമാർ വികസിപ്പിപ്പെടുത്ത ഒട്ടുമാവാണ് അൽഫോൻസോ !
നാട്ടിലേക്ക് മടങ്ങിയ ഫ്രാൻസിസ്കോ ഡി അൽമേഡ ആഫ്രിക്കയിലെ കേപ് ഓഫ് ഗുഡ്ഹോപ്പിനു സമീപത്തുവെച്ച് തദ്ദേശീയരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അദ്ദേഹവുമായി മാനസികമായി അകന്ന സഹനാവികരുടെ ചതിയാണ് അൽമേഡ യുടെ കൊലക്ക് കാരണം എന്നും പറയപ്പെടുന്നു.
മലബാർ തീരത്ത്പോർച്ചുഗീസുകാർ തങ്ങളുടെ ആധിപത്യം സ്ഥാപിച്ചു എങ്കിലും അവർക്കെതിരായുണ്ടായചെറുത്തുനിൽപ്പുകൾ മറുഭാഗത്ത് തുടർന്നു കൊണ്ടേ ഇരുന്നു , പതിനാറാം നൂറ്റാണ്ടു മുഴുവൻ! വ്യാപാര കുത്തക നഷ്ടപ്പെട്ട അറബികളും തദ്ദേശീയരായ മുസ്ലിം കളും
സാമൂതിരിയുമായി ചേർന്ന് പറങ്കികൾക്കെതിരെ അവിടവിടെയായി
പൊരുതി. പൊന്നാനിയും കോഴിക്കോടുമാണ് പ്രധാനമായും യുദ്ധരംഗങ്ങളായത്. നിഷ്ഠൂരങ്ങളായ കൊലപാതകങ്ങളും ഇടക്കിടെ അരങ്ങേറി. ചോര കൊണ്ട്
കടലിനെ ചുവപ്പിച്ച കാലം !
അക്കാലത്താണ് കുഞ്ഞാലി മരക്കാർ സാമൂതിരിയുടെ നാവിക പടയുടെ തലവൻ ആയി വരുന്നത്. നാവിക തലവന്മാർക്ക്
കൊടുത്തിരുന്ന സ്ഥാനപ്പേരായിരുന്നു കുഞ്ഞാലി മരയ്ക്കാർ എന്നത്. ക്രി.വ. 1507 മുതൽ 1600 വരെ നാലു കുഞ്ഞാലി മരയ്ക്കാർ മാർ ഉണ്ടായിരുന്നു . ഇവരുടെ നേതൃത്വത്തിൽ പോർച്ചുഗീസുകാരുമായി നിരന്തരമായ ഏറ്റുമുട്ടലുകൾ ഉണ്ടായി. ഏകദേശം ഒരു നൂററാണ്ടുകാലം പോർച്ചുഗീസുകാരുടെ സാമ്രാജ്യത്വ മോഹങ്ങൾക്ക് തടയിട്ടത് കുഞ്ഞാലി മാരായിരുന്നു. കടൽയുദ്ധത്തിൽ അസാമാന്യമായ പ്രാവീണ്യം ഉണ്ടായിരുന്ന അവരുടെ പ്രശസ്തി ആഫ്രിക്കയുടെ തെക്കെ മുനമ്പു മുതൽ വടക്കു കിഴക്ക് ചൈന വരെ വ്യാപിച്ചു
സാമൂതിരിയുടെ ഉറ്റ സേവകർ ആയി അറിയപ്പെട്ടു തുടങ്ങിയ മരക്കാൻ മാരുടെ മനസ്സിലും കാലം പോക പോകെ അധികാര മോഹം മൊട്ടിട്ടു എന്നു കരുതണം. മാത്രമല്ല ,
സ്പെയിനും പോർച്ചുഗലും ഉൾപ്പെട്ട ഐബീരിയൻ പെനിൻസുലയിൽ മുൻപു നിലനിന്ന കൃസ്ത്യൻ - മുസ്ലിം സംഘർഷത്തിൻ്റെ അനുരണനം മലബാർ തീരത്തേക്കും വ്യാപിച്ചു
വോ എന്നും സംശയിക്കാം .അപ്പോഴേക്കും കോരപ്പുഴയിലൂടെ ഒരുപാടു വെള്ളം ഒഴുകി പോയിരുന്നു. സാമൂതിരിയും
പോർച്ചുഗീസുകാരുമായി ഉണ്ടായിരുന്ന ശത്രുതക്ക് കുറെയൊക്കെ ശമനമായിരുന്നു.
തന്നെ വെല്ലുവിളിക്കുന്ന തരത്തിൽ കുഞ്ഞാലിമരക്കാർ വളർന്നു എന്ന തോന്നൽ സാമൂതിരിയേയും അസ്വസ്ഥനാക്കി.
മുഹമ്മദ് അലി എന്ന നാലാം കുഞ്ഞാലിമരക്കാരുടെ കാലമായ
പ്പോഴേക്ക് ആ തോന്നൽ ശക്തമായി.
നേരിട്ട്നാവിക യുദ്ധത്തിൽ കുഞ്ഞാലിയെ
തോൽപ്പിക്കാനാവില്ലെന്ന് മുൻ അനുഭവം
കൊണ്ട് പഠിച്ച പോർച്ചുഗീസുകാർ തങ്ങളുടെ ഒരു പാതിരിയേയും ശിങ്കിടികളായ ചില നായൻമാരേയും ഉൾപ്പെടുത്തി സാമൂതിരിക്കും കുഞ്ഞാലിക്കുമിടയിൽ അകൽച്ച സൃഷ്ടിക്കുകയായിരുന്നു. സാമൂതിരിയുടെ അമ്പതിനായിരം പടയാളികളെ അടക്കം
സർവസന്നാഹവും കൂട്ടി കരവഴിയും കടൽവഴിയും ഒരേ സമയം
ആക്രമിച്ചിട്ടും കുഞ്ഞാലിയുടെ
കോട്ടക്കൽ കോട്ട തകർക്കാൻ
പോർച്ചുഗീസുകാർ ക്കായില്ല.1599 മാർച്ചിൽ നടന്ന ഒന്നാം കോട്ടക്കൽ യുദ്ധം
പോർച്ചുഗീസുകാരുടെ നാവിക ശക്തിക്കേറ്റ കനത്ത തിരിച്ചടി ആയിരുന്നു. എണ്ണ
പ്പെട്ട ശക്തിയായി, തന്റെ തൊട്ടു വടക്ക് കുഞ്ഞാലി വളർന്നു വരുന്നത്
കടുത്ത ആശങ്കയോടെയാണ് സാമൂതിരിയും
കണ്ടത്. അദ്ദേഹവും പോർച്ചുഗീസ് യുദ്ധവീരനായ ആൻദ്‌രേ ഫുർടാഡോയും ചേ
ർന്ന് വീണ്ടും ഒരു ആക്രമണത്തിന് പദ്ധതി തയ്യാറാക്കി. " ദയവായി അടുത്ത ആക്രമണം
ഒക്ടോബർ , നവംബർ മാസങ്ങളിലാക്കിയാൽ അതു കഴിഞ്ഞ് തിരുനാവയ്ക്ക് മാമാങ്കത്തിന്
പോവാമായിരുന്നു " എന്ന് വളരെ വിനീതനായി സാമുതിരി ഫുർട്ടാഡോ യെ ഓല എഴുതി അറിയിച്ചുവത്രെ !
ചെറുത്തു നിന്നുവെങ്കിലും ഒന്നാം
കോട്ടക്കൽ യുദ്ധം കുഞ്ഞാലിയേയും ക്ഷീണിപ്പിച്ചിരുന്നു. നിരവധി യോദ്ധാക്കൾക്ക് സാരമായി പരിക്കേൽക്കുകയും ഒട്ടേറെ പേർ കൊല്ലപ്പെടുകയുംചെയ്തു.ആകെയോദ്ധാക്കളുടെ സംഖ്യ എണ്ണൂറ് ആയി ചുരുങ്ങി. പോർച്ചുഗീസുകാർ കടലിൽ ഉപരോധം തീർത്തതുകാരണം ഭക്ഷ്യധാന്യങ്ങൾക്ക് കടുത്ത ക്ഷാമമായി. ഉള്ളാളിലെ രാജ്ഞി അയച്ച മൂവായിരം ചാക്ക് അരി പോർച്ചുഗീസുകാർ പിടിച്ചെടുത്തു . കുഞ്ഞാലിയെ സഹായിക്കാൻ തയ്യാറായവരെ
അവർ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു.
കുഞ്ഞാലിയുടെ ' അമാനുഷിക' ശക്തിക്കു പിന്നിൽ മന്ത്രവാദ സിദ്ധികളാണെന്ന് അക്കാലത്ത്പൊതുജനസംസാരമുണ്ടായിരുന്നു. അതിനെ മറികടക്കാനായി യുദ്ധത്തിനു മുമ്പ് സാമൂതിരി ചില ക്ഷുദ്ര പ്രവൃത്തികളും പാതിരിമാർ പ്രത്യേക കുർബാനയും നടത്തിയത്രെ!ഏതായാലും ഒരു 'ഒത്തുതീർപ്പ് നാടക ' ത്തിൻ്റെ മറവിൽ സാമൂതിരിയും പോർച്ചുഗീസുകാരും ചേർന്ന് ഒരുക്കിയ ' കെണി ' യിൽ അവശനായ കുഞ്ഞാലി വീണു. തനിക്കു മീതെ വളരുന്നു എന്ന് സാമൂതിരി കരുതിയ തൻ്റെ നാവികപ്പടയുടെ മുൻ നായകനെയും
നാൽപത് കൂട്ടാളികളെയും അദ്ദേഹം
പോർച്ചുഗീസുകാർക്ക് കൈമാറി. ഗോവയിലേക്കു കൊണ്ടുപോയ കുഞ്ഞാലിയേയും കൂട്ടരേയും നാമമാത്രമായ വിചാരണക്കു ശേഷം വധശിക്ഷക്കു വിധിച്ചു.
ശിക്ഷ നടപ്പാക്കിയ ദിവസം ഗോവക്ക് ഉൽസവ ദിനമായിരുന്നത്രെ! എങ്ങും അലങ്കാരങ്ങളും തോരണങ്ങളും - ' പരിപാടി ' നേരിൽ കാണാൻ അന്നത്തെ വൈസ്രോയിയും എത്തിയിരുന്നു. ഫ്രാൻസിസ് ഡ ഗാമ ; അതെ, വാസ്കോ ഡ ഗാമയുടെ പൗത്രൻ ! അരിശം തീരാതെ കുഞ്ഞാലിയുടെ ശവ ശരീരം പോർച്ചുഗീസുകാർ നാലാക്കി മുറിച്ച് ഗോവയിൽ നാലിടത്തായി പ്രദർശിപ്പിച്ചു . തല ഉപ്പിലിട്ട് കണ്ണൂർക്കയച്ചു . അത് കമ്പിൽ തറച്ച്
കോട്ടയിൽ നാലു ദിവസം പ്രദർശിപ്പിച്ചു.
ക്രി.വ. 1600 ൽ നടന്ന ഈ സംഭവ
ത്തോടെ പോർച്ചുഗീസുകാർക്ക് മലബാർ തീരത്ത് കാര്യമായ എതിർപ്പുകൾ ഇല്ലാതായി.
സാമൂതിരിയുടെ ശക്തിക്ഷയം നേരത്തേ തുടങ്ങിയിരുന്നു താനും . ഡച്ചുകാരുടെ വരവോടെയാണ് പോർച്ചുഗീസ് മേൽക്കോയ്മ അവസാനിച്ചത്.1663 ൽ ഡച്ചുകാർ കണ്ണൂർ കോട്ട പിടിച്ചടക്കി . ഇന്നുകാണുന്ന മൂന്നു കൊത്തളങ്ങളോടെ അവർ കോട്ട പുതുക്കി പണിതു ; ഹോളൻഡിയ, ഫ്രീസ് ലാൻഡിയ , സീലാൻഡിയ എന്നിങ്ങനെയാണ് പേരുകൾ നൽകിയത്. പിന്നീട്, പോർച്ചുഗീസുകാർ കെട്ടിയ പഴയ ഭാഗങ്ങൾ പൊളിച്ചു കളഞ്ഞു. അവർ 1772 ൽ ഒരു ലക്ഷം രൂപക്ക് അറക്കൽ ആലിരാജാവിന് കോട്ട വിറ്റു. പതിനെട്ടു കൊല്ലത്തിനു ശേഷം 1790 ൽ , അതായത് ടിപ്പുവിന്റെ പതനത്തെ തുടർന്ന് മലബാർ മൊത്തം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക്
കൈ മാറിയതോടെ കോട്ട ബ്രിട്ടീഷ് കാരുടെ അധീനതയിലായി. അവർ അതിനെ മിലിട്ടറി ബാരക് ആക്കി മാറ്റി . സ്വാതന്ത്ര്യലബ്ധിക്കു ശേഷം കോട്ട , വെടി മരുന്നിൻ്റെ ഗന്ധമില്ലാത്ത ,
ചോരക്കറകൾ മാഞ്ഞ ഒരു ' കാഴ്ച വസ്തു ' ആയി. കുതിര ലായങ്ങളും , യാതനകൾ ഉറഞ്ഞ ജയിലറകളും ഫോട്ടോ സ്പോട്ടുകൾ ആയി - നിരവധി സിനിമകൾക്കും പാട്ടു രംഗങ്ങൾക്കും പശ്ചാത്തലമായി !
സഞ്ചാരികളുടെ തിരക്കിൽ ഞാനും നീങ്ങി . മുറ്റത്ത് അങ്ങിങ്ങായി പഴയ വെടിയുണ്ടകൾ ചിതറിക്കിടക്കുന്നു . ഇനി വരാത്ത ശത്രുവിനെ കാത്ത് കടലിലേക്കു നോക്കി ഇരിക്കുന്ന പീരങ്കികൾ കടന്ന് ഞാൻ നടന്നു. കുതിരപ്പന്തിയും ജയിലും പിന്നിട്ട് പുറത്തേക്ക് ഇറങ്ങി. വെറുതെ ഒന്നു തിരിഞ്ഞു നോക്കി ; പടിഞ്ഞാറെ ആകാശത്ത് അങ്ങിങ്ങായി ചിതറിക്കിടക്കുന്ന മേഘങ്ങൾ ! കോലത്തിരിയുടെ നാട്ടിൽ നങ്കൂരമിടാൻ കാത്ത് കിടന്ന പായ്കപ്പലായി ആകാശം. പിന്നിൽ താഴേക്ക് ഊർന്നിറങ്ങുന്ന സൂര്യൻ - അതിനു താഴെ, എത്രയോ വൻശക്തികളുടെ അസ്തമയം കണ്ട കടൽ മറ്റൊരു അസ്തമയം കാത്ത് കിടന്നു !
Comments
Post a Comment