ഭ്രാന്തൻ പണ്ടാരൻ


   മുളകുഷ്യത്തിന്റെ പാത്രവുമായി വന്ന് അച്ഛമ്മ ഉണ്ണാനി രു ന്ന എന്നോട് ചോദിച്ചു, ഉണ്ണിക്ക് ഇത് വേണോ അതോ ഉച്ചയ്ക്കു വെച്ച മോരു പാർന്ന കൂട്ടാൻ വേണോ ? കുമ്പളങ്ങ ചെറുതായരിഞ്ഞ് പരിപ്പും ഉള്ളിയും ചേർത്ത കൂട്ടാന്റെ സ്വാദ് എന്തുകൊണ്ടോ എനിയ്ക്ക് അത്രയ്ക്കിഷ്ടമല്ലെന്ന് അച്ഛമ്മയ്ക്കറിയാം. പ്രാന്തൻ പണ്ടാരനല്ലെ? എനിയ്ക്കു വേണ്ട ഞാൻ പറഞ്ഞു. ഒരു കണ്ണിറുക്കി ചിരിച്ചു കൊണ്ട് അച്ഛമ്മ മോരു പാർന്ന കൂട്ടാൻ എടുക്കാൻ തിരിച്ചു പോയി.  
     കുറെ കാലം കാണില്ല. പെട്ടെന്നൊരു ദിവസം പടിഞ്ഞാറെ മുറ്റത്ത് പ്രത്യക്ഷപ്പെടും, മെലിഞ്ഞ് ഉയർന്ന, നീണ്ട മുഖമുള്ള ' പ്രാന്തൻ പണ്ടാരൻ'. പാതി തുറന്നിട്ട അയഞ്ഞുതൂങ്ങുന്ന കുപ്പായം; മുഷിഞ്ഞ പിഞ്ഞു തുടങ്ങിയ മുണ്ട് മുട്ടിന് അൽപ്പം താഴെ വരെ എത്തി നിൽക്കും. കയ്യിലെ വടി കുത്തി അൽപ്പം മുന്നോട്ടാഞ്ഞ നിൽപ്പ്. നീണ്ട മുഖം ഒട്ടൊക്കെ മറയ്ക്കുന്ന കട്ടിമീശ വായുടെ ഇരുവശങ്ങളിലേയ്ക്കും ഇറങ്ങി നിൽക്കും. കുറഞ്ഞ വാക്കുകളിൽ സംസാരം. തല ഇടയ്ക്ക് ആട്ടിക്കൊണ്ടിരിക്കും. ഒരു തവണ വന്നാൽ പിന്നെ ദിവസങ്ങളോളം രാവിലെ മുറ്റത്തെത്തും. രണ്ടാമത്തെ ദിവസം മുതൽ എല്ലാവരുടേയും അവജ്ഞയും ശകാരവും ഏറ്റുവാങ്ങി തിരിച്ചു പോകുന്ന ഒരു ജന്മം. പെട്ടെന്നൊരു ദിവസം കാണാതാവും. ഞങ്ങളുടെ ചെറുപ്പത്തിൽ മുളകുഷ്യം എന്ന കൂട്ടാനും എന്നെങ്കിലും കയറി വരും. രാത്രിയാണെന്നു മാത്രം.      തുടർന്ന് ഇടയ്ക്കിടയ്ക്ക്. പിന്നെ അപ്രത്യക്ഷമാവും. അതുകൊണ്ട് ഞങ്ങൾ കുട്ടികളിട്ട പേരാണ് 'പ്രാന്തൻ പണ്ടാരൻ' കൂട്ടാൻ.

   അന്നൊരു വൈകുന്നേരം സ്കൂൾ വിട്ട് ധൃതിയിൽ തിക്കിതിരക്കി ഗേറ്റ് കടന്ന് മൈതാനത്തേയ്ക്കിറങ്ങിയപ്പോൾ ഞാനയാളെ കണ്ടു. ഒരു ബീഡി കത്തിച്ച് വായിൽ വെച്ച് പങ്ങന്റെ കടയിൽ നിന്ന് അയാൾ ഇറങ്ങി വരുന്നു. എന്നെ തീരെ ശ്രദ്ധിക്കാതെ പണ്ടാരൻ  കടന്നുപോയി. സ്ക്കൂൾ വളപ്പിനു തൊട്ട ഇടവഴിയ്ക്ക പ്പുറമുള്ള ചാമിയുടെ ഓല മേഞ്ഞ ചായക്കടയാണ് ലക്ഷ്യം. കരിങ്കല്ലിൽ തീർത്ത ഇറക്കത്താണിയുടെ വശം ചേർന്ന് ഞാവൾ മരത്തിനു ചുവട്ടിലൂടെ അയാൾ കടയുടെ മുളയത്താണി താണ്ടി കുനിഞ്ഞ് കടയിലേക്ക് കയറി മറഞ്ഞു.

    'നാളെ പ്രാന്തൻ പണ്ടാരൻ വരും ട്ട്വൊ അച്ചമ്മേ!'  വീട്ടിലെത്തിയതും ഞാൻ ഉറക്കെ വലിയൊരു പ്രവചനം നടത്തി.   'ങ്ങ്ഹാ, എത്തിയോ? ന്നാ ഇനി ദിവസോം രാവിലെ മിറ്റത്ത് ണ്ടാവും. മട്പ്പി ക്യേ ള്ളൂ.' അച്ഛമ്മ പറഞ്ഞു.
     പിറ്റേന്ന് രാവിലെ സ്കൂളിൽ പോവാൻ ഒരുങ്ങി നിൽക്കുമ്പോൾ കണ്ടു, മുഷിഞ്ഞ വസ്ത്രധാരിയായ രൂപം വടക്കേ പടി കയറി വരുന്നത്. 'അച്ഛമ്മേ, ഞാമ്പറഞ്ഞിലേ! ദാ വരുണു പ്രാന്തൻ പണ്ടാരൻ '. പ്രവചനം അക്ഷരം പ്രതി ശരിയാക്കിയ ജ്യോത്സ്യന്റെ ഭാവത്തിൽ ആഹ്ലാദത്തോടെ ഞാൻ വിളിച്ചു പറഞ്ഞു. അയാൾ എന്നെ കണ്ട് ചെറുതായി തലയാട്ടി. എഴുന്നേൽക്കണോ വേണ്ടയോ എന്ന് സംശയിച്ചു കൊണ്ട് അടുക്കള ഉമ്മറത്തെ ചവിട്ടു കല്ലിൽ മുരണ്ടു കൊണ്ട് കിടന്ന ടോമിയെ ഞാൻ ശകാരിച്ച് ശാന്തനാക്കി. അവൻ ഇള വെയിലിന്റെ ചൂടിൽ വീണ്ടും മയങ്ങാൻ തുടങ്ങി.    'പണ്ടാരൻ എവിടയാ താമസിക്കണ്? ' ഞാൻ കുശലം ചോദിച്ചു. കുത്തി നിന്ന വടി മെല്ലെ വടക്കോ ട്ട് ചായ്ച്ച് അയാൾ പറഞ്ഞു. ' ചാമി ടോടെ; സ്കൂൾ പറമ്പിലെ'. വീണ്ടും ചെറുതായി തലയാട്ടി.     ' ന്നാ പൊന്നമ്പലാ, ഈ അരി അയാൾക്ക് കൊട്ത്താ'   അച്ഛമ്മ പറയുന്നത് കേട്ട് ഞാൻ തിരിഞ്ഞു നോക്കി. പഴയ കടലാസു കഷ്ണത്തിൽ പൊതിഞ്ഞ കുറച്ച് അരി പൊന്നമ്പലത്തരകൻ നടുമുറ്റത്തിന്റെ പടിഞ്ഞാറെ തിണ്ണയിൽ കൊണ്ടുപോയി വെച്ചു.' പണ്ടാരൻ പഴനിക്കൊന്നും പോവാറില്ലെ?  ' തിങ്കളാഴ്ച അരിക്കാര'നോടും, ശശിക്കുട്ടീ  എന്ന് നീട്ടി വിളിച്ച് ഏട്ടനോട് പ്രത്യേക താല്പര്യം കാണിക്കാറുള്ള അപ്പു പണ്ടാരനോടും അച്ഛമ്മ ചോദിക്കാറുള്ള സ്ഥിരം ചോദ്യങ്ങൾ ഞാൻ 'പ്രാന്തൻ' പണ്ടാരനോട് ചോദിച്ചു. പണ്ടാരൻ അലക്ഷ്യമായി തലയാട്ടി. ഉണ്ടെന്നോ ഇല്ലെന്നോ മനസ്സിലായില്ല.                             '     'കുട്ടിയ്ക്ക് വേറെ തൊഴിലില്ല. അയാള്പ്പൊ പഴനിക്ക് പോവാണ്, തിരിഞ്ഞു നടക്കുന്ന പൊന്നമ്പലതരകന്റെ പ്രസ്താവന കേട്ട് എനിയ്ക്ക് അൽപ്പ മൊരു നിരാശ തോന്നി. പതുക്കെ മനസ്സിലേക്ക് കയറി വരാൻ തുടങ്ങിയ ദീപാലംകൃതമായ ഒരു ചെറിയ കുന്നും ആകാശത്തേയ്ക്ക് തെറിച്ചു നിൽക്കുന്ന ചുവന്ന വേലും, താളാത്മകമായ കുതിരക്കുളമ്പടികളും പെട്ടെന്ന് മാഞ്ഞു പോയി.    മുഷിഞ്ഞ ഭാണ്ഡത്തിലേക്ക് അരി പകർന്ന്, കടലാസ് ചുരുട്ടി നടുമുറ്റത്തിന്റെ വടക്കുപടിഞ്ഞാറെ കോണിൽ നിന്ന സുരഭി മരത്തിന്റെ ചുവട്ടിൽ കുന്നു കൂടിയ കുപ്പയിലേക്കെറിഞ്ഞ് , പണ്ടാരൻ വടക്കേ പടിയുടെ പടവുകളിറങ്ങി. ' അയാളേതോ ചെട്ടിയാരാണെന്നാ ആളോള് പറയണ്!' വെറ്റിലയുടെ ചീന്ത് വായിലേക്ക് തിരുകി ചിരി ഒതുക്കി കൊണ്ട് പാറുകുട്ടി ഇളയമ്മ പറഞ്ഞു. '
'
ഏതായാലും മറ്റേ പണ്ടാരന്മാർക്കൊന്നും ഇയാളെ അറിയില്ലാത്രേ!'
         അന്ന് സ്ക്കൂൾ വിട്ട് ഗേറ്റ് കടന്നപ്പോൾ ഞാൻ തിരിഞ്ഞു നിന്ന് ചാമിയുടെ കടയിലേയ്ക്ക് കുനിഞ്ഞു നോക്കി. ചെറിയ മരബെഞ്ചിന്റെ അറ്റത്ത് മുഷിഞ്ഞ ഒരു ഭാണ്ഡവും അതിൽ ചാരി ഒരു വടിയും ഇരിക്കുന്നു.

          ഇഡ്ഡലി ചെറിയ പൊട്ടു കളാക്കി ചട്നിയിൽ പൊടിച്ച് വിരസമായി വായിലേക്കിട്ടുകൊണ്ടിരുന്ന എന്നെ നോക്കി അച്ഛമ്മ പറഞ്ഞു., 'നാളെ ദോശ ണ്ടാക്കാം ട്വൊ. ഏതായാലും സ്കൂളും തെരക്കും ഒന്നും ഇല്ല്യലോ . പാറുട്ട്യേ! അരീം ഉഴന്നും വെള്ളത്തിലിട് മ്പോ ത്തീരി ഉലുവ ഇട്ടാൻ മറക്കണ്ടാ, നാളെ എല്ലാര്ക്കും ദോശ ആവാം.' കലവറ മുറിയിൽ വാതിലിനു പിറകിൽ നിന്ന് പുകയില കഷണം വായിൽ തിരുകുന്ന പാറുകുട്ടിയിളയമ്മ പറഞ്ഞു, ഓ, നാളെ പെഷലാ?

          ടോമിയുടെ കുര കേട്ട് എല്ലാ വരും ശ്രദ്ധാലുക്കളായി. പശുക്കൾക്ക് തവിടും പിണ്ണാക്കും കലക്കിയ വെള്ളം കൊട്ടുത്ത് ചെമ്പിൽ താളം പിടിച്ച് അടുക്കളയിലേയ്ക്ക് വരുന്ന പൊന്നമ്പലതരകൻ പറഞ്ഞു' ദാ, അമ്മോട് േത്ത്യ പണ്ടാരൻ എ േത്ത്യർക്ക്ണു.' 
          
അച്ഛമ്മ ഇടവഴിയുടെ നടുമുറ്റത്തേക്കുള്ള വാതിൽ പിടിച്ച് നിന്ന് പണ്ടാരനോട് പറഞ്ഞു. ഇന്നലെ അല്ലെ പണ്ടാരൻ വന്നത്? ഇബട ള്ളോരടെ രാവിലത്തെ കഴിക്കലും കൂടി ആയിട്ടില്ല. അപ്പളക്കും മിറ്റത്തെത്തി. ഇങ്ങനെ ദിവസേന വന്ന് മട് പ്പിക്കണ്ട .' അച്ഛമ്മ വാതിലടച്ച് തിരിഞ്ഞ് അടുക്കളയിലേക്കു നടക്കുമ്പോൾ പണ്ടാരൻ ആദ്യമായി നീരസത്തോടെ ഉറക്കെ പറയുന്നതു കേട്ടു.' അമ്മോ! ഇങ്ങനെ ആ യാൽ വരവ് നിക്കും'. പണ്ടാരന്റെ  പ്രതികരണം എല്ലാവരിലും ചിരിയുണർത്തി.
    ഞാൻ കൈ കഴുകാൻ എഴുന്നേറ്റേപ്പാഴാണ് ടോമിയുടെ  വല്ലാത്തകുരയും പോ , പോ എന്ന പണ്ടാരന്റെ ശബ്ദവും കേട്ടത്. വാതിൽ ധൃതിയിൽ തുറന്ന് പാറുകുട്ടിയിളയമ്മ തിണ്ണയിലേക്കിറങ്ങി. 'ദാ ! ഈ പണ്ടാരനെന്തിനാപ്പൊ ബടക്ക് കേറി വന്നത്? നോക്കാ ഏട്ത്ത്യേ! പണ്ടാരനെ നായകടിച്ചു ന്ന് തോന്ന്ണു.' അവർ ഉറക്കെ വിളിച്ചു പറഞ്ഞു.

  ധൃതിയിൽ കൈ കഴുകി ട്രവു സറിൽ തുടച്ച് ഞാൻ നടുമുറ്റത്തേക്കോടി. കുരച്ചു ചാടാനായുന്ന ടോമിയെ വടി വീശി അകറ്റാൻ നോക്കുന്ന പണ്ടാരന്റെ ഇടത്തെ കാൽ വണ്ണയിൽ നിന്ന് ചോര മെലിഞ്ഞ രണ്ടു ചാലുകളായി ഒഴുകി ഇറങ്ങുന്നു.
ഞാൻ അടുത്തെത്തിയപ്പോൾ ടോമി അൽപ്പം ശാന്തനായി. അവനെ ശകാരിച്ച് ഞാൻ പിൻ മാറ്റി. മനമില്ലാമനസ്റ്റോടെ മുരണ്ടു കൊണ്ട് അവൻ കുളപ്പുരയുടെ പടവുകളിറങ്ങിപ്പോയി.
       
     ' വെളക്ക് തൊടയ്ക്കാൻ വെച്ചീന്ന് ഒരു കഷണം തുണി എടുത്ത് അയാൾക്ക് കൊട്ത്താ പാറുട്ട്യേ.' അമ്പരന്ന് നിൽക്കുന്ന അച്ഛമ്മ വിളിച്ചു പറഞ്ഞു. 'പാവം തന്നെ, ആരും കണ്ട തൂല്ല്യ. എന്തിനേ പ്പൊങ്ങട് കേറി വന്നത് ? നായ കെടക്കണ കണ്ടില്ലേ പണ്ടാരൻ ? ന്നാലൊ, അശ്രീകരം ദ് വരെ ആരേം കടിച്ചിട്ടില്ല്യ. ആദ്യായിട്ടാ, അതും ആ പാവത്തിനെ! തുണി വാങ്ങിട്ട് കാലിൽ കെട്ടിൻ.' അച്ഛമ്മയുടെ വാക്കുകൾ കേട്ട് പണ്ടാരൻ പറഞ്ഞു . 'സാരല്ല്യമ്മാ, പോട്ട മ്മാ, പോട്ട്, കേട്ട് വെള്ളം പോട്ട്..'

         'നായിനെ പറഞ്ഞിട്ടെന്താ കാര്യം? അയാള് അകത്തയ്ക്ക് വര്വാന്ന് നീരീച്ച് ട്ടാ അവൻ . അയാളടെ കീറത്തുണീം പൊക്കണോം ഒക്ക കൂടി നായ വെറളി പിടിച്ചതാ' ! പൊന്നമ്പലത്തരകൻ ടോമിയെ കുറ്റപ്പെടുത്താൻ തയ്യാറല്ലായിരുന്നു. 
അരി വാങ്ങി ഭാണ്ഡത്തിലിട്ട് വടക്കേ പടിയ്ക്കലേയ്ക്ക് പടവുകൾഇറങ്ങി പോകുന്ന പണ്ടാരനെ, വായ്ച്ചു നിൽക്കുന്ന മുളകു ചെമ്പരത്തികൾക്കിടയിലൂടെ ഞാൻ നോക്കി നിന്നു .
            
             തിങ്കളാഴ്ച രാവിലെ സ്കൂൾ ഗേറ്റിനു സമീപത്തു നിന്ന് ഞാൻ ചാമിയുടെ ചായക്കടയിലേക്ക് ആകാംക്ഷയോടെ നോക്കി, മുഷിഞ്ഞ ഒരു ഭാണ്ഡവും ചാരി വെച്ച ഒരു വടിയും പ്രതീക്ഷിച്ച് - ബെഞ്ച് അനാഥമായി ,ഒഴിഞ്ഞു കിടന്നു. വിഷാദത്തോടെ ഞാൻ ഗേറ്റ് കടന്ന് സ്കൂളിലേയ്ക്ക് കയറി.

              പിന്നെപ്പോഴോ തിങ്കളാഴ്ച അരിക്കാരനോട് അച്ഛമ്മ അന്വേഷിക്കുന്നതു കേട്ടു.' കൊറച്ച് നൊസ്സ് ണ്ട് ന്ന് തോന്നും  കണ്ടാൽ, നിങ്ങടെ കൂട്ടക്കാരനാന്നാ പറയണ്, വന്നാ സ്ഥിരം ബടെ രാവിലെ എത്തും, കൊറെ ആയി പ്പൊ കാണാറില്ല. വല്ല വിവരോം ണ്ടോ? ' അച്ഛന്റെയും അമ്മായിമാരുടെയുംചെറുപ്പത്തിൽ മുപ്പട്ടു തിങ്കളാഴ്ച അരിക്കുവന്നിരുന്ന ഡണ്ടിക്കായി എന്ന വിചിത്രമായ പേരുള്ള പണ്ടാരന്റെ മകനാണ് ഇപ്പോഴത്തെ തിങ്കളാഴ്ച അരിക്കാരൻ . മുത്തച്ഛനെ ചെറുപ്പത്തിൽ കാവടി എടുപ്പിച്ചത് ഡണ്ടിക്കായി ആണെന്ന് മാങ്ങോട്ടെ കുഞ്ഞിമാളു അമ്മായി ഒരിക്കൽ ശ്റാദ്ധത്തിനു വന്നപ്പോൾ പറഞ്ഞു കേട്ടിട്ടുണ്ട്.
       
     കഷണ്ടി കയറിയതലയിൽ കൈ ഓടിച്ച് ആലോചിച്ച് പണ്ടാരൻ പറഞ്ഞു' ഇല്ലമ്മാ! തേനൂരിൽ ഞങ്ങടെ കൂട്ടത്തില് അങ്ങനെ ആരൂല്ല്യ. ദേശങ്ങള് താണ്ടി നെറയെ ആൾക്കാര് നടക്ക്ണ്ണ് ണ്ട്, ആരാണോ ആവോ ?
      പിന്നീടൊരിക്കൽ വന്ന വളക്കാരിയോടും അന്വേഷിച്ചു. ആർക്കും പരിചയമില്ല ഭ്രാന്തൻ പണ്ടാരനെ! 

       ' ഇനി അയാള് വരില്ലെ?' ആരോടെന്നില്ലാതെ ഞാൻ ചോദിച്ചു.

     'ആരക്കാ അറിയാ കുട്ട്യേ? ആരുല്ല്യ ത്തോരടെ കാര്യം ഒക്കെ അത്രെന്നെ, എവിടേ ങ്കി ലും കെടന്ന് ചത്തോ കെട്ടോ പോവന്നെ . ദൈവം തൊണണ്ട് ന്നൊക്കെ പറഞ്ഞ് സമാധാനിക്കാം. അത്രന്നെ.' ഒരു ജ്ഞാനിയെപ്പോലെ പൊന്നമ്പലതരകൻ പറഞ്ഞ വാക്കുകൾ കേട്ട് ഞാൻ ഒരു നിമിഷം സ്തബ്ധനായി നിന്നു. അടുത്ത നിമിഷംഒരു നീറ്റൽ നെഞ്ചിലൂടെ മിന്നി, വളരെ ചെറിയ ചൂണ്ട ഉള്ളിലേക്കിട്ട് ആരോ പെട്ടെന്ന് വലിച്ച പോലെ !  ഒതുക്കുകല്ലിനുത്ത് പാതി മയക്കത്തിൽ കിടന്ന ടോമി 'ങ്ങ് യും ' എന്ന് ഞരങ്ങി, ഒതുങ്ങി കിടന്നു.വലിയ ശബ്ദത്തോടെ ഒരു പറ്റം പ്രാവുകൾ ചിറകടിച്ച് പാടത്തേയ്ക്ക് പറന്ന കന്നു. ഞാൻ ഉമ്മറത്തെ ഒതുക്കുകല്ലിറങ്ങി , കുരുമുളകു വള്ളികൾ പടർന്ന കവുങ്ങുകൾക്കിടയിലൂടെ വടക്കെ പടിക്കലേക്കു നോക്കി; മുഷിഞ്ഞ വസ്ത്രധാരിയായ നീണ്ട മുഖവും വലിയ മീശയുള്ള ഒരു രൂപം വടി ചുഴറ്റി പടി കയറി വരുന്നുണ്ടോ എന്ന് .

Comments

  1. Truly amazing account of a magical town from a bygone era ...

    ReplyDelete
  2. Really nostalgic. Could be enjoyed better by our generation

    ReplyDelete
  3. Nostalgic informative narrated from a great era..as I have travelled through those narrated ways..all those characters came live infront of me.
    I was unaware of your writing skillls..great job Babuetta☺️👍

    ReplyDelete
  4. Yes he used to come to come to our house also. The feeling is there in your story, keep it up.

    ReplyDelete
  5. എനിക്കും ഓർമ്മ വരുന്നു
    എഴുത്ത് നന്നായിട്ടുണ്ട്
    തുടരണം

    ReplyDelete
  6. Thank you all for the comments, prompting me to write more

    ReplyDelete
  7. അസ്സലായിട്ടുണ്ട്.തുടർന്നും എഴുതുക

    ReplyDelete
  8. ഗൃഹാതുരത്വം ഉണര്‍ത്തുന്ന എഴുത്ത്..
    പണ്ട് ഇവരായിരുന്നു നമ്മില്‍ കൌതുകം ഉണര്‍ത്തിയിരുന്നത്.... എവിടന്നാ വരുന്നത്.. എങ്ങോട്ടാ പോണത് ... എന്ന ചോദ്യങ്ങള്‍ക്ക് ഒരു പുഞ്ചിരിയിലൂടെ മറുപടി ...
    എഴുത്ത് തുടരുക ... കാത്തിരിക്കാം

    ReplyDelete
  9. മെലിഞ്ഞു നീണ്ട മുഖം ഒക്കെ ആണെങ്കിലും മാതു പണ്ടാരത്തിൽ ലേക്ക് പോയി ഓർമ്മകൾ.......

    ReplyDelete

Post a Comment

Popular posts from this blog

അക്കാലത്ത് അറബിക്കടൽ ചോരയാൽ ചുവന്നിരുന്നു

ഭക്ഷണപ്രിയരുടെ ശ്രദ്ധക്ക് .....

ഒരു കടൽ ദൂരം