കുൻതേയും, പി.ടി.7 ഉം, അരിക്കൊമ്പനും പിന്നെ..…...

          ഔദ്യോഗിക ജീവിതത്തിന്റെ സമ്മർദ്ദങ്ങൾ ഒഴിഞ്ഞ മൂന്നു മാസം പിന്നിട്ട്, ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ എന്റെ  ചില തീരുമാനങ്ങൾ അല്പം തമാശയായി തന്നെയാണ് എനിക്കും തോന്നുന്നത് ! ജോലിയുടെ സമ്മർദ്ദങ്ങളും, വിരസതയും കൊണ്ട് വീർപ്പുമുട്ടുന്ന  വേളകളിൽ ഞാൻ ചില ' ഉറച്ച ' തീരുമാനങ്ങൾ എടുത്തിരുന്നു ;  വിരമിച്ചിട്ടുവേണം  പ്രാവർത്തികമാക്കാൻ എന്ന മട്ടിൽ - ഒന്ന് :  തിരക്കു കാരണം വായിക്കാൻ പറ്റാതെ പോയ കുറെ പുസ്തകങ്ങൾ വായിക്കണം ; രണ്ട് : കാണാൻ കഴിയാതെ പോയ കുറെ നല്ല സിനിമകൾ കാണണം; മൂന്ന്: ബന്ധുവീടുകളടക്കം മനസ്സിൽ കരുതി വെച്ച കുറെ സ്ഥലങ്ങൾ ഉണ്ട് . അവിടെക്കെല്ലാം യാത്ര പോകണം. ഇവയിൽ ആദ്യത്തെ രണ്ടു കാര്യങ്ങളും ഞാൻ തുടങ്ങിവെച്ചിട്ടെങ്കിലുമുണ്ട് . യാത്രകളാണ് പല കാരണങ്ങളാലും  സാധിക്കാതെ പോയത്. ആ ആഗ്രഹം കൂടി കുറെശ്ശയായി സാധിച്ചെടുക്കാനുള്ള ശ്രമത്തിലാണ്  ഞാൻ.
           ഈയിടെ വായിച്ച ഒരു പുസ്തകം എന്നിൽ ഉണർത്തിയ  ചില ചിന്തകളെ പങ്കുവെക്കാനാണ് ഞാൻ ആമുഖമായി ഇത്രയും പറഞ്ഞത്.    പ്രൊഫസർ എം. കൃഷ്ണൻ നായരുടെ സാഹിത്യ വാരഫലത്തിൽ നിന്നാണെന്ന് തോന്നുന്നു ആദ്യമായി ഞാൻ ആ പുസ്തകത്തെപ്പറ്റി അറിഞ്ഞത് - അലക്സ് ഹാലിയുടെ  ' റൂട്ട്സ്  ' എന്ന പുസ്തകം. നിങ്ങളിൽ പലരും ഈ പുസ്തകം വായിച്ചിട്ടുണ്ടാവാം. വായിച്ചവരുടെ ഓർമകളിലെ പൊടിപടലങ്ങളും മാറാലകളും നീക്കാനും,  വായിക്കാത്തവർക്ക് ഒരു പ്രചോദനമാകാനും ഞാൻ ഈ പുസ്തകത്തെ ഒന്ന് പരിചയപ്പെടുത്താം.  തങ്ങളുടെ വെളുത്ത നിറം നൽകുന്ന അധികാരത്തിൽ കറുത്ത വർഗക്കാരുടെ മേൽ   വെളുത്ത വർഗക്കാർ നടത്തിയ അതിക്രമങ്ങളുടെയും , സമാനതകളില്ലാത്ത ക്രൂരതകളുടെയും നേർ  കാഴ്ചയാണ് ഈ പുസ്തകം.  മാത്രമല്ല,  യാദ്യശ്ചികമാണെങ്കിലും  ചില ആനുകാലിക സംഭവങ്ങളുമായി പുസ്തകത്തിലെ കഥാസന്ദർഭങ്ങൾക്കുള്ള അമ്പരപ്പിക്കുന്ന സമാനതകൾ നമ്മുടെ നീതി ബോധത്തിന്റെ കൽക്കെട്ടുകളെ ചെറുതായി ഒന്ന് ഉലയ്ക്കുകയും ചെയ്തേക്കാം.
              വർഷം 1750 കൾ - കഥ- അല്ല , ജീവിതം തുടങ്ങുന്നത് ആഫ്രിക്കയിലെ ഗാംബിയയിലെ ജുഫറെ എന്ന ഗ്രാമത്തിലാണ്.  ഗാംബിയ നദിയുടെ ഒരു ൈക വഴി ഫലഭൂയിഷ്ടമാക്കുന്ന വയലുകളും , പുൽമേടുകളും , അതിനുമപ്പുറം കാടുകളും ഒത്തുചേർന്ന ഒരു പ്രദേശം.   മവു റിട്ടാനിയ വഴി മാലിയിലേക്കു നീളുന്ന ,  മുസ്ലീം മത വിശ്വാസികളായ , ഒരു പിതൃ പരമ്പരയിലെ ഇങ്ങേ അറ്റത്തെ കണ്ണിയായിട്ടാണ്  മാൻ ഡാങ്കിൻ ഗോത്ര വംശത്തിൽ ഒമേറൊ , ബിന്ദാ ദമ്പതിമാർക്ക് ആദ്യത്തെ ആൺകുഞ്ഞ് പിറക്കുന്നത് ! കൈരാബ കിൻതാ കുൻതെ എന്ന ആദരണീയനായ മുത്തച്ഛന്റെ പേര് ചേർത്തി കുഞ്ഞിന് ഒമേറൊ കിൻതാ കുൻതെ എന്ന് പേരിട്ടു. 
              കറുത്ത മണ്ണിൽ നിന്നും വെള്ളവും വളവും വലിച്ചെടുത്ത് കുൻതെ വളർന്നു; മണ്ണിന്റെ മകനായി! ഗോത്ര വഴികൾ അവനെ യൗവ്വനത്തിലേക്ക് നയിച്ചു. മാൻ ഡാങ്കിൻ  ഭാഷയിൽ  'ടൌബോബ് ' എന്ന് വിളിക്കപ്പെടുന്ന വെള്ളക്കാരുടെ  ക്രൂരമായ വേട്ടയാടലുകളെ പറ്റി അവന്റെ ഗോത്രം അവനെ പഠിപ്പിച്ചിരുന്നു. വന്യതകൾ മാടി വിളിച്ച ഏതോ അഭിശപ്ത മുഹൂർത്തങ്ങളിലൊന്നിൽ അവൻ പഠിച്ച പാഠങ്ങൾ മറന്നു പോയി; സ്വല്പ നേരത്തേക്ക് ! ഒരു ചെണ്ട ഉണ്ടാക്കാൻ മരം തേടി കാട്ടിൽ അലഞ്ഞ അവൻ ടൌബോേബിന്റെ കയ്യിലകപ്പെട്ടു! അതും, ശക്തരായ രണ്ടു് കറുത്ത വർഗക്കാരാണ് അവനെ പിടിച്ചു വരിഞ്ഞു കെട്ടാൻ വെള്ളക്കാരനെ സഹായിക്കുന്നത് ! കുൻതെ യുടെ ചെറുത്തു നിൽപ്പുകൾ അവസാനിക്കുന്നത് കറുത്ത വർഗക്കാരന്റെ കയ്യിലുള്ള ചെറിയ ഗദ കൊണ്ട് തലയ്ക്കേറ്റ ശക്തമായ പ്രഹരത്തോടെയാണ്! സ്വന്തം രക്തത്തെ  ചതിച്ച് , അടിമക്കച്ചവടത്തിന് സഹായിക്കുന്ന ഇത്തരം കറുത്തവർഗക്കാരെ  slatees എന്നാണ് വിളിക്കുന്നത് . വേട്ടയാടി പിടിച്ച മറ്റു കറുത്തവർഗക്കാരെയെല്ലാം ചേർത്ത് കൂട്ടിക്കെട്ടി , കന്നുകാലികളെയെന്ന പോലെ ചാട്ടവാറുകൊണ്ട് അടിച്ചു തെളിച്ചാണ്  വെള്ളക്കാരും മേൽ പറഞ്ഞ Slatees ഉം കൂടി  കുൻതെ അടങ്ങുന്ന സംഘത്തെ നദിക്കരയിൽ കാത്തുകിടന്ന ബോട്ടിലെത്തിക്കുന്നത് ! ഒരു കാര്യം സമ്മതിക്കണം ; കച്ചവടം  വെള്ളക്കാരനെ കണ്ടു പഠിക്കണം  -  എണ്ണി നോക്കിയപ്പോൾ ബോട്ടിലേക്കു വേണ്ടത്ര  'ഹ്യൂമൻ കാർഗൊ ' ആയിട്ടില്ല. ഉടൻ തോക്കുചൂണ്ടി Slatees നേയും അടിമ ക്കൂട്ടത്തിലേക്ക് തള്ളി മാറ്റി ചങ്ങലക്കിട്ടു. അതാണ് സായിപ്പിന്റെ കച്ചവടം !
         ഇനി യാതനയുടെ ഒരു പർവം തുടങ്ങുകയാണ്. മൂന്നുമാസത്തെ കപ്പൽ യാത്ര - ആഫ്രിക്ക വൻകരയിൽ നിന്നും എന്നെന്നേക്കുമായി ,  അറ്റ്ലാന്റിക്  സമുദ്രം കടന്ന് അമേരിക്കയിലേക്ക്. അവിടത്തെ സായിപ്പൻമാരുടെ പുതിയ  settlement കളിലെ  കൃഷിയിടങ്ങളിൽ  മൃഗങ്ങളെ പോലെ വേല ചെയ്ത് ജീവിതം ഹോമിക്കാൻ ! മനസ്സിനെ കല്ലാക്കി കൊണ്ടു മാത്രമേ കപ്പൽ യാത്രയിലെ ദുരിതങ്ങൾ വായിച്ചു തീർക്കാനാവു. ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് ഇത്രത്തോളം ക്രൂരതകൾ കാണിക്കാൻ പറ്റുമോ എന്ന് നമ്മൾ സംശയിച്ചു പോകും. യാതനകൾ സഹിക്കാനാവാതെ മൂന്നിലൊന്നുപേർ യാത്രയ്ക്കിടയിൽ മരിച്ചു പോകുന്നുണ്ട്! ഒരു കണക്കിന് പറഞ്ഞാൽ അവർ ഭാഗ്യവാന്മാരാണ്. മരണത്തോടെ അവരുടെ യാതനകൾക്ക് അറുതിയായല്ലൊ . തമ്മിൽ കൂട്ടി കെട്ടിയ ചങ്ങലകൾ അഴിച്ചു മാറ്റി   മൃതദേഹങ്ങൾ മുകളിലെ ഡെക്കിൽ നിന്നും താഴെ കടലിലേക്ക് എറിയും. മലമൂത്രവിസർജ്യങ്ങളിലും ഛർദിയിലും കിടന്നു പുളഞ്ഞു കൊണ്ടുള്ള യാത്രയുടെ വിവരണം നരകമെന്നാൽ എന്തെന്ന് നമ്മെ ബോദ്ധ്യ പെടുത്തും. ഈ ദുരിതത്തിന്റെ തീവ്രത സ്വയം മനസിലാക്കാനും,അത്അനുവാചകരിലേക്കെത്തിക്കാനും അലക്സ് ഹാലി പത്തു ദിവസം ഇത്തരം ഒരു കപ്പലിൽ ഏകദേശം അതേ സാഹചര്യങ്ങളിൽ യാത്ര ചെയ്തതായി പുസ്തകത്തിന്റെ അവസാന ഭാഗത്ത് സാക്ഷ്യപ്പെടുത്തുന്നുണ്ട്‌ !  കട്ലറി സെറ്റിൽ ചേർത്ത്  അടുക്കി വെച്ച സ്പൂണുകളെ പോലെ യാണ്  കറുത്ത വർഗക്കാരെ കപ്പലിന്റെ ഡക്കിൽ കൃത്യമായി അടുക്കി കിടത്തിയിരുന്നതത്രെ! കരയിലേക്ക് എടുത്തെറിയപ്പെട്ട മത്സ്യത്തെ പോലെ അമേരിക്കയിൽ എത്തി വെള്ളക്കാരന്റെ അടിമയായി കഴിയുന്ന കുൻതെയ്ക്ക് , ഓരോ നിമിഷവും ജീവിതം അസഹ്യമാവുകയാണ്. ഒപ്പം , വെള്ളക്കാരനോടുള്ള വെറുപ്പ് കൂടി കൂടി വരികയും.  എങ്ങനെയെങ്കിലും രക്ഷപ്പെട്ട് തന്റെ സ്വപ്ന ഭൂമിയായ ആഫ്രിക്കയിലേക്ക് തിരിച്ചു പോകണമെന്നുള്ള ആഗ്രഹം അയാളെ കൂടുതൽ കൂടുതൽ ശിക്ഷകളിലേക്കും  ദുരിതങ്ങളിലേക്കും തള്ളിവിടുന്നു. രക്ഷപ്പെടാൻ ഉള്ള നാലാമത്തെ വിഫലമായ ശ്രമം സമാനതകളില്ലാത്ത ദുരിതത്തിലേക്കാണ് കുൻ തെയെ കൊണ്ടുചെന്നെത്തിക്കുന്നത്. ഓടി രക്ഷപ്പെടാനുള്ള  'ത്വര ' ഇല്ലാതാക്കാൻ ഉടമസ്ഥനായ വെള്ളക്കാരൻ  കുൻതെ യുടെവലതുകാലിന്റെ പാദം മുറിച്ചു മാറ്റുന്നു. സഹിക്കാനാവാത്ത വേദനയിൽ പുളയുമ്പോൾ കുൻതെ കിടന്നിടത്തു നിന്നും നഖം കൊണ്ട് അല്പം മണ്ണു ചുരണ്ടി എടുത്ത് കണ്ണുകൾ ഇറുക്കി അടച്ച് കൈകൾ നെഞ്ചോടു ചേർത്ത് പ്രാർത്ഥിക്കുന്നുണ്ട് - വെള്ളക്കാരനെ പേറുന്ന ഗർഭപാത്രം പോലും ശപിക്കപ്പെട്ടതാകണമേ എന്ന് ! എന്റെ ഭാഷാസ്വാധീനത്തിന്  ആ തീവ്രത മുഴുവൻ ആവാഹിക്കാനാവാത്തതു കൊണ്ട് നോവലിലെ ഒരു വരി തന്നെ ഉദ്ധരിക്കാം.Pulling the dirt closer, Kunta pressed his eyes shut and appealed to the spirits of evil to curse forever the womb of the toubob and his family.
      കാലം ഉണക്കാത്ത മുറിവുകൾ ഇല്ലെന്ന് പറയുമെങ്കിലും കുൻതെ യുടെ ഉള്ളിലെ മുറിവുകൾ ഉണക്കാൻ കാലത്തിനും ആയില്ല. ധാർമികത തൊട്ടു തീണ്ടിയിട്ടില്ലാത്ത വെള്ളക്കാരനെ കാലങ്ങൾ കഴിഞ്ഞിട്ടും കുൻതെ സംശയ ദൃഷ്ടിയോടെ മാത്രമാണ് കണ്ടത്! തന്റെ ഏക മകളെ  തന്നിൽ നിന്ന് നിഷ്കരുണം  പറിച്ചു മാറ്റി മറ്റൊരാൾക്ക് വിൽക്കുന്നതു കൂടി നിസ്സഹായനായി സഹിച്ചു നിൽക്കേണ്ടി വന്നു അയാൾക്ക്  . പിന്നീട് കഥ അടുത്ത തലമുറയിലേക്ക് മാറുകയാണ് , കുൻ തെ യുടെ ശിഷ്ട ജീവിതത്തെ പറ്റി ഒന്നും പറയാതെ;  അല്ലെങ്കിൽ വായനക്കാരുടെ ഭാവനക്ക് വിട്ടുകൊണ്ട് ! അവിടുന്ന് അങ്ങോട്ട് ഏഴുതലമുറകൾ താണ്ടി, അലക്സ് ഹാലിയിലെത്തി നിൽക്കുമ്പോൾ, ജുഫറെ എന്ന ആഫ്രിക്കൻ ഗ്രാമത്തിൽ നിന്ന് തുടങ്ങിയ  യാതനാ പൂർണമായ  ഒരു യാത്രയും ,  ഒപ്പം അമേരിക്കൻ ഐക്യനാടുകളുടെ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളും വായനക്കാരന്റെ മനസ്സിനെ കശക്കി എറിഞ്ഞു കൊണ്ട് അവസാനിക്കുന്നു.
             ഇനി നമ്മുടെ നാട്ടിലേക്ക് വരാം. കല്ലടിക്കോടൻ മലനിരകൾ താണു വന്ന് വാളയാർ ചുരത്തെ നമസ്കരിച്ചു  കിടക്കുന്ന ഒരു ഗ്രാമം - ധോണി . മല നിരകളുടെ അടി കാടുകളും കൃഷിസ്ഥലങ്ങളും വേർതിരിച്ചറിയാനാവാതെ അന്യോന്യം പുണർന്നു കിടക്കുന്ന മനോഹരമായ ഭൂപ്രദേശം. അവിടെ പിറന്നു വളർന്ന കാടിന്റെ ഒരു  മകൻ അവനേക്കാൾ തൊലി വെളുത്തവരുടെ  സ്വപ്നങ്ങളിൽ കറുത്ത ഭീതിയായി നിറഞ്ഞു. അവന്റ ആവാസ വ്യവസ്ഥയിലേക്ക് കടന്നു കയറി സ്വപ്നങ്ങൾ വിതച്ചവർക്ക് അവൻ ശല്യക്കാരനായ പി.ടി. ഏഴാമനായി(Palakkad Tusker-7). അതോടെ വെ ളുത്തവരുടെ നിയമങ്ങൾ 'കാരക്കോലെ'ടുത്തു. പി.ടി. 7 നെ പിടികൂടി നാട്ടാനയാക്കാൻ ഉത്തരവിട്ടു.
                കുൻതെയെ പോലെ  ഗോത്ര പാഠങ്ങൾ മറന്നു പോയ,  ശപിക്കപ്പെട്ട ഒരു മുഹൂർത്തത്തിൽ , പി.ടി. 7 ന്റെ ദേഹത്തും തക്കം പാർത്തു നിന്നവർ മയക്കുമരുന്നു കയറ്റി.  മയങ്ങി വീഴാതിരിക്കാൻ രണ്ടു പുറവും അവന്റെ തന്നെ സഹോദരങ്ങളെ - കുങ്കിയാനകളെ (S|atees -? )  അണിനിരത്തി. അവരുടെ സഹായത്തോടെ ആഘോഷമായി അവനെ മുമ്പേ തയ്യാറാക്കിയ ഇടുങ്ങിയ കൂട്ടിലെത്തിച്ചു. സംഭവം തത്സമയ സംപ്രേക്ഷണം നടത്തി നമ്മൾ ഉത്സവ പ്രതീതി സൃഷ്ടിച്ചു. കുൻതെ യെയും സംഘത്തേയും കൂട്ടിക്കെട്ടി നടത്തിക്കൊണ്ടു പോകുന്ന സമയത്തും ഇരുവശങ്ങളിലും കാത്തു നിന്ന വെ ള്ളക്കാർ കയ്യടിച്ച് ആർത്തു വിളിച്ച് ആഘോഷിക്കുന്നുണ്ട്! പാതി മയക്കത്തിലും കൂട്ടിൽ കയറാൻ വിസമ്മതിച്ച പി.ടി. 7 നെ വയനാട്ടിൽ നിന്നും പ്രത്യേകം വരുത്തിയ ശക്തനായ കുങ്കി - സുരേന്ദ്രൻ- ഒറ്റ തട്ടിനാണ് പോലും കൂട്ടിലേക്ക് കയറ്റിയത് ; ഒപ്പം ഒരു ജീവിത കാലത്തെ യാതനകളിലേക്കും , അടിമത്തത്തിലേക്കും ! ആഘോഷത്തിമർപ്പിൽ അബദ്ധത്തിലാവാം , ഒരു ചാനൽ മാത്രം അവന്റെ ചതഞ്ഞ പിൻഭാഗം ഒരു തവണ കാണിച്ചു. റേറ്റിങ്ങ് എന്നത് ഒരു ചെറിയ പ്രശ്നമല്ലല്ലൊ! അനങ്ങാൻ പോലും പറ്റാത്തത്ര ഇടുങ്ങിയ കൂട്ടിൽ നിന്ന്  മരങ്ങളുടെ വിടവുകളിലൂടെ അനന്തമായ കാടിനെ നോക്കി അവൻ നിസ്സഹായനായി ചിന്നം വിളിച്ചു . ൈ ക കാലുകൾ ചങ്ങലക്കിട്ട് അനങ്ങാൻ പറ്റാതെ കപ്പലിൽ അടുക്കായി കിടന്ന കുൻതെയുടെ   അനുഭവവും സ്പൂണുകളുടെ ഉദാഹരണവും ഓർക്കുക. കൂട്ടിൽ അനങ്ങാൻ പറ്റാതെ നിന്ന പി.ടി. 7 ന് അധികാരികൾ പേരിടുന്നുണ്ട്! അവൻ ജനിച്ചു വളർന്ന കാടിന്റെ ഓർമക്കായി -  ധോണി എന്ന്. തികച്ചും മതേതരമായ ,  ആണെന്നോ പെണ്ണെന്നോ പറയാൻ പറ്റാത്ത മനോഹരമായ ഒരു പേര് ! അമേരിക്കയിലെത്തുന്ന കുൻ തെ യ്ക്ക് സായിപ്പും കൊടുക്കുന്നുണ്ട് ഒരു പേര് - ടോബി! പാരമ്പര്യ തനിമയും മഹത്വവും പേറുന്ന തന്റെ പേരിന്റെ സ്ഥാനത്ത്  സായിപ്പ് നൽകുന്ന പേരു് കേൾക്കുമ്പോൾ കുൻതെയ്ക്ക് വെറുപ്പും ദേഷ്യവും അടിവയറ്റിൽ നിന്നും പൊങ്ങി വരും. തന്റെ പുതിയ പേര് പറഞ്ഞു തരാൻ വരുന്ന കറുത്ത വർഗക്കാരന്റെ നേർക്ക്  ആഞ്ഞു തുപ്പാൻ  കുൻതെയ്ക്ക്തോന്നുന്നുണ്ട്. ചാനലുകൾ ഒഴിഞ്ഞ ധോണിയിൽ ഒരു കൂട്ടിൽ കിടന്ന് നമ്മുടെ ധോണി എന്തൊക്കെ അനുഭവിച്ചു കാണുമെന്ന് ഊഹിക്കാമല്ലൊ! കാട്ടാനയെ നാട്ടാനയാക്കാൻ നമ്മൾ നടത്താറുള്ള ' പ്രയോഗങ്ങൾ' ഏറെ പ്രസിദ്ധമാണ് താനും. ഇതിനകം തന്നെ, അനുസരണയുള്ള, നമ്മുടെ സ്വപ്നങ്ങള ചവുട്ടി മെതിക്കാത്ത നല്ലൊരു ആനയായി - ധോണി യായി , പി.ടി. 7 മാറിയിട്ടുണ്ടാവണം.
         ഇത് ഒറ്റപ്പെട്ട ഒരു സംഭവമായി എഴുതി തള്ളാൻ വരട്ടെ; നമുക്ക് ഇടുക്കിയിലേക്ക് പോകാം. അവിടെ നിന്നും മറ്റൊരു കുൻതെ യുടെ കഥയ്ക്ക് കാതോർക്കാം. ഏതാണ്ടൊരു' ഫാസ്റ്റ് ഫുഡ് ' സംസ്കാരം സ്വായത്തമാക്കിയതാണ് അവിടത്തെ
 കുൻതെ യെ  നമ്മൾ ശത്രു പക്ഷത്ത് നിർത്താൻ കാരണം. അരി അവന്റെ ദൗർബല്യമാണ്.   അരി സൂക്ഷിച്ച സ്ഥലം , ഇനിയിപ്പോൾ അത്  ഓടുന്ന വണ്ടിയായാൽ പോലും തടഞ്ഞുനിർത്തി 'അരിച്ചു ' പെറുക്കാൻ തുടങ്ങിയപ്പോൾ നമ്മൾ ആലോചിച്ചു ; ഇവനെയും അടിമയാക്കിയാലൊ? പക്ഷെ എന്തുകൊണ്ടോ നീതി പീഠത്തിൽ നിന്ന് ഇത്തവണ ഒരു വിലക്കാണ് വന്നത്. വേണമെങ്കിൽ മറ്റെവിടെക്കെങ്കിലും മാറ്റാം, നാട്ടാനയാക്കരുത്! അത്രയെങ്കിലും ആശ്വാസം! ചാനലുകാർ ഒരുങ്ങിയപ്പോൾ അവനേയും വെടിവെച്ചു മയക്കി , കഴുത്തിൽ ആജീവനാന്തം അണിയാനായി അലോസരപ്പെടുത്തുന്ന ഒരു റേഡിയോ  കോളറും ഘടിപ്പിച്ച് , കുങ്കികളുടെ സഹായത്തോടെ വാഹനത്തിൽ കയറ്റി ; പിന്നെ പാതിമയക്കത്തിൽ ഒരു യാത്ര ; ജനിച്ചു വളർന്ന സുപരിചിതമായ കാട്ടിൽ നിന്ന്  വളരെ ദൂരെയുള്ള അപരിചിതമായ മറ്റൊരു കാട്ടിലേക്ക്! ഒരിക്കലും മടങ്ങിവരാൻ പറ്റാത്ത, സമുദ്രത്തിനു പകരം  നഗരങ്ങളാൽ വേർതിരിക്കപ്പെട്ട , മറ്റൊരു കാട്ടിലേക്ക്  -  മയക്കത്തിലും, മുറിവേറ്റ തുമ്പിക്കൈ വാഹനത്തിനു പുറത്തിട്ട്  പേരിനൊരു പ്രതിക്ഷേധം - എത്രയായാലും താനൊരു കാട്ടാനയല്ലെ? അങ്ങനെ ഒരു 'കുൻതെ ' കൂടി നാടുകടത്തപ്പെട്ടു. എല്ലാ സൗഹൃദങ്ങളും നിഷേധിക്കപ്പെട്ട് അപരിചിതമായൊരു കാട്ടിൽ അവൻ അലഞ്ഞു കൊണ്ടേയിരിക്കുന്നു.
      ഇതോടെ അവസാനിച്ചുവോ അന്യവൽകരിക്കപ്പെടുന്നവരുടെ കഥകൾ ? അറിയില്ല. ചക്കയിലും മാങ്ങയിലുമൊക്കെ താല്പര്യമുള്ളവർ ഇനിയുമുണ്ടത്രെ. ആർക്കെങ്കിലുമൊക്കെ അലോസരമുണ്ടാവുന്നതു വരെ അവർക്ക് തങ്ങളുടെ തട്ടകങ്ങളിൽ തന്നെ പാർക്കാം. പിന്നെ , ചരിത്രം ആവർത്തിക്കുമെന്ന് നമ്മുടെ പുസ്തകങ്ങൾ നമ്മെ പഠിപ്പിക്കുന്നുണ്ടല്ലൊ ; ഇത്തരം സംഭവങ്ങളെ ചാക്രികമായ ഒരു അനിവാര്യതയായി കണ്ട്  നമുക്ക് സമാധാനിക്കാം ; അല്ലെ?

Comments

  1. Nice comparison and narration. May be an Abraham Lincoln will take birth to save elephants too!

    ReplyDelete
    Replies
    1. Thank you very much for the comments 🙏

      Delete
  2. wonderful writing suresh. happy to see you and sasi bloom again. keep writing.

    ReplyDelete
    Replies
    1. Thank you very much for the encouraging comments 🙏

      Delete
  3. വളരെ ആകാംക്ഷയോടെ വായിച്ച ഈ കുറിപ്പിലെ സത്യങ്ങൾ നമ്മെളെ വേട്ടയാടിക്കൊണ്ടിരിക്കും. അടിപ്പെടുത്താനുള്ള ത്വരയടങ്ങാത്ത മനുഷ്യവംശത്തിൻ്റെ കറുത്ത ഹൃദയത്തിന് കാഠിന്യം കൂടുതലാണത്രെ. അതിന് കാല,ദേശ ,വർഗ്ഗ ഭേദമില്ല എന്നും മനസ്സിലാക്കുക.

    ReplyDelete
  4. Thank you very much Sankarji, for your comments 🙏

    ReplyDelete

Post a Comment

Popular posts from this blog

അക്കാലത്ത് അറബിക്കടൽ ചോരയാൽ ചുവന്നിരുന്നു

ഭക്ഷണപ്രിയരുടെ ശ്രദ്ധക്ക് .....

ഒരു കടൽ ദൂരം