കൊത്തമ്പാല അരച്ചു ചേർത്ത പഴമൊഴി

 കൊത്തമ്പാല അരച്ചുചേർത്ത പഴമൊഴി              

               ---------------------------------- 

       മീനമാസത്തിലെ വെയിലിൽ മുറ്റങ്ങൾ ചൂടാക്കിപഴുപ്പിച്ചചെമ്പുതകിടുകൾ പോലെ മലർന്നു കിടന്നു. വലതു കയ്യിന്റെചൂണ്ടുവിരലിനും തള്ളവിരലും ഇടയിൽ മൂക്കുപൊടി കൂട്ടി പിടിച്ച് ഇടതു കൈ കൊണ്ട് പൊടി ഡപ്പി അരയിൽ തിരുകി, കൃഷി കാര്യങ്ങൾ നോക്കി നടത്തുന്ന നാരായണൻ മാമൻ കിണറു ചുറ്റി കിഴക്കെ മുറ്റത്തേയ്ക്ക് കയറി വന്നു. കിഴക്കേ കോലായിൽ ഇരുന്ന് അച്ഛമ്മയുടെ രാമായണം വായന കേട്ട് പാതി മയക്കത്തിലേക്ക് വഴുതിയിറങ്ങിയ മുത്തച്ഛൻ പതുക്കെ തല ഉയർത്തി നോക്കി.' എന്താ ഉഷ്ണം! മഴ നേരത്തെ ണ്ടാവുംന്നാ തോന്നണ്. ആ കരീം നൊകോം ഒക്കെ ഒന്ന് കേട് തീർക്കാന്ണ്ട്. ആശാരിയ്ക്ക് ഒരു തച്ച് പണി ണ്ടാവും. നേർത്തക്കൂട്ടി നോക്ക്വാ നല്ലത്.' പൊടി മൂക്കിലേയ്ക്ക് വലിച്ചു കയറ്റി വിരലുകൾ ചെറിയ ശബ്ദത്തോടെ കുടഞ്ഞ് മൂക്കു തുടച്ച് നാരായണൻ മാമൻ പറഞ്ഞു. മുത്തച്ഛൻ ഒന്നു മൂളി. താഴ് വാരത്തിന്റെ വളയിൽ പിടിച്ച് തൂണു ചാരി നിന്നിരുന്ന കുഞ്ഞുകുട്ടൻ മാമനും സംഗതി ശരിവെച്ച് തലയാട്ടി.


     പശുവിനെ കറന്ന് തമലയിൽ പാലുമായി വരുന്ന പൊന്നമ്പലതരകനോട് മുത്തച്ഛൻ പറഞ്ഞു . 'ഡോ!  അങ്ങാടിക്ക് കേറുമ്പോ ആശാരി കിട്ടയോട് ഒന്ന് വരാൻ പറ, കരീം നൊകോം നേരാക്കാൻണ്ട്', അധികം താമസിക്കണ്ട.' കേൾക്കാത്ത ഭാവത്തിൽ പാലുമായി തളത്തിലേക്കു കടന്ന പൊന്നമ്പലതരകനെ നോക്കി ചെറു ചിരിയോടെ മുത്തച്ഛൻ പറഞ്ഞു, ' ഹും, പണി പറഞ്ഞത് അവന് രസിച്ചിട്ടില്ല.' കേട്ടിട്ടും ശ്രദ്ധിയ്ക്കാത്ത മട്ടിൽ കുഞ്ഞുകുട്ടൻ മാമൻ തൊഴുത്തിന്റെ ഭാഗത്തേയ്ക്ക് നോക്കി നിർവികാരനായി നിന്നു. തെക്കേ മുറ്റം വഴി ഓടി വന്ന 'അറഞ്ഞിക്ക'ലെപട്ടിയെ രണ്ടു കയ്യും കൂട്ടിയടിച്ച് ശബ്ദമുണ്ടാക്കി ' എബടെ പട്ടി' എന്ന് പറഞ്ഞ് ഓടിച്ചു വിട്ടു.


       പാൽ വീതനയിൽ വെച്ച് തിരിഞ്ഞ പൊന്നമ്പലത്തരകൻ ആത്മഗതം പോലെ പറഞ്ഞു. ' കൊത്തമ്പാല, കൊത്തമ്പാലാന്ന് പേര്, മറ്റൊരു മരത്തിന്റെ കുരു, ഞാനരച്ച് വലയ്വാ, അവര് തിന്ന് മലയ്ക്ക്യാ'. ഇത്രയും പറഞ്ഞ്, സ്കൂൾ നാടകങ്ങളിലെ അവസാന രംഗം പോലെ അയാൾ രണ്ടു കയ്യും നിവർത്തി പിന്നോക്കം മലച്ച് രണ്ടു നിമിഷം അനങ്ങാതെ നിന്നു.  അതുവരെ കേൾക്കാത്ത, അർത്ഥം മനസ്സിലാവാത്ത പഴമൊഴി എന്നിൽ കൗതുകവും ചിരിയും ഉണർത്തി. ' എന്താത്, ഒന്നുകൂടെ പറയിൻ, ' ഞാൻ അയാളോട് ആവശ്യപ്പെട്ടു. ' നീ പൊയ്ക്കാ കുട്ട്യേ, നിനക്കെന്താ അറിയാ ബടെ നടക്കണ കാര്യങ്ങള്? ' നീരസത്തോടെ അയാൾ എന്നെ നിരുത്സാഹപ്പെടുത്തി.  'ഏകാംഗാഭിനയം'  ആസ്വദിച്ച് വീതനയിൽ രണ്ടു കയ്യും കുത്തി മുന്നോട്ടാഞ്ഞ് അടക്കിപ്പിടിച്ച് ചിരിക്കുന്ന പാറുകുട്ടിയിളയമ്മയെ ഞാൻ പ്രതീക്ഷയോടെ നോക്കി. അവർ കൈ കൊണ്ടു് പിന്നെ പറയാം എന്ന് ആഗ്യം കാട്ടി. രാമായണം വായന കഴിഞ്ഞ് പുസ്തകങ്ങൾ ചെറിയപുൽപായയിൽ പൊതിഞ്ഞ് പടിഞ്ഞാറെ കോലായിലെ മേശയിൽ ഭദ്രമായി വെച്ച് തിരിച്ചു വരുന്ന അച്ഛമ്മയോട്ഞാൻ പൊന്നമ്പലതരകന്റെ പ്രസ്താവനയുടെ അർത്ഥം ചോദിച്ചു. അവരും ഒരു കണ്ണിറുക്കി ചിരിച്ചു കൊണ്ട് മറ്റാരും കേൾക്കെണ്ടെന്ന് വായ പൊത്തി ആഗ്യം കാണിച്ചു. എന്റെ മുഖത്തെ നിരാശ കണ്ടിട്ടാവണം, സമാധാനിപ്പിക്കാനായി സ്വകാര്യത്തിൽ പറഞ്ഞു. 'സന്ധ്യക്ക് മേല്കഴ്കാൻ കൊളത്തിൽ പോവുമ്പോ പറഞ്ഞു തരാം, ട്ട്വൊ'! ജിജ്ഞാസ മൂത്ത ഞാൻ ചെറിയൊരു പ്രതീക്ഷയോടെ അമ്മയെ തേടി പോയി.

        പടിഞ്ഞാറെ കോലായിൽ മനോരമ ആഴ്ചപ്പതിപ്പിലെ കഥകളിൽ ലയിച്ചിരിക്കുന്ന അമ്മയോട് ഒരു വിധം കാര്യം അവതരിപ്പിച്ചു. ചിരിച്ചു കൊണ്ട് അമ്മ എഴുന്നേറ്റ് തിരിഞ്ഞു നോക്കി. അടുത്താരും ഇല്ലെന്നുറപ്പു വരുത്തി മെല്ലെ പറഞ്ഞു തുടങ്ങി.' അതോ, നമ്മടെ അറഞ്ഞിക്കലെ പടിക്കട്ത്ത് നിക്കണ വലിയപാല മരം കണ്ടിട്ടില്ലേ? പേര് ഒരേ പോലെ ആണെങ്കിലും ആ പാലയായിട്ട് കൊത്തമ്പാലയ്ക്ക് ഒരു ബന്ധവും ഇല്ല. ചെറിയൊരു ചെടിയിലാണ് അത് ണ്ടാവ്വ . ഉരുണ്ട മണി ആയതോണ്ട് അരയ്ക്കാനും ബുദ്ധിമുട്ടാണ്. ന്നാലോ, മിനുസായിട്ടു വേണം അരയ്ക്കാൻ. ന്നാലേ സ്വാദ് കിട്ടൂ.  പൊന്നമ്പലതരകൻ പറയണത് അയാളാണ് അദ്ധ്വാനള്ള പണി ഒക്കെ ചെയ്യണത് ന്നാണ്. മറ്റോരൊക്കെ കാര്യസ്ഥൻമാരായി നടക്കലാണ്. പേരൊക്കെ അവർക്കും.' സംഗതി മുഴുവൻ പിടികിട്ടിയ ഞാൻ ആഹ്ലാദംപങ്കുവെയ്ക്കാൻപൊന്നമ്പലതരകനെ തേടി കുളപ്പുരയിലേക്കുള്ള പടവുകൾ ഓടിയിറങ്ങി. വരാന്തയിലെ മരബെഞ്ചിൽ ഒരു കൈ മടക്കി തലക്കു താഴെ കൊടുത്ത് വശം ചരിഞ്ഞു കിടന്നു മയങ്ങുന്ന പൊന്നമ്പലതരകനെ ഞാൻ ഒരു നിമിഷം നോക്കി നിന്നു. തിളച്ച പാലു പോലെ പൊന്തിവന്ന ആഹ്ലാദത്തെ ഒതുക്കി ഞാൻ സാവധാനം ഒതുക്കുകൾ തിരിച്ചു കയറി. മേൽ പുരയുടെ ഉത്തരത്തിൽ പതുങ്ങിയിരുന്ന പ്രാവുകളുടെ കുറുകൽ ശബ്ദം സാവധാനം നടുമുറ്റത്തേയ്ക്കിറങ്ങി വന്നു.

Comments

Popular posts from this blog

അക്കാലത്ത് അറബിക്കടൽ ചോരയാൽ ചുവന്നിരുന്നു

ഭക്ഷണപ്രിയരുടെ ശ്രദ്ധക്ക് .....

ഒരു കടൽ ദൂരം