ആശാരി ;വെളിച്ചപ്പാട്
ആശാരി വെളിച്ചപ്പാട്
_____________________
പൂക്കാൻ വെമ്പി നിന്ന വാകമരം തണൽ വിരിച്ച വഴിയിലൂടെ കുന്നിറങ്ങി പടിഞ്ഞാറെ പടി കടന്ന്, കിട്ട ആശാരിവന്നു. അച്ഛൻ കോച്ചൻ വെളിച്ചപ്പാടിനുശേഷം ശ്രീകുറുമ്പ ഭഗവതിയുടെ വെളിച്ചപ്പാടാവാൻ നിയോഗം കിട്ടിയ വ്യക്തി! വെളുത്ത് മെലിഞ്ഞ ശരീരത്തിൽ വാർദ്ധക്യത്തിന്റെ കയ്യൊപ്പുകൾ പതിഞ്ഞു തുടങ്ങിയിരുന്നു. സമൃദ്ധമല്ലാത്ത തെങ്കിലും നീണ്ട മുടി മാടി ഒതുക്കി ചെറിയൊരു കൊണ്ടയായികെട്ടി വെച്ചിട്ടുണ്ട്. മുറുക്കി ചുവപ്പിച്ച ചുണ്ടിനിരുവശവും മുഖത്തിന്റെ ചുളിവുകൾ ചാലുകളൊരുക്കി. കേൾവിശക്തി വളരെ കുറവായതിനാൽ, ചുണ്ട് അടച്ചു പിടിച്ച് ചെറിയൊരു ചിരിയിലും തലയാട്ടലിലും അയാൾ പരിചയം പുതുക്കി.സഞ്ചിയിൽ പണിയായുധങ്ങളും തൂക്കി മുണ്ടിന്റെ ഒരു കോന്തല ശരീരത്തിലേയ്ക്ക് ചേർത്തു പിടിച്ച് അൽപം നീളക്കുറവു തോന്നിക്കുന്ന കാലിൽ ഒന്നു കുലുങ്ങിക്കൊണ്ട്, ബദ്ധപ്പെട്ട് വടക്കേ പടിക്കലേയ്ക്ക് അയാൾ പടവുകളിറങ്ങി.
പടിപ്പുരയിൽ മാസങ്ങളായി വിശ്രമത്തിലായിരുന്ന കരി, മരം,നുകം തുടങ്ങിയ കാർഷികോപകരണങ്ങൾ അറ്റകുറ്റപ്പണികൾക്കായി ആശാരിയെ കാത്തു കിടന്നിരുന്നു.
കുലകളായി പൂത്തു നിന്ന അശോകമരം തണലിടുന്ന ചെറിയ മുറ്റം പണിശാലയാക്കാനുള്ള ശ്രമം അയാൾ തുടങ്ങി. ചെറിയ സഞ്ചിയിൽ നിന്നും പുറത്തെടുത്ത പണി ആയുധങ്ങളുടെ വൈവിധ്യക്കുറവ് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ആകെ ഉളികൾ രണ്ടോ മൂന്നോ തരം മാത്രം. 'തോത് ' മാഞ്ഞു തുടങ്ങിയ ഒരു മുഴക്കോൽ ആശാരിയുടെ ' ഔദ്യോഗിക ചിഹ്നം' പോലെ . സഞ്ചിയുടെ പുറത്തേക്ക് തെറിച്ചു നിന്നു. മേടാനുപയോഗിക്കുന്ന 'വാളാമുട്ടി' എന്ന ഒരറ്റംചെറുതാക്കി ഉരുട്ടിയെടുത്ത ചതുരാകൃതിയിലുള്ള ഇരുമ്പുകട്ടയുടെ അഭാവം എന്റെ മനസ്സിൽ സംശയത്തിന്റെ നിഴൽ വിരിച്ചു. ആശാരിമാരുടെ ശേഖരത്തിലെ ഉളികളിൽ ഏറ്റവും വലുതും വീതിയേറിയതുമാണ് 'വടക്കനുളി'. കൂടുതൽ വീതിയിൽ മരം നേരിയ കനത്തിൽ ചെത്തിയെടുത്ത് മിനുസപ്പെടുത്താൻ ഉപയോഗിക്കുന്ന വടക്കനുളിയുടെ മരപ്പിടി നിരന്തരമായ ഉപയോഗം കൊണ്ട് ചെറുതാവാറുണ്ട്. എന്നാൽ ഇയാളുടെ വടക്കനുളി പുത്തനായി ഇരിക്കുന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.മരപ്പണിയിലെ കേമന്മാരായി കണക്കാക്കിയിരുന്ന അയ്യപ്പന്റെയും, രാഘവന്റേയും പണി സഞ്ചിയിൽ നിന്നും പുറത്തുവന്നിരുന്ന വിവിധ തരം 'ആയുധ'ങ്ങളുടെയും, കൃത്യമായി അളക്കാനും മുറിക്കാനുമുള്ള നാടൻ ഉപകരണങ്ങളുടേയും വൈപുല്യം ചെറിയച്ഛന്റെ വീടു പണിക്കാലത്ത് ഞാൻ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ടു്. പ്രഗത്ഭരായആശാരിമാർകാർഷികോപകരണങ്ങൾ നന്നാക്കാൻവിമുഖത കാണിക്കാറുണ്ട്.അവരുടെ പ്രാവീണ്യത്തെ വെല്ലുവിളിക്കാൻ പ്രാപ്തിയില്ലാത്ത ഇത്തരം പണികൾ വെറും 'കരിയണയ്ക്ക'ലായി ഒതുക്കപ്പെട്ടു ; അത്ര തന്നെ പ്രാവീണ്യമില്ലാത്തവർക്കായി!
' ങ്ഹാ ! ആളോള് കര്തണ മാതിരി കരി അണയ്ക്കല് അത്ര എള്പ്പള്ള പണി അല്ല. കരിടെ കനം രണ്ടു ഭാഗത്തും ഒപ്പം ആക്കി നിർത്തണം. ഇല്ലെങ്കിൽ പൂട്ടുമ്പോൾ കരി ചെരിഞ്ഞ് കന്നിന്റെ കാലിൽ ഇരുമ്പു 'കൊഴു' തറക്കും.' കുഞ്ഞു കുട്ടൻ മാമൻ മുമ്പ് പറഞ്ഞത് ഞാനോർത്തു. അട്ടക്കരിയും ഉപ്പും മഞ്ഞളും ചേർത്ത് അരച്ച് കെട്ടുന്ന നാട്ടുവൈദ്യംനിലവിലുണ്ടെങ്കിലും,കാലിലുണ്ടാവുന്ന വ്രണങ്ങൾ നാൽക്കാലികൾക്ക് പലപ്പോഴും മാരകമാവാറുണ്ടെന്ന് കൂടി കേട്ടതോടെ 'കരിയണയ്ക്കലും ' ആശാരിമാരുടെ ഒരു നൈപുണ്യ മേഖലയായി അംഗീകരിക്കാൻ ഞാൻ മാനസികമായി തയ്യാറെടുത്തിരുന്നു.
കുളപ്പുരയിൽ ചാരിവച്ചിരുന്ന മഴുവിന്റെ 'തായ'മാറ്റി ആശാരി ' വാളാമുട്ടി ' യാക്കി പണി തുടങ്ങി. ഒരു ദിവസം ആശാരിപ്പണി കാണാനുള്ള അവസരം നഷ്ടപ്പെട്ട ഞാൻ തെല്ലൊരു നിരാശയോടെ സ്ക്കൂളിലേയ്ക്ക് പുറപ്പെട്ടു.
സ്കൂൾവിട്ട് ആകാംക്ഷയോടെ ഞാൻ വടക്കേ പടി കടന്നുവന്നു.അറ്റകുറ്റപ്പണികൾ കഴിഞ്ഞ ഉപകരണങ്ങൾ വൃത്തിയായി അടുക്കി ഒതുക്കി വെച്ചിരിക്കുന്നു.
വിറകടുപ്പിൽ ' ത്വരക' ങ്ങളായി മാറാനുള്ള വെട്ടിയിട്ട ചുരുളൻ മുടി പോലുള്ള ചീളുകളും ചെറിയ മരപൂളുകളും മുറത്തിലാക്കുന്ന പാറുകുട്ടിയിളയമ്മ എന്റെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. ' ഓ ! ആശാരിയൊ ക്കെ നേർത്തേ പോയി. കൊറച്ച് പണി അല്ലേ ണ്ടായിര്ന്നോളൂ'. കുറച്ചു നേരം ആ ചെറിയ മുറ്റത്ത് ചെലവഴിച്ച് ഞാൻ വീട്ടിലേക്ക് പടവുകൾ കയറി. ചെട്ടിയങ്ങാടിയിലെ മാരിയമ്മൻ കോവിലിനുപിന്നിലെ ഉയർന്ന ആൽമരം ലക്ഷ്യമാക്കി മാനത്ത് കാക്കകളുടെ കൂട്ടം മടക്കയാത്ര തുടങ്ങിയിരുന്നു.
മേടം രണ്ടാം തിയ്യതിയാണ് ശ്രീകുറുമ്പക്കാവിലെ വിഷുവേല. ഒന്നാം തിയ്യതി രാവിലെ കണി കാണുന്നതോടെ 'അക്കൊല്ലത്തെ വിഷു കഴിഞ്ഞു' എന്ന തോന്നലിൽ നിന്നും മുക്തനാവാൻ ഞാൻ പീറ്റേ ദിവസത്തെ വിഷുവേലയേയും, വെളിച്ചപ്പാടിന്റെ വരവിനേയും പറ്റി ഓർക്കാറാണ് പതിവ്.
' ഇന്നെങ്കിലും നീയ്യ് നേരത്തിനും സമയത്തിനും ഒന്ന് കഴിക്കാൻ വാ പൊന്നമ്പലാ; രണ്ട് രണ്ടര ആവുമ്പളയ്ക്ക് വെളിച്ചപ്പാട് വരും. ആ നേരത്തന്നെ ഉണ്ണാനിരിക്കണ്ട. ഇളനീര് വെട്ടിക്കൊണ്ട ന്നോ നീയ്? ഒന്ന് വേഗം നോക്ക് '. കുളത്തിൽ നിന്നും കൈകാലുകൾ കഴുകി വരുന്ന വഴി അച്ഛമ്മ പൊന്നമ്പലതരകനോട് പറഞ്ഞു. കവുങ്ങിൻ തടിയിൽ മുളഏണി ചാരി മുണ്ടിന്റെ പിൻ ഭാഗം സഞ്ചി പോലാക്കി വെറ്റില പറിച്ചിടുന്ന പൊന്നമ്പലതരകൻ ഒന്നും കേൾക്കാത്ത മാതിരി തന്റെ പണി തുടർന്നു.' എന്തോ ആയിക്കോ. പോത്തിന്റെ ചെവീല് വീണ വായിച്ചിട്ടെന്താ കാര്യം' എന്നു ചോദിച്ച് എന്നെ നോക്കി ചിരിച്ചു കൊണ്ട് അച്ഛമ്മ ഒതുക്കുകൾ കയറി. വായ കൊണ്ട് ഗോഷ്ഠി കാട്ടി ചിരിച്ച് പൊന്നമ്പല തരകൻ പറഞ്ഞു. 'നീയൊന്ന് പോയി കലവറയുടെ വാതിലിനു പിന്നിൽ നോക്ക്യോക്കാ'.
കലവറയുടെ വാതിലിനു പിന്നിൽ ഒളിപ്പിച്ചു വെച്ച ഇളനീരുകൾ കാട്ടിക്കൊടുത്തപ്പോൾ അച്ഛമ്മ മൂക്കത്തു വിരൽ വെച്ചു ചിരിച്ചു കൊണ്ടു പറഞ്ഞു.' കുരുത്തം കെട്ടോന്റെ കയ്യിലിരുപ്പ് കാരണം തന്ന്യാണ് വെറുതെചീത്ത കേക്കണ് '.
ഉച്ചയൂണു കഴിഞ്ഞതും ഇടയ്ക്കിടെ പടിഞ്ഞാറെ കോലായിൽ പോയി നോക്കി . വെളിച്ചപ്പാടും സംഘവും ഏതു നിമിഷവും വരാമെന്ന പ്രതീക്ഷയിൽ. കുറെ കാത്തിരുന്ന് പ്രതീക്ഷ നഷ്ടപ്പെട്ട് എന്തോ ആലോചനയിൽ ഇരുന്നപ്പോൾ ശ്രീ കുറുമ്പക്കാവിന്റെ ഭാഗത്തു നിന്ന് കതിനാവെടിയുടെ ശബ്ദം കേട്ടു. 'അതാ വെളിച്ചപ്പാട് പൊറപ്പെട്ടു. പ്പൊ ബടെ എത്തും, എല്ലാം ഒരുക്കി വെയ്ക്ക്യാ' . മുത്തച്ഛൻ'അകത്തേയ്ക്ക്' വിളിച്ചു പറഞ്ഞു നെറച്ചു വെപ്പ്, നിലവിളക്ക്, ഇളന്നീർ, മടവാൾ എന്നിവ പ്രധാന വാതിലിനടുത്തായി ഒരുക്കി വെച്ചു. ആകാംക്ഷയോടെ പടിഞ്ഞാറെ പടിക്കലേക്കു നോക്കിയിരുന്ന ഞാൻ തെക്കെ കുന്നത്തു നിന്ന് ഒരു ആരവം കേട്ടു.. ഒരു പാട് പേരുടെ ശബ്ദങ്ങൾ കൂടി കലർന്ന് ഒന്നായി ഒരു വലിയ വണ്ടിന്റെ മൂളിച്ച പോലെയുള്ള ഒരു ശബ്ദം ഇരച്ചു കൊണ്ട്കുന്നിറങ്ങി വന്നു. ഒപ്പം ഓട്ടുമണികളുടെ കിലുക്കവും. പടിഞ്ഞാറെ ഗേറ്റ് തുറക്കുന്ന ശബ്ദം ഞാൻ കേട്ടു. അടു ത്ത നിമിഷം ഏതോ കൊടുങ്കാറ്റിൽ നില തെറ്റി പാറി വന്ന പോലെ അരയിലും, മാറ ത്ത് കോണോടു കോണും ചെമ്പട്ടു ചുറ്റിയ വെളിച്ചപ്പാട് നടു മുറ്റത്തേയ്ക്ക് ചാടിയിറങ്ങി. രണ്ടാഴ്ച മുമ്പ് അൽപം മുടന്തിക്കൊണ്ട് പണിക്കു വന്ന ആശാരി എന്റെ ഓർമ്മയിൽ നിന്നും മായ്ക്കപ്പെട്ടു. പ്രധാന വാതിലിനു സമാന്തരമായി, ഒന്ന് ശങ്കിച്ചതു പോലെ, വെളിച്ചപ്പാട് മുന്നോട്ടാഞ്ഞ് നിന്നു. ഇടതു കൈ കൊണ്ട് മുടി ഒന്നുകൂടി വിടർത്തിയിട്ട് വെട്ടിത്തിരിഞ്ഞ്, പടിഞ്ഞാട്ട് പാഞ്ഞു. ഓട്ടു മണികളുടെയും, ചിലമ്പിന്റെയും കലമ്പലിൽ ' ഹിയ്യേ' എന്ന വായ്ത്താരിയും കൂടി ചേർന്നു. പടിഞ്ഞാറു നിന്നും ചരിഞ്ഞു വീഴുന്ന വെയിലിൽ മിന്നൽ പിണർ പോലെ വെളിച്ചപ്പാടിന്റെ വാൾ രണ്ടുമൂന്നുതവണ ഉയർന്നു താണു.ഓടിന്റെ ചൂടിൽ മയങ്ങിയിരുന്ന പ്രാവിൻ കൂട്ടം പെട്ടെന്നുള്ള പ്രകോപനത്തിൽ ചിറകുകളടിച്ച് അസ്വസ്ഥത പ്രകടിപ്പിച്ചു. വീണ്ടും കിഴക്കിനഭിമുഖമായി തിരിഞ്ഞ വെളിച്ചപ്പാടിന്റെ നെറ്റിയിൽ നിന്നും ചാലിട്ടൊഴുകിയ രക്തം മൂക്കിന്റെ അറ്റത്തു വെച്ച് രണ്ടായി പിരിഞ്ഞ് കവിളുകളിലെ ചാലുകളിലൂടെ ഒഴുകിയിറങ്ങി. രൌദ്ര ഭാവം കണ്ട് ഭയന്ന അച്ഛമ്മ, നടുവിലെ തളത്തിനുള്ളിൽ ഞങ്ങളെ ചേർത്തുനിർത്തി തൊഴുതു കൊണ്ട് പറഞ്ഞു. 'കൊല്ലത്താൽ അവിടെയ്ക്ക് ചെയ്യാറുള്ള എല്ലാ വഴിപാടുകളും മുറതെറ്റാതെ ചെയ്തിട്ടുണ്ടല്ലോ ഭഗോതീ, പിന്നെന്താ ത്ര ക്രോധം, ആവോ?' വടക്കോട്ടുള്ള വാതിലിലൂടെ വെളിച്ചപ്പാട് കോലായയിലേക്ക് ഓടി കയറി. കൽപ്പന കേൾക്കാൻ തയ്യാറായി പടിഞ്ഞാട്ടു തിരിഞ്ഞു തൊഴുതു നിന്ന മുത്തച്ഛന്റെ മുന്നിലെത്തി നിന്നു. വിറക്കുന്നശരീരം മുത്തച്ഛന്റെ ചെവിക്കരികിലേക്ക് ചെരിഞ്ഞു. ഹും, ഹും എന്ന ശബ്ദങ്ങൾക്കിടയിൽ ഏതാനും വാക്കുകൾ മുറിഞ്ഞു വീണു. വടക്കൻ വാതിൽ.. വേല, ... കുറുമ്പ കൂടെയില്ലേ.. പിന്നെന്താ.. ന്നാ പോരേ എന്നിങ്ങനെ ഏതാനും വാക്കുകൾ മാത്രമാണ് എനിയ്ക്ക് കേട്ടു മനസ്സിലാക്കാനായത്. പ്രധാന വാതിലിലൂടെ കടന്ന് പത്തായങ്ങൾ നിൽക്കുന്ന സ്ഥലത്തിനഭിമുഖമായി നിന്ന് അരിയും പൂവും എറിഞ്ഞ ശേഷം , തിരിഞ്ഞ് സ്ത്രീകളും കുട്ടികളും ചേർന്നു നിൽക്കുന്ന തളത്തിലേക്ക് ചാടിയിറങ്ങി, വെളിച്ചപ്പാട് ഞങ്ങൾക്കു നേരെയും അരിയും പൂവും എറിഞ്ഞു. ഓട്ടുമണികളുടേയും ചിലമ്പിന്റേയും കലമ്പലിനൊപ്പം 'അമ്മേ! ഭഗവതീ!'എന്ന വിളികളും തളത്തിന്റെ നാല്ചുവരുകൾക്കുള്ളിൽമാറ്റൊലിക്കൊണ്ടു. പിന്നീട് കിഴക്കെ തൊടിയിലെ തൊഴുത്ത് ലക്ഷ്യമാക്കി പടവുകൾ ചാടിക്കയറി. നാൽക്കാലികൾക്കു മുന്നിലും അരിയും പൂവും എറിഞ്ഞു. അലസമായി വൈക്കോൽ ചവച്ച് നിന്നിരുന്ന കന്നുകൾ അമ്പരന്ന് , തലകൾ പുല്ലുവട്ടിയിൽ നിന്നും വലിച്ചൂരാൻ ശ്രമിച്ചു. അവയുടെ കൊമ്പുകൾ അഴികളിലുടക്കുന്ന ശബ്ദം ഞങ്ങൾക്ക് കേൾക്കാമായിരുന്നു. തിരിഞ്ഞ് വീണ്ടും നടുമുറ്റത്തേയ്ക്ക് എത്തിയ വെളിച്ചപ്പാടിന്റെ കാലുകൾ ചെറുതായി ഇടറുന്നതു പോലെ തോന്നി. അതുവരെ വലതു കയ്യിൽ ഉയർന്നു നിന്ന വാൾ പതുക്കെ ഒരു വശത്തേയ്ക്ക് ചരിഞ്ഞു. നോക്കി നിന്നിരുന്ന സംഘാംഗങ്ങൾ ഓടിയടുത്തു. വെളിച്ചപ്പാടിനെ തിണ്ണയിലേക്ക് ചാരി ഇരുത്തി. മറ്റൊരാൾ വാൾവാങ്ങി വെച്ചു. ചുമലിൽ കിടന്ന തോർത്തെടുത്ത് വീശിക്കൊടുത്തു. വെട്ടി വെച്ച ഇളനീർ കലിയിറങ്ങിയ വെളിച്ചപ്പാടിന്റെ ചുണ്ടോടടുപ്പിച്ചു. അല്പ നേരത്തെ വിശ്രമത്തിനുശേഷം വെളിച്ചപ്പാട് സാവധാനം എഴുന്നേറ്റു. വളരെ സൂക്ഷിച്ച് പതുക്കെ അടികൾ വെച്ച് സംഘാംഗങ്ങൾക്കൊപ്പം വന്ന വഴിയേ കുന്നു കയറി തിരിച്ചു പോയി.
' എന്തേ കല്പിച്ചത്? എന്താണാവോ കലി അടങ്ങാഞ്ഞത്? നൊമ്മടെ ഭാഗത്ത് തെറ്റൊന്നും ഇല്ലാലോ അല്ലെ?അച്ഛമ്മ മുത്തച്ഛനോട് ചോദിച്ചു.
'പണ്ട് വടക്കേ പാടത്ത്ന്ന് ഒരു വേല കാവിലിക്ക് പോയിരുന്നു. നാപ്പുട്ടിയും(മുത്തച്ഛന്റെ മരിച്ചു പോയ അനുജൻ) തട്ടാൻ നമ്പനും കൂടിയാ അത് നടത്തീ ര്ന്നത്. നിക്ക് നിശ്ശം ണ്ട്. മുടങ്ങിക്കിടക്കണ ആ വേല വീണ്ടും തൊടങ്ങിക്കൂടെ ന്നാ ചോദിച്ചത്. ഇവടക്ക് വേണ്ടതൊക്കെ നെറച്ച് തരുന്നില്ലേ എന്നും. ഞാൻ പ്പൊ അതൊന്നും കൂട്ട്യാ കൂടില്ല. ആളായി നിന്നിരുന്ന അവൻ പോവേം ചെയ്തു. ആരെങ്കിലും തയ്യാറായി വന്നാൽ പറ്റുന്ന സഹായം ചെയ്യാം, അത്രന്നെ!' മുത്തച്ഛൻ പറഞ്ഞു നിർത്തി ; തനിക്കു മുമ്പേ മരിച്ചു പോയ അനുജനെ ഓർത്ത് ഒരു നെടു വീർപ്പിട്ടു.
മുറുകിയ അന്തരീക്ഷത്തിന് അയവു വന്നതോടെ, നടു മുറ്റത്ത് സാവധാനം അരിച്ചു കയറിയ നിശ്ശബ്ദതയിലേക്ക് ഞാൻ ഒതുക്കുകളിറങ്ങി. നടന്ന്, പടിഞ്ഞാറെ മുറ്റത്തിന്റെ കോണിലെത്തിയപ്പോഴേയ്ക്കും തെക്കേ കുന്നത്തു നിന്നും വേലയുടെ ആരവങ്ങളും വാദ്യഘോഷങ്ങളും കേട്ടു തുടങ്ങി. ശ്രീ കുറുമ്പക്കാവിന്റെ ഭാഗത്തു നിന്നും ഒരിളം കാറ്റ് പടികടന്നുവന്നു. വിയർപ്പു പൊടിഞ്ഞ എന്റെ മുഖം ഒന്നു തലോടി കാറ്റ് കടന്നുപോയി. മുറ്റത്തിനരികിലെ പവിഴമല്ലി ഇക്കിളിയായ പോലെ ഒന്നുലഞ്ഞു. അതിൽ നിന്നും നാലഞ്ചു പൂക്കൾ മുറ്റത്തേക്ക് അടർന്നു വീണു ; അനുഗ്രഹം പോലെ !
Nice narration. Aroused nostalgic memories.
ReplyDeleteThank you very much
ReplyDeleteപഴയ കാലത്തേക്ക് ഒരു യാത്ര. നല്ല എഴുത്ത്
ReplyDeleteഗുഡ്
ReplyDelete