ഭക്ഷണപ്രിയരുടെ ശ്രദ്ധക്ക് .....

        വെറുതെ വന്നാൽ പോര ; ഭക്ഷണം കഴിക്കണം - അതും ഒരു ' ട്രെയിൻ ലോഡ് ' -  തയ്യാറാണെങ്കിൽ പോന്നോളൂ വിശാഖപട്ടണത്തേക്ക് .  നിങ്ങൾ ആവശ്യപ്പെടുന്ന ഭക്ഷണം ഒരു കൊച്ചു തീവണ്ടിയിൽ നിങ്ങളുടെ മുന്നിൽ എത്തിക്കുന്ന " പ്ലാറ്റ് ഫോം 65" എന്ന റെസ്റ്റോറൻ്റിൻ്റെ വിശേഷങ്ങൾ അറിയാം. 

           വാൾട്ടയർ റോഡിൽ ഗവർണേഴ്സ്
 ബംഗ്ലാവ് എന്ന സ്ഥലത്ത് , മൂന്നു നില കെ
ട്ടിടത്തിൻ്റെ മുകളിലെ നിലയിൽ ആണ്   
അരണ്ട വെളിച്ചത്തിൽ സജ്ജീകരിച്ചിരിക്കുന്ന ഈ ഭക്ഷണശാല. നാലു ചുവരുകളിലും കടും നിറങ്ങളിൽ ഉള്ള ചിത്രപ്പണികൾ. മഞ്ഞനിറം കലർന്ന തവിട്ടു നിറത്തിലുള്ള  വലിയ തീൻ മേശകൾ . ഓരോ മേശയിലും ഘടിപ്പിച്ച  റെയിൽ പാളങ്ങൾ ,വണ്ടിയുടെ ദിശമാറ്റുന്ന പോയിൻ്റുകൾ ,  സിഗ്നൽ പോസ്റ്റുകൾ , റെയിൽവെ സ്റ്റേഷനിൽ കാണുന്ന തരം ബോർഡുകൾ  എന്നിവ എല്ലാം ചേർന്ന് കൗതുകമുണർത്തുന്ന ഒരു റെയിൽവെ അന്തരീക്ഷം ! കേവലം ബാലിശമായ കൗതുകത്തിനപ്പുറം ഒരു  എഞ്ചിനീയറിങ്ങ് വിസ്മയം !  ഭക്ഷണവും വഹിച്ച്, കാത്തിരിക്കുന്നവരുടെ മേശയിലേക്ക്   ഓടിയെത്തുന്ന കൗതുകങ്ങൾ ; ഭക്ഷണം എടുത്തുമാറ്റിയാൽ, അനുസരണയോടെ, വന്ന വഴിയെ  തിരിച്ചു പോയി അടുക്കളയിലേക്ക്  ഓടി മറയുന്ന കൊച്ചു തീവണ്ടികൾ . 
          
             ആകെ പത്തു വണ്ടികൾ സർവീസിലുണ്ടെന്നാണ് അറിഞ്ഞത് . ആറെണ്ണം ഞാൻ എണ്ണി . മറ്റുള്ളവ ' റിസർവ് ' ആയിരിക്കാം . അതോ റെയിൽവെ ഭാഷയിൽ പറയുന്ന ' പിറ്റ് ലൈൻ അറ്റൻഷൻ ' നടക്കുകയാണോ ആവോ? ഭക്ഷണത്തിനുള്ള ഓർഡറും മേശയുടെ നമ്പരും വെയ്റ്റർ അടുക്കളയിലേക്ക് 'ടാബ് ' മൂലം  അറിയിക്കും.  
അടുക്കളയിൽ നിന്ന് റിമോട്ട് കൺട്രോളിൽ ആണ്  തീവണ്ടിയുടെ ലക്ഷ്യം നിശ്ചയിക്കുന്നത് . ഭക്ഷണം കയറ്റി വെച്ച ശേഷം മേശയുടെ നമ്പർ രേഖപ്പെടുത്തിയാൽ യാത്രാ പഥം നിശ്ചയിക്കപ്പെടുന്നു . യാത്രാനുമതി നൽകിയാൽ മുൻകൂട്ടി നിശ്ചയിച്ച മേശയിലേക്ക് ഭക്ഷണവുമായി യാത്ര പുറപ്പെടുന്നു.

            ഭക്ഷണം ഓർഡർ ചെയ്താൽ  അൽപ നേരം അപ്പുറത്തുള്ള മേശകളിലൂടെ ഒന്ന് കണ്ണോടിക്കാം .കൊച്ചു കുട്ടികളുടെ മുഖത്ത് വിടരുന്ന അത്ഭുതവും  അക്ഷമയും നമുക്ക് രസകരമായി വായിച്ചെടുക്കാം .  അവരെ അടക്കി ഇരുത്താൻ പാടുപെടുന്ന മാതാപിതാക്കൾ  - അവരുടെ മുഖത്തെ വാത്സല്യം കലർന്ന വിവിധ മുഖഭാവങ്ങൾ - എല്ലാം ആസ്വദിച്ചങ്ങനെ ഇരിക്കുമ്പോൾ നമ്മുടെ മേശയുടെ അറ്റത്ത് പച്ച സിഗ്‌നൽ തെളിയുന്നു . അടുത്ത നിമിഷം ഒരു കൊച്ചു തീവണ്ടി ' ഭക്ഷണ ഭാരം' വഹിച്ച് തിരിവുതിരിഞ്ഞ് നമ്മുടെ മുന്നിൽ വന്നുനിൽക്കുന്നു . ബോഗികളിൽ നിന്ന്  ഭക്ഷണം നമ്മൾ  താഴെ ഇറക്കിവെക്കണം.  'ഭാരം ' ഇറക്കിയ വണ്ടി തിരികെ  അടുക്കള ലക്ഷ്യമാക്കി പായുന്നു . അതോടെ നമ്മുടെ സിഗ്നൽ ചുവപ്പാവും . അടുത്ത ജംഗ്ഷനിൽ എത്തുമ്പോൾ മറ്റു ഭാഗങ്ങളിൽ നിന്നു വരുന്ന തീവണ്ടികളെയും കണ്ടെന്നു വരാം . തിരക്ക് കുറക്കാൻ അവിടെ നിന്നും അടുക്കളയിലേക്ക് ഒന്നിലധികം ലൈനുകളുണ്ട് ! കുറെ കാലം  മുമ്പ്  ഹൌറ റെയിൽവെ സ്റ്റേഷനിലേക്ക് എത്തുമ്പോഴാണ് ഞാൻ ഇത്തരം നിരവധി ലൈനുകൾ കണ്ട് അമ്പരന്നിട്ടുള്ളത്. രണ്ടും മൂന്നും തീവണ്ടികൾ ഒരേ ദിശയിൽ സഞ്ചരിച്ച് ഹൗറയിലേക്ക് ഓടിക്കയറുന്ന ഭ്രമിപ്പിക്കുന്ന അനുഭവം !
              
              തിരുച്ചിറപ്പള്ളിയിൽ റെയിൽവെ ട്രെയിനിങ്ങ് സ്കൂളിലെ ' മോഡൽ 'റൂമിലും ഇത്തരത്തിൽ ഒരു റെയിൽ പാത സജ്ജീകരിച്ചിട്ടുണ്ട് . അവിടെ പ്രാധാന്യം സിഗ്നൽ സംവിധാനത്തിനാണ് . തീവണ്ടികളുടെ മോഡലുകൾ ഇത്രതന്നെ പരിഷ്കൃതവുമല്ല . മുന്നിലിരിക്കുന്ന ഭക്ഷണത്തേക്കാൾ ഞാൻ ശ്രദ്ധിച്ചത് നാലു പുറവും ഓടി കൊണ്ടിരിക്കുന്ന കൊച്ചു തീവണ്ടികളെയാണ് . അതിനിടയിൽ എങ്ങിനെയോ ഭക്ഷണം കഴിച്ചുതീർത്തു - നീണ്ട മുപ്പത്തെട്ടു കൊല്ലത്തെ റെയിൽവെ ജീവിതത്തിൻ്റെ 'പഴക്ക ദോഷ 'മായിരിക്കാം . മേശപ്പുറത്തെ  'റെയിൽവെ നെറ്റ് 'വർക്കുമായി അത്ര തന്നെ താദാത്മ്യം പ്രാപിക്കാത്ത  കുടുംബാംഗങ്ങൾ അഭിപ്രായപ്പെട്ടത് നല്ല ഭക്ഷണമായിരുന്നു എന്നാണ് .

              ഭക്ഷണം കഴിച്ച് കൈ കഴുകി പുറത്തിറങ്ങുമ്പോൾ ഞാൻ ഒന്നുകൂടി നോക്കി . കർക്കശവും  സങ്കീർണവും ആയ റെയിൽവെ നിയമങ്ങളുമായി  പൊരുത്തപ്പെട്ട് കൊഴിഞ്ഞു പോയ നീണ്ട വർഷങ്ങൾ പിന്നിൽ  -  മുന്നിൽ, ഒരു മേശപ്പുറത്ത് ലളിതമായ ചില നിയമങ്ങൾ മാത്രം പാലിച്ച്  ഓടി നടന്ന്  ഭക്ഷണം എത്തിക്കുന്ന കൊച്ചുതീവണ്ടികൾ !  കാലം എനിക്കായി കാത്തുവെച്ച രസകരമായ അനുഭവം മനസ്സിൽ നുണഞ്ഞ് ഞാൻ ലിഫ്റ്റിൽ കയറി . ഇരുവശത്തു നിന്നും നിരങ്ങി വന്ന സ്റ്റീൽ പാളികൾ 'പ്ലാറ്റ് ഫോം 65 ' ൻ്റെ കാഴ്ചകളെ ഓർമകളാക്കി .









           

          

Comments

Popular posts from this blog

അക്കാലത്ത് അറബിക്കടൽ ചോരയാൽ ചുവന്നിരുന്നു

ഒരു കടൽ ദൂരം