അപ്സരയ്ക്ക്, സ്നേഹപൂർവം !
_________________________________________________
കോഴിക്കോട്ടെ അപ്സര തിയേറ്റർ എന്നെന്നേക്കുമായി പ്രദർശനം നിറുത്തുന്നു ! ഈ വാർത്തയെ പറ്റി ഒരു സുഹൃത്ത് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച 'പോസ്റ്റ് 'എന്റെ ഓർമകളെ ഒരിക്കൽ കൂടി ബാല്യകാലത്തിലേക്ക് നയിക്കുന്നു. ഞാൻ നാലിലോ അഞ്ചിലോ പഠിക്കുന്ന കാലം. അക്കാലത്ത് പത്താം ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസുകൾക്ക് കേന്ദ്രീകൃത മൂല്യനിർണയമായിരുന്നു പതിവ്. അതായത്, വിവിധ വിഷയങ്ങൾക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരിക്കും മൂല്യനിർണയ കേന്ദ്രങ്ങൾ. ഈ സംവിധാനം ഇപ്പോഴും തുടരുന്നുണ്ടോ എന്ന് എനിക്കറിയില്ല. ഏതായാലും ഇംഗ്ലീഷിന് അക്കൊല്ലം കോഴിക്കോടായിരുന്നു കേന്ദ്രം. അതുകൊണ്ടു തന്നെ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന അച്ഛന് മൂല്യ നിർണയത്തിന് കോഴിക്കോട് പോകണമായിരുന്നു. പുലാപ്പറ്റയിലെ വീടുമായുള്ള ആത്മബന്ധം കാരണം , പൊതുവെ വീട് വിട്ട് ഒരു രാത്രി പോലും പുറത്ത് താമസിക്കാൻ താല്പര്യമില്ലാത്ത ആളായിരുന്നു അച്ഛൻ . ബന്ധുവീടുകളിൽ നിന്നു പോലും വൈകി ആയാലും തിരിച്ച് എങ്ങിനെയെങ്കിലും വീട്ടിൽ അന്തിയുറങ്ങാൻ എത്തി പെടുക എന്നത് അച്ഛന് നിർബന്ധമായിരുന്നു. വർഷാവർഷം ഉത്തരക്കടലാസുകൾ വിലയിരുത്താൻ പോകുന്ന രണ്ടാഴ്ചയാണ് പതിവിനു വിപരീതമായി അച്ഛൻ വീട് വിട്ട് നിൽക്കാറുള്ളത്. അക്കൊല്ലം, കോഴിക്കോട്ടെ "വിദേശ " വാസത്തിനിടയിൽ മൂന്ന് ദിവസത്തെ വിഷു ലീവിന് വീട്ടിലേക്കു വന്നപ്പോഴാണ് ആദ്യമായി അപ്സര തിയേറ്ററിനെ പറ്റി അച്ഛൻ പറഞ്ഞ് ഞാൻ അറിഞ്ഞത്.
വേനലവധിക്ക് , മാങ്ങോടുള്ള അമ്മായിയുടെ വീട്ടിൽ പോകുമ്പോഴാണ് ചെറുപ്പുളശ്ശേരിയിൽ നിന്ന് കൊല്ലത്തിൽ ഒരു സിനിമ കാണാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിരുന്നത്. ദുർലഭമായി ഒറ്റപ്പാലത്തെ അമ്മാവന്റെ വീട്ടിൽ പോകുമ്പോഴും ഒരു സിനിമ " തരാവാറുണ്ട് " ; ഇല്ലെന്നല്ല. എങ്കിലും, ചെറുപ്പത്തിൽ സുലഭമായി അനുഭവിക്കാത്തതു കൊണ്ടാവണം , പിന്നീടുള്ള കാലത്ത് സിനിമകളും നല്ല തിയറ്ററുകളും എന്റെ ദൗർബല്യങ്ങളായത്. ഇടയ്ക്കിടക്ക് മരക്കാലുകളോടു കൂടിയ ചെറുപ്പുളശ്ശേരിയിലെ ആനന്ദ്, ദേവി എന്നീ ഓലമേഞ്ഞ ടാക്കീസുകളിലും , കഷ്ടിച്ച് ഒരു തിയറ്റർ എന്നു വിളിക്കാവുന്ന ഒറ്റപ്പാലത്തെ ലക്ഷ്മി യിലും ഒതുങ്ങിയിരുന്ന എന്റെ സിനിമാ തിയറ്റർ അനുഭവങ്ങളിലേക്കാണ് , അച്ഛന്റെ വിവരണങ്ങളിലൂടെ ഒരു " അപ്സരസാ"യി കോഴിക്കോട്ടെ അപ്സര തിയറ്റർ കടന്നുവന്നത്. മുകളിലത്തെ നിലയിലേക്കുള്ള പതുപതുപ്പുള്ള വളഞ്ഞ നടപ്പാതയും, മേൽ തട്ടിലെ മിന്നുന്ന ദീപങ്ങളുടെ മനോഹാരിതയും, തിയറ്ററിനുള്ളിലെ തണുപ്പും, പുഷ് ബാക് സീറ്റുകളുടെ സുഖവും ആവേശത്തോടെ അച്ഛൻ വിവരിച്ചത് ഞാൻ ഇന്നും ഓർക്കുന്നു.
കൂടെ താമസിച്ചിരുന്ന അധ്യാപകരുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഉദയായുടെ ' 'തുമ്പോലാർച്ച ' എന്ന സിനിമയ്ക്ക് പോയത് എന്ന് , ചെറിയൊരു കുറ്റബോധത്തോടെ ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ട് അച്ഛൻ പറഞ്ഞു. അന്നൊക്കെ പത്രങ്ങളിൽ വരാറുള്ള 'ഫുൾ പേജ് 'സിനിമാ പരസ്യങ്ങൾ ഞാൻ ഏറെ നേരം നോക്കിയിരിക്കുന്നതും, അവയെ വെട്ടിയെടുത്ത് വീടിന് മുകളിലെ നിലയിൽ ഒഴിഞ്ഞ കട്ടിലിൽ ഭദ്രമായി സൂക്ഷിച്ചു വെയ്ക്കുന്നതും അച്ഛൻ ശ്രദ്ധിച്ചിരിക്കണം! ഇത്തരം പരസ്യങ്ങളിൽ കാണുന്ന , കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള സ്ഥലങ്ങളിലെ തിയറ്ററുകളുടെ പേരുകൾ മുഴുവൻ അക്കാലത്ത് എനിക്ക് മന:പാഠമായിരുന്നു. ഏതായാലും അന്നുമുതൽ അപ്സര തിയേറ്റർ മനസ്സിന്റെ ഏതോ കോണിലിരുന്ന് എന്നെ ഭ്രമിപ്പിച്ചു കൊണ്ടേയിരുന്നു ; ഒരിക്കലെങ്കിലും നമുക്ക് നേരിൽ കാണണമെന്ന്!
വിദ്യാഭ്യാസത്തിന്റെ അവസാന കാലത്ത് ഒരു കൊല്ലം കോഴിക്കോടുമായി അടുത്ത ബന്ധം പുലർത്താൻ എനിക്ക് അവസരം കിട്ടിയിരുന്നു. പക്ഷേ, ആ സമയം ആയപ്പോഴേക്ക് എന്തുകൊണ്ടോ എനിക്ക് സിനിമയോടുള്ള അഭിനിവേശം കുറഞ്ഞു വന്നിരുന്നു. മമ്മുട്ടി, മോഹൻലാൽ, മുകേഷ്, ജയറാം തുടങ്ങിയ യുവനടൻമാർ വളർന്നു വരുന്നതിനു തൊട്ടു മുമ്പുള്ള കുറച്ചു കാലം മലയാള സിനിമയുടെ ചരിത്രത്തിലെ " വരണ്ട " കാലമായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്. ഉണ്ടായിരുന്നതിന്റെ പ്രസക്തി നഷ്ടപ്പെടുകയും പുതുതായി ഒന്നും ഇല്ലാതിരിക്കുകയും ചെയ്യുന്ന ഒരു അവസ്ഥ ! അക്കാലത്ത് ഞാൻ മലയാള സിനിമകൾ അധികം കാണാറില്ലായിരുന്നു. ഒരു പക്ഷേ അതായിരിക്കാം വിധി അരങ്ങൊരുക്കിയിട്ടും അപ്സരയുമായുള്ള എന്റെ സമാഗമം നടക്കാതെ പോയത്. കോഴിക്കോട്ടെ യാത്രകൾക്കിടയിൽ അപ്സര ഒഴിച്ച് അവിടത്തെ എല്ലാ തിയറ്ററുകളുടേയും മുന്നിലൂടെ യാദൃശ്ചികമായെങ്കിലും ഞാൻ നടന്നിട്ടുണ്ട്. പാളയത്തിനും , റെയിൽവേ സ്റ്റേഷനും ഇടയിലെവിടെയോ എന്റെ കൺവെട്ടത്തുവരാതെ , അപ്സര മാത്രം മാറി നിന്നു. കുട്ടിക്കാലത്ത് തുടങ്ങിയ ഈ ഒളിച്ചു കളിയിൽ "തൽകാലം നീ വിജയിച്ചോ" എന്ന് മനസ്സിൽ പറഞ്ഞ് ഞാൻ കോഴിക്കോടിനോടു വിട പറഞ്ഞു.
പിന്നീട് ഉദ്യോഗവുമായി ബന്ധപ്പെട്ട്, തമിഴ്നാട്ടിലെ പല നഗരങ്ങളിലും എനിക്ക് താമസിക്കേണ്ടി വന്നിട്ടുണ്ട്. കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, മദ്രാസ് എന്നിവിടങ്ങളിലെ ഗംഭീരങ്ങളായ നിരവധി തിയറ്ററുകളിൽ നിന്ന് സിനിമ കാണാൻ കിട്ടിയ അവസരങ്ങൾ ഞാൻ പാഴാക്കിയിരുന്നില്ല ; പടങ്ങൾ ' അറുബോറാ' ണെന്നറിയാമെങ്കിലും ! അപ്പോഴേക്കും അപ്സര യുടെ കാര്യത്തിൽ പറ്റിയ അബദ്ധത്തിൽ നിന്നും ഒരു ' പാഠം ' ഞാൻ പഠിച്ചിരുന്നു. തിയറ്ററുകളുടെ പേരുകളുമായി ബന്ധപ്പെടുത്തിയ ബസ് സ്റ്റോപ്പുകൾ ഏറ്റവും കൂടുതൽ എറണാകുളത്താണ് ഉള്ള തെന്ന് തോന്നുന്നു. വലിപ്പം കൊണ്ട് എന്നെ ഏറ്റവും വിസ്മയിപ്പിച്ച രണ്ടു തിയറ്ററുകളിൽ ഒന്ന് എറണാകുളത്തെ ഷേണായിസും , മറ്റൊന്ന് തിരുച്ചിറപ്പള്ളിയിലെ ' ത്യാഗരാജഭാഗവതർ കലൈ അരംഗം ' എന്ന വിചിത്രമായ പേരുള്ള തിയറ്ററുമാണ്. കൂട്ടത്തിൽ പറയട്ടെ, തെക്കെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തിയറ്റർ കോംപ്ലക്സ് അന്ന് തിരുച്ചിറപ്പള്ളിയിലായിരുന്നു - നാലു വൻ തിയറ്ററുകളുടെ ഒരു സമുച്ചയമായ മാരീസ് കോംപ്ലക്സ് - തിരുച്ചിറപ്പള്ളിയുടെ മുഖമുദ്രയായ മലൈക്കോട്ട പശ്ചാത്തലമാക്കി, തിരുച്ചി ഫോർട്ട് റെയിൽവേ സ്റ്റേഷന് സമീപം അത് തല ഉയർത്തി നിന്നു.
എത്രയോ തവണ വീണ്ടും ഞാൻ കോഴിക്കോട് പോയിട്ടുണ്ടെങ്കിലും, ഇന്നു വരെ അപ്സരയിൽ നിന്ന് സിനിമ കാണുന്നതുപോയിട്ട് , ഒന്ന് അടുത്തു കാണാൻ പോലും എനിക്ക് സാധിച്ചിട്ടില്ല ! ഒരു പ്രളയകാലത്തിന്റെ ഓർമകളെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തിച്ച 2018 എന്ന സിനിമയോടെ എന്നെന്നേക്കുമായി തിരശ്ശീല താഴ്ത്തുമ്പോൾ, ബാല്യകാല സ്മരണകളുടെ ഒരു മഹാ പ്രളയത്തിലേക്ക് എന്നെ ആഴ്ത്തിയാണ് അപ്സര വിട പറയുന്നത് ; ഇനി ഒരിക്കലും തമ്മിൽ കാണാൻ കഴിയില്ല എന്ന തിരിച്ചറിവോടെ !
അപ്സരയുടെ തിരശീല എന്നെന്നേക്കുമായി താഴ്ത്തുന്ന ദുഃഖ വാർത്ത കേട്ടപ്പോൾ ഞാനും ആദ്യം ഓർത്തത് അച്ഛൻ മനസ്സിൽ വരച്ച അപ്സരയുടെ വർണ ചിത്രമായിരുന്നു.ആ ഓർമകളുമായി വർഷങ്ങൾക്കു ശേഷം അപ്സരയെ നേരിൽ കണ്ടപ്പോഴേക്കും അത്രതന്നെയോ അതിലധികമോ വർണ്ണപ്പകിട്ടുള്ള മറ്റു പല കോട്ടകവിസ്മയങ്ങളും കണ്ടു കഴിഞ്ഞിരുന്നു. എങ്കിലും ആദ്യം അവിടുന്നു കണ്ട ചിത്രം ഓർക്കുന്നു: അമിതാഭ് ബച്ചനും ശത്രുഘ്നൻ സിൻഹയും സീനത്ത് അമാനും അഭിനയിച്ച 'ദോസ്താന'.
ReplyDeleteWe both do have such good memories to share. Thank you for your comments
Deleteനല്ല വിവരണം. എന്നാലും ഒരിയ്ക്കലെങ്കിലും പോകാമയിരുന്നു. പക്ഷെ ഒന്ന് ഓർക്കുമ്പോൾ കാണാതിരുന്നതിലും കാര്യമുണ്ട്. താജ് മഹലിനെ കുറിച്ച് കേട്ടറിവിൽ സ്വപ്നം കാണുന്നയാളുടെ താജ് മഹൽ ആവില്ല അതു നേരിൽ കാണുയാളുടെ താജ്..
ReplyDeleteThank you for the comments.
DeleteHeard melodies are sweet, but those unheard/Are sweeter
ReplyDeleteReally! Thank you
Deleteവെറുതെ ഈ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം.
ReplyDeleteനല്ല എഴുത്ത്.
Thank you very much for the comments
Deleteഒന്ന് കേറി കാണാമായിരുന്നു.
ReplyDeleteഅതെ ! ഇപ്പോഴാണ് നഷ്ട ബോധം തോന്നുന്നത്.
Delete