തട്ടേക്കാട് - 13 കി.മീ --------------------------------------------------------------------------- പാലായിലുള്ള ഉറ്റ സുഹൃത്തിനെ ഒഴിച്ചു നിർത്തിയാൽ മദ്ധ്യ കേരളത്തിൽ കാര്യമായി എനിക്ക് ബന്ധങ്ങളൊന്നുമില്ല. അതുകൊണ്ടു തന്നെ ആ ഭാഗത്തേക്ക് ഞാൻ യാത്ര ചെയ്തതും വളരെ കുറവാണ്. ഒരു മത്സര പരീക്ഷയ്ക്ക് മകന് കോതമംഗലത്ത് സെന്റർ കിട്ടിയപ്പോൾ യാത്ര കുടുംബ സമേതം ആക്കാമെന്നു വെച്ചതും , യാത്രയെ ഒരു ചെറിയ ഉല്ലാസയാത്ര ആക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു. സാധാരണയായി ലീവ് കിട്ടാൻ വലിയ ബുദ്ധിമുട്ടാണെങ്കിലും, പരീക്ഷയെ മുൻ നിർത്തി എങ്ങിനെയെങ്കിലും 'സാധിച്ചെടുക്കാ 'മെന്ന ആത്മവിശ്വാസത്തോടെ ഞാൻ ഗൂഗിളിനെ ശരണം പ്രാപിച്ചു. അപ്പോഴാണ് ഭൂതത്താൻകെട്ട്, തട്ടേക്കാട് എന്നീ സ്ഥലങ്ങൾ കോതമംഗലത്തിനടുത്താണ് എന്ന് മനസ്സിലായത്. ബാല്യകാല കുസൃതിയായി ഒരു കുരുവിയെ കവണ കൊണ്ട് എറിഞ്ഞു വീഴ്ത്തിയതിൽ പശ്ചാത്തപിച്ച് , ശിഷ്ടകാലം പക്ഷികൾക്കുവേണ്ടി ഉഴിഞ്ഞു വെച്ച ഡോ. സലിം അലിയുടെ പേരിലുള്ള തട്ടേക്കാട് പക്ഷി സങ്കേതം സന്ദർശിക്കണമെന്ന വളരെ കാലത്തെ ആഗ്രഹം സഫലമാകും എന്ന ചിന്ത എന്നെ ആഹ്ലാദിപ്പിച്ചു. കാഞ്ചീപുരത്തിനടുത്ത വേടൻ തങ്ങൾ എന്ന പക്ഷിസങ്കേതം മുമ്പു സന്ദർശിച്ചതിന്റെ ഓർമകളും അവിടത്തെ വൈവിധ്യമാർന്ന പറവക്കൂട്ടങ്ങളും ഈ യാത്രക്ക് ഞങ്ങളെ കൂടുതൽ പ്രേരിപ്പിച്ചു. പൊതുവെ ഡ്രൈവിങ്ങിൽ വലിയ താല്പര്യം കാണിക്കാത്ത ഞാൻ, കുടുംബാംഗങ്ങൾ തന്ന പ്രചോദനത്താൽ യാത്ര സ്വന്തം കാറിൽ തന്നെയാക്കി. തീർത്തും അപരിചിതമായ കോതമംഗലം ടൗണിൽ ഞങ്ങൾ മുറി ബുക്കു ചെയ്ത ഹോട്ടൽ കണ്ടു പിടിക്കാൻ അൽപമൊന്നു പരതിയപ്പോൾ ഒരു ബോർഡ് എന്റെ കണ്ണിൽ പെട്ടു. പെട്രോൾ പമ്പിനോടു ചേർന്ന്, ഇടതു വശത്തേക്കുള്ള റോഡിലേക്കു ചൂണ്ടി പച്ച ബോർഡിൽ വെളുത്ത അക്ഷരങ്ങൾ - തട്ടേക്കാട് -13 കി.മീ. പിറ്റേന്ന് രാവിലെ മകനെ പരീക്ഷാ കേന്ദ്രത്തിലാക്കി ഞാനും ഭാര്യയും തട്ടേക്കാട്ടേക്ക് തിരിച്ചു. നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങൾ പിന്നിട്ട് ഞങ്ങൾ ഒരു കവലയിലെത്തി. ദിശാ സൂചിക അനുസരിച്ച് ഇടതു വശത്തേക്ക് തിരിഞ്ഞ് യാത്ര തുടർന്നു. പെട്ടെന്ന് റോഡ് വിജനമായി; ചെറിയൊരു വനപ്രദേശത്തേയ്ക്കു കടന്നപോലെ ! സ്വതവേ പേടിക്കാരിയായ ശ്രീമതിയ്ക്ക് , മറ്റു വാഹനങ്ങളെ കാണാത്തതുകൊണ്ട് ചെറിയ പരിഭ്രമം തുടങ്ങി. പക്ഷിസങ്കേതങ്ങൾ വിജനമായ സ്ഥലങ്ങളിൽ തന്നെയാണ് ഉണ്ടാവുകയെന്നും , അവിടെ എത്തിയാൽ ധാരാളം സഞ്ചാരികൾ ഉണ്ടാകുമെന്നും ഉള്ളിലെ ഉൽക്കണ്ഠ ഒതുക്കിക്കൊണ്ട് ഞാൻ സമാധാനിപ്പിച്ചു. കുറച്ചു കൊല്ലങ്ങൾക്കു മുമ്പ് വിനോദ യാത്രക്കു വന്ന സ്കൂൾ കുട്ടികൾ ബോട്ടു യാത്രക്കിടെ അപകടത്തിൽ പെട്ടതും പതിനഞ്ചു കുട്ടികളടക്കം പതിനെട്ടു പേർ മുങ്ങിമരിച്ചതും യാത്രാമദ്ധ്യേ ഞാൻ പറഞ്ഞിരുന്നു. 'അപകടം പിടിച്ച ആ സ്ഥലത്തേക്ക് ' പോകാനുള്ള വിമുഖത മാറ്റാൻ പിന്നീടു വന്ന കമ്മീഷൻ റിപ്പോർട്ടുകളെയാണ് ഞാൻ ആശ്രയിച്ചത്. ആറു പേർക്കു മാത്രം കയറാനുള്ള ബോട്ടിൽ, അന്ന് കുട്ടികളടക്കം മുപ്പതിലധികം ആളുകളെ കയറ്റിയതാണ് അപകട കാരണമെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ബോട്ടുടമയും ഡ്രൈവറുമായ വ്യക്തിയുടെ തികച്ചും നിരുത്തരവാദപരമായ പ്രവർത്തിയാണ് ഇത്തരമൊരു ദുരന്തം ക്ഷണിച്ചു വരുത്തിയതെന്ന് റിപ്പോർട്ടുകൾ വായിച്ച ഓർമയിൽ ഞാൻ സമർത്ഥിച്ചു . കാർ മുന്നോട്ടു പോയി കൊണ്ടിരുന്നു. ഒരു ചെറിയ തിരിവ് തിരിഞ്ഞതും വിശാലമായ ജലപ്പരപ്പ് മുന്നിൽ തെളിഞ്ഞു . ഭൂതത്താൻ കെട്ടിൽ തട്ടി ഗതി മുട്ടിയ പെരിയാർ - കവിപറഞ്ഞതുപോലെ "നിന്നില്ല; കന്നൽ മിഴിയൊട്ടു നടന്നു മില്ല" എന്ന മട്ടിൽ ഇരുകരയും മുട്ടി ഓളം തല്ലുന്നു. കാർ പതുക്കെ പാലത്തിലേക്ക് കയറി. ഊർന്നു വീണ സമൃദ്ധമായ മുടിക്കെട്ടു പോലെ പെരിയാർ അഗാധനീലിമയാർന്ന് താഴെ! ജല സമൃദ്ധിയും, ഇരു വശങ്ങളിലെ പൊന്തപ്പടർപ്പുകളും , ഒരു സഞ്ചാരി പോലുമില്ലാത്ത വിജനതയും ചേർന്നൊരുക്കിയ വന്യ ഭംഗി - സാധാരണയായി ഇത്തരം കാഴ്ചകൾ ആസ്വദിക്കാറുള്ള എന്നിലും അൽപ്പമൊരു ഭയമാണ് ഈ കാഴ്ച ഉണ്ടാക്കിയത്. പാലം കടന്ന് കാർ ഒതുക്കി നിറുത്തി , ടിക്കറ്റ് കൗണ്ടർ പോലെ തോന്നിച്ച പഴകിയ കെട്ടിടത്തിലേക്ക് ഞങ്ങൾ നടന്നു. അതിന് എതിർ വശത്തായി അൽപ്പം മുമ്പിൽ വലിയ കമാനവും , പച്ചയിൽ വെള്ളനിറത്തിൽ എഴുതിയ ഡോ. സലിം അലി പക്ഷിസങ്കേതം എന്ന ബോർഡും, ഇല്ലാത്ത സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു ! ടിക്കറ്റ് കൗണ്ടറിനു വശത്ത്, പിന്നിലായി കണ്ട ' mini zoo' വിലേക്ക് കൈ ചൂണ്ടി സംശയം ചോദിച്ച എന്നോട് കൗണ്ടറിലിരുന്ന വ്യക്തി അൽപ്പമൊരു ജാള്യതയോടെയാണ് മറുപടി പറഞ്ഞത് ! "കൂടെല്ലാം തുറന്നു കിടക്കുവാ ; അതിനകത്തൊന്നും ഇല്ല സാറെ ! അകത്തൂടെ ഒരു റോഡുണ്ട്.വേണൽ അതിലൂടെ കുറച്ചു ദൂരം നടന്നേച്ച് വന്നോ ". ഇത്ര ദൂരം വന്നതല്ലേ എന്ന നിലയ്ക്ക് രണ്ട് ദർശനം ശീട്ടാക്കി ഞങ്ങൾ നടത്തം തുടങ്ങി. തുറന്നിട്ട കൂടുകൾക്കു മുന്നിലൂടെയുള്ള മൺപാത അൽപം ചരിഞ്ഞ് ഇറങ്ങാൻ തുടങ്ങി. ഒരു വശം മുഴുവൻ മുളങ്കൂട്ടങ്ങൾ തണൽ വിരിച്ച പാത. നൂറു മീറ്ററോളം നടന്നു കാണും. പെരിയാറിലെ വെള്ളം ഏന്തി നിന്ന് ചതുപ്പായ ഒരു പ്രദേശം മുന്നിൽ . പാതയും അവിടെ അവസാനിച്ച മട്ടാണ്. എവിടെയോ വായിച്ച ഓർമയിൽ ഞാൻ പറഞ്ഞു ; "രാജവെമ്പാലകൾക്ക് പറ്റിയ സ്ഥലം."പാമ്പുകളോട് അസാധാരണമായ ഭയം ഉള്ളിൽ സൂക്ഷിക്കുന്ന ശ്രീമതി , അടുത്ത ക്ഷണം ഞെട്ടി തിരിഞ്ഞു നടക്കാൻ തുടങ്ങിയിരുന്നു ; എന്റെ 'അനാവശ്യ സാഹസങ്ങളെ ' പഴിച്ചു കൊണ്ട് ! അസ്ഥാനത്ത് വിളമ്പിയ വിജ്ഞാനം വിനയായല്ലൊ എന്നോർത്ത് ഞാൻ വിഷണ്ണനായി നിന്നു. " പറവകളെ കാട്ടി തരട്ടോ സാറെ" ? ചോദ്യം കേട്ട് ഞാൻ ഞെട്ടി. എവിടെ നിന്ന് എന്നറിയാതെ കയറി വന്ന ഒരാൾ എന്റെ മുന്നിൽ ! ഉയരം കുറഞ്ഞ്, മുഷിഞ്ഞ മുണ്ടു മാത്രം ധരിച്ച അയാൾ എന്നോട് എന്തോ അപേക്ഷിക്കുന്ന പോലെ വീണ്ടും പറഞ്ഞു." എന്റെ കൂടെ വാ സാറേ, പറവകളെ ഞാൻ കാട്ടിത്തരാം ". സമനില വീണ്ടെടുത്ത ഞാൻ, തിരിച്ചു പോകാൻ തിരക്കു കൂട്ടുന്ന ശ്രീമതിയെ ചൂണ്ടി എന്തോ ഒഴികഴിവു പറഞ്ഞു നടക്കാൻ തുടങ്ങി. കുറച്ചു ദൂരം നടന്ന് തിരിഞ്ഞു നോക്കി; അയാൾ ഒപ്പം വരുന്നുണ്ടോ എന്നറിയാൻ . വിജനമായ ഒറ്റയടിപ്പാത പിന്നിൽ ! അവസാനിക്കുന്ന ഒരു വഴിയിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടാനും അപ്രത്യക്ഷനാവാനും സാധിക്കുന്ന ആ വ്യക്തി അകാരണമായ ഒരു അസ്വസ്ഥത എന്നിലുണ്ടാക്കി. അവിടത്തെ ദുരൂഹങ്ങളായ ഊടുവഴികളെ പറ്റി ചിന്തിച്ചു കൊണ്ട് ഞാൻ ഭാര്യക്കൊപ്പമെത്താൻ വലിഞ്ഞു നടന്നു. ടിക്കറ്റ് കൗണ്ടറിനടുത്തെത്തിയ ആശ്വാസത്തോടെ നിൽക്കുന്ന ശ്രീമതിക്കൊപ്പം നിന്ന് ഞാൻ പരിസരം വീക്ഷിച്ചു. പക്ഷി സങ്കേതത്തിലേക്കുള്ള കവാടത്തിനു കുറച്ചകലെ , റോഡിൽ നിന്ന് ഉള്ളിലേക്കായി , മഞ്ഞ ചായം തേച്ച ഒരു വീട് എന്റെ കണ്ണിൽ പെട്ടു. ആൾ പെരുമാറ്റം കണ്ടതോടെ , മനുഷ്യ വാസമുള്ള ഒരു വീട് കണ്ടെത്തിയ ധൈര്യത്തിൽ ഞങ്ങൾ പക്ഷി സങ്കേതത്തിലേക്ക് നടന്നു. സ്വാഗത കമാനം കടന്നാൽ , റോഡ് എന്നു വിളിക്കാൻ പറ്റാത്ത ഒരു വഴി വിജനതയിലേക്കു നീളുന്നു. വലതു വശത്ത് സാമാന്യം വലിയ മരങ്ങളും ഇടതു ഭാഗത്ത് കുറ്റിച്ചെടികളും , പൊന്തകളും , അതിനുമപ്പുറം കര മുട്ടി നിൽക്കുന്ന പെരിയാറും! കുറച്ചു ദൂരം നടന്ന് ഞങ്ങൾ നിന്നു. മറ്റു കിളികളുടെ കലപില ശബ്ദം പോയിട്ട് , ഒരു കാക്കയുടെ കരച്ചിൽ പോലും കേൾക്കാനില്ലാത്ത നിശബ്ദത ഞങ്ങളെ നിരാശരാക്കി. ഇനിയും മുന്നോട്ടു നീങ്ങുന്നതിലെ വ്യർത്ഥത മനസ്സിലാക്കി ഞങ്ങൾ തിരിഞ്ഞു നടക്കാൻ തുടങ്ങി. " പറവകളെ ഞാൻ കാണിച്ചു തരാം സാറെ ";വീണ്ടും അതേ ശബ്ദം കേട്ട് ഞങ്ങൾ തരിച്ചു നിന്നു. ഒരു മരത്തിന്റെ പിന്നിലൂടെ കടന്നു വന്ന് അയാൾ ഞങ്ങളുടെ മുന്നിൽ നിന്നു. ഇത്തവണ സമനില വീണ്ടെടുക്കാൻ ഞാൻ കുറച്ചു കൂടി സമയമെടുത്തു. അൽപം നീരസം കലർത്തി എന്തെല്ലാമോ പറഞ്ഞ് അയാളെ ഒഴിവാക്കി ഞങ്ങൾ വേഗത്തിൽ തിരിച്ചു നടന്നു. സന്ദർശനത്തിനുള്ള നന്ദി ഏറ്റുവാങ്ങി കമാനത്തിനു പുറത്ത് എത്തിയപ്പോഴാണ് ശ്വാസം നേരെ വീണത്. സമയം ബാക്കിയുള്ളതിനാൽ കുറച്ചു സമയം റോഡിലൂടെ മുമ്പുകണ്ടു വെച്ച വീടിന്റെ ഭാഗത്തേയ്ക്ക് നടക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഗേറ്റിനുമുന്നലെത്തി ഞങ്ങൾനിന്നു. ഉള്ളിലേക്കായി, അൽപം ഉയരത്തിൽ ചെറിയൊരു വീട്. അവിടവിടെ ചെറിയ ഒതുക്കുകളോടു കൂടിയ വഴി ഗേറ്റിൽ നിന്നും മുറ്റത്ത് എത്തി അവസാനിക്കുന്നു.പ്രധാന കട്ടിളക്കു മുകളിൽ ഗുരുദേവന്റെ ഫോട്ടോ മാല ചാർത്തി വെച്ചിരിക്കുന്നു. ഗേറ്റിനു മുമ്പിൽ നിൽക്കുന്ന ഞങ്ങളെ കണ്ട്, കുടുംബനാഥനെന്നു തോന്നിക്കുന്ന ഒരാൾ ഇറങ്ങി വന്നു. കറുത്തു തടിച്ച, അധികം ഉയരം തോന്നിക്കാത്ത അയാൾ ചെറുതായി ഒന്നു ചിരിച്ചു. ചോദിക്കാതെ തന്നെ ഞാൻ കോതമംഗലം വന്നതിന്റെ കാരണവും തുടർന്നുണ്ടായ തട്ടേക്കാട് യാത്രയും, ഒരു കാക്കയെ പോലും കാണാൻ പറ്റാത്തതിന്റെ വിഷമവും അയാളോട് വിവരിച്ചു. " സീസണല്ലാ സാറെ " എന്നു പറഞ്ഞ് അയാൾ സംസാരം തുടങ്ങി. കണ്ടെത്താൻ ബുദ്ധിമുട്ടാണെങ്കിലും, പൊന്തകളിൽ മുട്ടയിട്ട് അടയിരിക്കുന്ന കുറെ പക്ഷികളെങ്കിലും ഉണ്ടാവുമെന്ന് അയാൾ അഭിപ്രായപ്പെട്ടു. " ഒന്ന് കയറീട്ടു പോകാം " എന്ന വീട്ടിലേക്കുള്ള ക്ഷണം, മകന്റെ പരീക്ഷാ സമയം കഴിയാറായതു കൊണ്ട് ഞങ്ങൾക്ക് ഉടനെ മടങ്ങണമെന്നും ഇനിയൊരിക്കലാവാമെന്നും പറഞ്ഞ് സ്നേഹ പൂർവ്വം ഞങ്ങൾ നിരസിച്ചു. യാത്ര പറയുന്നതിന് മുമ്പ് പെട്ടെന്ന് ഓർമ്മ വന്നതു കൊണ്ട് ഞാൻ ചോദിച്ചു. "ഇവിടെ കുറച്ചു കൊല്ലങ്ങൾക്ക് മുമ്പ് ഒരു ബോട്ടപകടം നടന്നുവല്ലൊ? അതെവിടെയാണ്? " ചോദ്യം കേട്ടതും പ്രസന്നവദനനായി നിന്ന അയാളുടെ മുഖം മ്ലാനമായത് ഞാൻ ശ്രദ്ധിച്ചു. മുഖം താഴ്ത്തി പിന്നിലേക്ക് കൈ കാണിച്ച് അയാൾ പറഞ്ഞു. " ആ പാലത്തിന് ഒരു കിലോമീറ്റർ അകലെ, അങ്ങു താഴെ. " എന്തായിരുന്നു സംഭവിച്ചത് ? " ഞാൻ ആകാംക്ഷയോടെ ചോദിച്ചു. ഏതാനും സെക്കന്റുകൾ അയാൾ മൌനമായി നിന്നു. അയാളുടെ മുഖം വലിഞ്ഞു മുറുകുന്നത് ഞാൻ കണ്ടു. ചോദിച്ചത് അബദ്ധമായോ എന്ന് ഒരു നിമിഷം ഞാൻ ശങ്കിച്ചു. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടതിന്റെ ഓർമ്മകൾ അയാളെ അലോസരപ്പെടുത്തിയോ അതോ ദുരന്തത്തിൽ അയാൾക്ക് ആരെയെങ്കിലും നഷ്ടപ്പെട്ടോ എന്ന് ഞാൻ ഭയന്നു. എവിടെ നിന്നോ ശക്തി സംഭരിച്ച പോലെ അയാൾ പറഞ്ഞു തുടങ്ങി. അതുവരെ കേൾക്കാത്ത ഒരു ഇടർച്ച അയാളുടെ ശബ്ദത്തിനുണ്ടായിരുന്നു. " സമയം ഇരുട്ടി തുടങ്ങിയിരുന്നു. കരയിലോട്ട് തിരിച്ചുള്ള വരവായിരുന്നു. കര അടുക്കാറാവുമ്പോഴാണ് - ദേണ്ടേ പക്ഷി ക്കൂട്ടം - എന്നും പറഞ്ഞോണ്ട് കുഞ്ഞുങ്ങളെല്ലാം കൂടെ ഒരു വശത്തേക്കോടിയത്.... അയാൾ ഒന്നു നിർത്തി- ഒരു നെടുവീർപ്പിട്ട് വീണ്ടും തുടർന്നു. ഞാനായിരുന്നു സാറെ ആ ബോട്ട് ഓടിച്ചത് .. നിമിഷം കൊണ്ട് എല്ലാം കഴിഞ്ഞു. ഒന്നും ചെയ്യാനൊത്തില്ല. കയ്യിൽ തടഞ്ഞതിനെയെല്ലാം വാരി കരയിലേക്കിട്ടു. ചിലതെല്ലാം തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ക യ്യിന്ന് ഊർന്നു പോയി... എന്തു ചെയ്യാൻ? എല്ലാം തമ്പുരാന്റെ നിശ്ചയങ്ങള്! " കേട്ടത് വിശ്വസിക്കാനാവാതെ നിന്ന എന്റെ അടിവയറ്റിൽ നിന്നു പൊങ്ങി വന്ന ഒരു ഐസ് ഗോളം നെഞ്ചിനകത്തെവിടെയോ പൊട്ടിച്ചിതറി. പിന്നെ കാതുകളിൽ ഒരു മുഴക്കം മാത്രം. സമനില തെറ്റി വീഴാതിരിക്കാനാവണം, ഞാനയാളുടെ കനത്ത കൈകളിൽ മുറുകെ പിടിച്ചു. പെരിയാറിന്റെ അഗാധതയിലെ ശൈത്യം എന്നിലേക്ക് പ്രവഹിച്ചു. മറ്റേതോ ഗോളത്തിൽ നിന്നുള്ളഅശരീരി പോലെ അയാളുടെ ശബ്ദം വീണ്ടും എന്റെ കാതിൽ വന്നു വീണു. "ആറു മാസമായി സാറെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിട്ട്. ഇപ്പൊ ചില്ലറ പണികളൊക്കെ ചെയ്ത് ജീവിക്കുന്നു. " എത്ര നേരം മണ്ണിലേക്കു നോക്കി രണ്ടു പേരും ആ നിൽപ്പിൽ നിന്നെന്നറിയില്ല. "നമുക്ക് തിരിച്ചു പോണ്ടേ? പരീക്ഷ കഴിഞ്ഞിട്ടുണ്ടാവും " - ആ അവസ്ഥയിൽ നിന്ന് ഞങ്ങൾക്ക് രക്ഷപ്പെടാൻ ഉള്ള മാർഗമായിട്ടായിരിക്കും ശ്രീമതി അപ്പോൾ അങ്ങനെ പറഞ്ഞത്. കൈ മെല്ലെവിടുവിച്ച് ഞാൻ ക്ഷമാപണം നടത്തി പറഞ്ഞു. " ഒന്നും കരുതിക്കൂട്ടിയല്ലല്ലോ , സംഭവിച്ചു പോയതല്ലെ? ശിക്ഷയും ഏറ്റുവാങ്ങിയ സ്ഥിതിക്ക് സമാധാനമായി ഇരിക്കൂ. " എല്ലാം ഓർമിപ്പിച്ചതിന് ഒരിക്കൽ കൂടി ക്ഷമ ചോദിച്ച് ഞങ്ങൾ തിരിഞ്ഞു നടന്നു. കാർ തിരിച്ച് പാലത്തിലേക്ക് സാവധാനം കയറി. " ആ പാലത്തിനു ഒരു കിലോമീറ്റർ അകലെ ; അങ്ങു താഴെ " ; അയാളുടെ ശബ്ദം വീണ്ടും ചെവിയിൽ മുഴങ്ങി. ഞാൻ ഇടതുവശത്തേക്ക് എത്തിനോക്കി. വിശാലമായ ജലപ്പരപ്പ് ; പതിനെട്ടു ജീവനുകളെ ആഴങ്ങളിലും , പതിനായിരം കിളികളെ പൊന്തകളിലും ഒളിപ്പിച്ച് , അലസമായി മയങ്ങുന്ന പെരിയാർ! ദൂരെക്ക് ഇമവെട്ടാതെ നോക്കിയിരിക്കുന്ന ശ്രീമതിയുടെ കണ്ണുകളിലേക്ക് ഞാൻ ഒന്നു പാളി നോക്കി. ചുവന്ന് കലങ്ങിയ കണ്ണുകളിൽ നിന്ന് ഒഴുകിയിറങ്ങാൻ വെമ്പി നിൽക്കുന്ന കണ്ണീർ. ഞാൻ പെട്ടെന്ന് കണ്ണെടുത്തു. ആക്സിലറേറ്റർ പെഡലിൽ പതുക്കെ കാലമർത്തി. പാലമിറങ്ങി കാർ വളവു തിരിഞ്ഞു. മുന്നിൽ തെളിഞ്ഞു വന്ന പച്ച ബോർഡിൽ വടിവൊത്ത വെളുത്ത അക്ഷരങ്ങൾ - കോതമംഗലം- 13 കി.മീ.

Comments

  1. Thank you very much for the appreciation

    ReplyDelete
  2. A painful memory, beautiful narration..

    ReplyDelete
  3. Thank you Vaisakh for the comments

    ReplyDelete
  4. ഹൃദയത്തിൽ തൊട്ട എഴുത്ത്, ഒരു നിമിഷ നേരത്തെ ഞെട്ടൽ വായനക്കാരനിലും ഉണ്ടാക്കുന്നു. ബോധവൽക്കരണത്തിലെ കുറവ് നമ്മളുടെ നാട്ടിൽ ഉണ്ടാക്കുന്ന അപകടങ്ങൾ എത്രയാണ് എന്നു പറയാനാവില്ല. ശ്രദ്ധ മുഖ്യം തന്നെ.

    ReplyDelete
  5. Thank you very much for the comments 🙏

    ReplyDelete

Post a Comment

Popular posts from this blog

അക്കാലത്ത് അറബിക്കടൽ ചോരയാൽ ചുവന്നിരുന്നു

ഭക്ഷണപ്രിയരുടെ ശ്രദ്ധക്ക് .....

ഒരു കടൽ ദൂരം