അതിർത്തികൾ അശാന്തമാവുമ്പോൾ

                " ങ്ങള് നോയ് ക്കോളിൻ അമ്മു ഏട്ത്ത്യേ ! ഇക്കുറി എത എറക്കിക്കെട്ടാൻ വന്നാൽ അവനെ ഞാൻ വേലിടെ എത്യോട് ചേർത്തി അടിക്കും. ന്റോടെ നല്ല കൈക്കോട്ടിന്റെ തായ ഇരിക്ക് ണ് ണ്ട് "!
                 നടുമുറ്റത്തു നിന്ന് കലവറ മുറിയുടെ മുന്നിലെ ചെറിയ വരാന്തയിലേക്കു കയറുന്ന ഒതുക്കുകല്ലിൽ കുന്തിച്ചിരുന്ന്   ൈക ഉമ്മറപ്പടിയിൽ അടിച്ച് പാറുവമ്മ തേങ്ങലിനിടയിൽ ആണയിട്ടു.    പശുക്കൾക്ക് പിണ്ണാക്കും തവിടും കലർത്തിയ വെള്ളവുമായി പോകുന്ന പൊന്നമ്പല തരകൻ പാറുവമ്മയോട്  എന്തോ ഏഷണി കൂട്ടി. ഇടവഴിയിലിരുന്ന്കൂ ട്ടാന് കഷ്ണം നുറുക്കുന്ന പാറുകുട്ടിയിളയമ്മ ഇടതു കൈ കുത്തി ഒന്ന്മലർന്നിരുന്നു ; കത്തി പിടിച്ച വലതു കൈ കൊണ്ട്  വായ പൊത്തിചിരി തുടങ്ങി. 
                  " പൊന്നമ്പലേട്ടാ, ന്നെ ങ്ങള് ഇളിച്ചം പിടിപ്പിക്കണ്ട ട്ട്വോ. ഇന്റെ വെഷമങ്ങള് അമ്മുവേടത്തിയോട് പറയാനാ ഞാൻ വന്നത്! അവരും അപ്പോട്ടനും കൂടി ഒരു നിവൃത്തി ണ്ടാക്കി തരണം എനിക്ക്! ആരും ഇല്ലാത്തോളാച്ചിട്ടല്ലേ ന്നോട് അവൻ ഇങ്ങനെ കാണിക്കണ് ? കൊക്കില് ജീവനുള്ളവരെ ന്റെ ഒരിഞ്ച് സലം അവന് കൊടുക്കില്ല." സ്ഥിരം ആവലാതി കേട്ടുമടുത്തവർ വിഷയം മാറ്റാൻ നോക്കിയതിനെ അതിജീവിച്ച് പാറുവമ്മ പറഞ്ഞു നിർത്തി ; മൂക്കുപിഴിഞ്ഞ്മുണ്ടിന്റെ കോന്തലയിൽ  തുടച്ചു.
            കലവറയിലിരുന്ന് തൈരു കലക്കിയിരുന്ന അച്ഛമ്മ കടകോൽ മാറ്റി വെച്ച്കലത്തിന്റെ വക്കിൽ പറ്റി പിടിച്ച വെണ്ണ ചുണ്ടുവിരലിലാക്കി കുടഞ്ഞ് എഴുന്നേറ്റു മൂക്കത്തു വിരലു വെച്ച്പറഞ്ഞു. 
" ഒരു കണക്കിന്  ആങ്ങളയും പെങ്ങളുമാണ്! നെണക്കാച്ചാൽ ആരൂല്യ. ഒരു വേലിടെ അപ്പറോം ഇപ്പറോം സ്നേഹത്തോടെ കഴിഞ്ഞാലെന്താ? എപ്പഴും കീരിം പാമ്പും പോലെന്നെ. അവനെ മാത്രം പറഞ്ഞിട്ടെന്താ? നീയും കൊസ്രാക്കൊള്ളി പറയണോളാണ് ". രാവിലെ കുളത്തിൽ കുളിക്കുമ്പോൾ കിഴക്കുവശത്തെ ' പഴനി ' ക്കാരുടെ 
തൊടിക്കപ്പുറത്തു നിന്നും അച്ഛമ്മയും കേട്ടി രുന്നു അവർ തമ്മിലെ ലഹളയുടെ പുതിയ ഗഡു .
             " ഇന്നെ നിങ്ങള് വിശ്വസിക്കിൻ അമ്മു ഏട്ത്ത്യേ ; ഞാനൊരു ലഹളയ്ക്കും പോണോളല്ല! അവനും അവളും കൂടി എപ്പഴും മേക്കിട്ട് കേറാൻ വന്നാൽ ഞാനെത്രെയാച്ചിട്ടാ സഹിക്ക്യാ ? അവന്  ഇപ്പൊ എങ്ങനെങ്കിലും ഇന്റ സലം കിട്ടണം; അത് ഞാൻ ള്ളടത്തോളം കാലം നടക്കില്ല . ഇന്നും രാവിലെ വെറുതെ ലഹളക്ക് വന്നു. അപ്പോട്ടനോട് പറഞ്ഞ്  ഒരു നിവൃത്തി ഉണ്ടാക്കി തരിൻ ." 
            "  ഹും! അപ്പോട്ടന് ഇത് മാത്രാണല്ലൊ പണി " എന്ന് പിറുപിറുത്ത് ഒഴിഞ്ഞ പാത്രത്തിൽ ചെറുതായി താളം പിടിച്ച് പൊന്നമ്പല തരകൻ അടുക്കളയിലേക്കു നടന്നു.
                 ഉച്ചക്ക് ചോറ് വിളമ്പുന്ന സമയത്ത് അച്ഛമ്മ മുത്തച്ഛനോട് പറയുന്നതു കേട്ടു. " ആ പാറൂന്റെ കരിച്ചിലും പിഴിച്ചിലും കേ
ട്ടിലേ? കൃഷ്ണനെ ഒന്ന് വിളിച്ച്  അന്വ
ഷിക്ക്യാ. എന്താ  സത്യാവസ്ഥ ന്ന് അറിയാം. " ഊണിൽ മുഴുകിയ മുത്തച്ഛൻ ' ഹും  'എന്നൊരു ശബ്ദമുണ്ടാക്കി ചെറുതായി ചിരിച്ചു.
                     നാട്ടിൻപുറങ്ങളിൽ  വൃശ്ചികം , ധനു എന്നീ മാസങ്ങളിൽ ' മുള്ള് കടിയുക ' എന്നൊരേർപ്പാടുണ്ട്. വേലി കെട്ടിന്റെ ആദ്യ പ്രവർത്തിയാണത്. ഇളരാവ്  ഒഴിവാക്കിയാണ് മുമ്പു കാലത്ത്  മുള്ളുകടിയലും ,പട്ടവെട്ടലും ,മരം മുറിക്കലും നടത്തിയിരുന്നത്! ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ  ഭൂമിയിലെ വൃക്ഷലതാദികളുടെ ബലത്തെ സ്വാധീനിക്കുന്നുണ്ടന്ന്   നമ്മുടെ പൂർവികർ മനസ്സിലാക്കിയിരുന്നു എന്നു വേണം കരുതാൻ. മുളങ്കൂട്ടങ്ങളിലെ ഇല്ലിക്കോലുകൾ കടിഞ്ഞ് . അതു വെച്ച് കെട്ടി വേലിയുണ്ടാക്കിയാണ്  ഓരോരുത്തരും  അടുത്ത ഒരു വർഷത്തേ
ക്ക് അവനവന്റെ അതിർത്തി സംരക്ഷി
ച്ചിരുന്നത് . അതിർത്തികളിൽ അല്പം മണ്ണിട്ടുയർത്തി 'എത ' എന്ന വരമ്പുണ്ടാക്കി അതിൽ തുല്യ അകലത്തിൽ തറികൾ നാട്ടി , അവതമ്മിൽ ഇല്ലിക്കോലുകൾ കൊണ്ട് വിലങ്ങനെ ബന്ധിപ്പിച്ച് ' പാന്തകം ' കൊണ്ട് കെട്ടിയുറപ്പിച്ചാണ് മുള്ളുവേലികൾ തീർക്കുന്നത് . പനമ്പട്ടയുടെ തണ്ടുകൾ വെള്ളത്തിൽ മുക്കിയിട്ട് മയപ്പെടുത്തി ചിന്തിയെടുത്താണ് പാന്തകം എന്ന ബലമേറിയ നാരുകൾ ഉണ്ടാക്കുന്നത്. ഭൂപ്രകൃതിയോടിണങ്ങി നിന്ന മുള്ളുവേലികൾ ഭൂമിയുടെ നിമ്നോന്നതങ്ങളിലൂടെ അതിനു സമാന്തരമായി നീണ്ടു നീണ്ടു പോയി ; ഒപ്പം, അവയ്ക്കിരുപുറവും പാർത്തിരുന്നവരുടെ മനസ്സിലും തീർത്തു ചില അതിരുകളും, ആ ഗ്രഹങ്ങളും , ആശങ്കകളും! അത്തരത്തിൽ ഒരു ആശങ്കയാണ് പാറുവമ്മയുടെ ജീവിതം ദു:സഹമാക്കിയത്. എതയിൽ മുള്ളീരം, മുരുക്ക്, കാഞ്ഞിരം തുടങ്ങിയ ഉപയോഗശൂന്യമായ മരങ്ങൾ നട്ട് അവയുടെ വളർച്ചയ്ക്ക് അനുസരിച്ച്  എത കയറ്റിയും ഇറക്കിയും കെ
ട്ടി അതിർത്തികൾ വികസിപ്പിക്കാൻ ചിലർ ശ്രമിക്കാറുണ്ട്. ഇത് , വേലി കെട്ടുന്ന  കാലത്ത് അയൽപക്കക്കാർക്കിടയിൽ അനാവശ്യമായ സംഘർഷങ്ങൾക്കിടയാക്കിയിരുന്നു.  
              അയൽപക്കത്തുള്ള താരതമ്യേന സമ്പന്നനായ അർദ്ധ സഹോദരൻ , എതയിൽ കൃത്രിമം കാട്ടി , തന്റെ ഏഴു സെന്ററിൽ കുറഞ്ഞ ഭൂമി കുറെശ്ശെയായി തട്ടിയെടുക്കാൻ ശ്രമിക്കുകയാണ് എന്ന് ആ സാധു വിശ്വസിച്ചു. അതിർത്തിക്കപ്പുറത്തു നിന്നുള്ള ഏതു ചെറിയ പ്രകോപനത്തെയും പാറുവമ്മ തന്നാലാവും വിധം ശക്തമായി പ്രതിരോധിച്ചു ; അടുത്ത ബന്ധുക്കളാരുമില്ലാത്തതിനാൽ ഒരു ഒറ്റയാൾ പട്ടാളമായി തന്നെ  അവർ തന്റെ അതിർത്തി കാത്തു. 
            മാങ്ങോടുള്ള അമ്മായിയുടെ വീടിന്റെ പുറകുവശത്തുകൂടി  പോകുന്ന മണ്ണിട്ട 
റോഡ് വീരമംഗലം എന്ന സ്ഥലത്തേ
ക്കുള്ളതാണ്. മാങ്ങോടിന്റേയും വീര മംഗലത്തിന്റെയും ഇടയിലൂടെ ഒഴുകുന്ന കാക്കാ തോടിന്  അന്ന് പാലമില്ലായിരുന്നു. എങ്കിലും നീരൊഴുക്ക് അധികമില്ലാത്ത കാക്കാതോട് ഇറങ്ങികടക്കാൻഎളുപ്പമായതിനാൽവീരമംഗലത്തുകാർ ഈ വഴിയെയാണ് ആശ്രയിച്ചിരുന്നത്. അമ്മായിയുടെ വീട്ടിൽ വിരുന്നു പോയ ഞങ്ങൾ കുട്ടികളും, അവരുടെ മകൻ രവിയേട്ടന്റെ
നേതൃത്വത്തിൽ ഒരു തവണ  മുതിർന്നവർ അറിയാതെ തോടു കടന്ന്   കുത്തനെയുള്ള കയറ്റം കയറി വീരമംഗലം ദേശത്ത് 'കാലുകുത്തി 'യിട്ടുണ്ട്. തോടി നോടു ചേർന്നു സ്ഥിതിചെയ്യുന്നകാക്കുറിശ്ശിശിവക്ഷേത്രത്തിൽ 
തൊഴാൻ പോവാൻ കിട്ടിയ അനുവാദമാണ്  അന്ന്ഈ  ' സാഹസ ' ത്തിന് ദുരുപയോഗം ചെ
യ്തത്.
            ആ വീരമംഗലത്തുകാരനായ ശങ്കര തരകനാണ്പാറുവമ്മയെ വിവാഹം  ചെയ്തത്. പക്ഷേ, ആന പാപ്പാനായ ശങ്കര തരകനോടൊപ്പമുള്ള ദാമ്പത്യത്തിന് അൽപ ആയുസ്സേ ഉണ്ടായിരുന്നുള്ളു. അമ്മയാവാനുള്ള ഭാഗ്യം പോലും പാറുവമ്മയ്ക്കുണ്ടായില്ല. മരണം
സദാസമയവും ഒരു കറുത്ത കുന്നായി ഇടതുവശം ചേർന്ന് നടന്നപ്പോൾ , ഒരു പക്ഷേ ശങ്കര തരകൻ തന്റെ ജീവനെ മാത്രം സ്നേഹിക്കാൻ നിർബന്ധിതനായതാവാം. ഈണത്തിലുള്ള ചങ്ങലകിലുക്കത്തോടൊപ്പം പൂരപറമ്പിൽ നിന്ന് പൂര പറമ്പിലേക്കുള്ള യാത്രയിൽ,  ഏതോ ആരവങ്ങളിൽ, ശങ്കരതരകൻ പാറുവമ്മയെക്കുറിച്ചുള്ള ഓർമകൾ മറന്നു വെച്ചു !  തിക്കിലും തിരക്കിലും പെട്ട് ശിഥിലമായ അവ ഒരിക്കലും വീണ്ടെടുക്കാനാവാത്ത വിധം കൈവിട്ടു പോയി. എന്നെങ്കിലും വരുമെന്നോർത്ത് പാറുവമ്മ കാത്തിരുന്നത് വെറുതെയായി.
        ശനിയാഴ്ച രാവിലെ അൽപം വൈകിയാണ് ഞാൻ ഉണർന്നത്. കിഴക്കേ കോലായിൽ ഒരാൾ മുത്തച്ഛന്റെ മുമ്പിൽ ഭവ്യതയോടെ നിന്ന് സംസാരിക്കുന്നു. വെളുത്ത് ഉയർന്ന്,  അലക്കിതേച്ച മുണ്ടുടുത്ത ഒരാൾ ;  ചുമലിൽ അലക്കിയ വെള്ള
തോർത്ത്  - പാറുവമ്മയുടെ ദിവസേനയെ
ന്നോണമുള്ള രോദനങ്ങളിൽ നിന്നുണ്ടായ സഹതാപം മൂലം ഞാൻ മനസ്സിൽ വരച്ചിട്ട ഭീകരന്റെ രൂപത്തിൽ നിന്നും തികച്ചും വ്യത്യസ്തനായ ഒരാൾ ! 
           "അപ്പോട്ടൻ  എന്നെ വിശ്വസിക്കണം. ഞങ്ങളായിട്ട് ഒരു പ്രശ്നവും ഉണ്ടാക്കാറില്ല. അവൾക്ക്  ഓരോ തോന്നലാണ്".
           മുത്തച്ഛൻ പറഞ്ഞു  " ദിവസേന ആക്ഷേപം കേൾക്കുമ്പോൾ നിന്നോടും കൂടി അന്വഷിക്കണലോന്ന് വച്ച് വരാൻ പറഞ്ഞതാണ്. ഇതൊന്നും കേൾക്കാൻ സുഖംള്ള കാര്യങ്ങളല്ല. എന്തൊക്കെ ആയാലും ഒരു പെങ്ങളുടെ സ്ഥാനം ണ്ട് അവൾക്ക് ".
           ഇനി തന്റെ ഭാഗത്തു നിന്ന് യാതൊരു തെറ്റും ഉണ്ടാവില്ലെന്ന് മുത്തച്ഛനു വാക്കുനൽകി അയാൾ തിരിഞ്ഞു നടന്നു. 
           കോലായയിൽ  ഈ സംവാദം സസൂക്ഷ്മം നിരീക്ഷിച്ചു നിന്ന എനിക്ക് ഒരു ചിരി സമ്മാനിച്ച് , മുതുകത്തു തട്ടി അദ്ദേഹം വടക്കെ പടിക്കലേക്കുള്ള ഒതുക്കുകൾ ഇറങ്ങിപ്പോയി.  
               പിന്നീട് കുറച്ചു ദിവസത്തേക്ക്  കിഴക്കു നിന്നു സാധാരണയായി കേൾക്കാറുള്ള വാഗ്വാദങ്ങളും പോർ വിളികളും  ഞങ്ങളാരും കേട്ടില്ല. അടുത്ത ദിവസങ്ങളിലായി പാറുവമ്മയും സ്വല്പം സന്തോഷവതിയായി കാണപ്പെട്ടു.
                 ആയിടക്ക്,  ഒരിക്കൽ മാങ്ങോട്ടു നിന്നും അമ്മായി വിരുന്നു വന്ന ദിവസം പാറുവമ്മയും വീട്ടിൽ  വന്നു. വളരെ കാലത്തെ ഇടവേളയ്ക്കു ശേഷം തമ്മിൽ കണ്ടതിന്റെ സന്തോഷവർത്തമാനങ്ങൾക്ക് ഒടുവിൽ പാറുവമ്മ അമ്മായിയോട്  ചോദിച്ചു.   നീയ്  ശങ്കര തരകനെ  കാണാറുണ്ടോ കുഞ്ഞിമാ
ളേ? 
                    അമ്മായി പറഞ്ഞു." ഏയ് ഞാനൊന്നും കുറെ യായി കാണാറില്ല.
അയാള് ആനപ്പണിയായിട്ട് തെരക്കിലാവും"
 "നേരം ഉച്ചയായി ഞാൻ പോണു "എന്ന്  യാത്രപറഞ്ഞ് പാറുവമ്മ  മുറ്റത്തേക്കിറങ്ങി.
ഒതുക്കുകൾ ഇറങ്ങി കുളപ്പുരയുടെ  മുമ്പിലെ കവുങ്ങിൻ തോട്ടത്തിൽ നിന്നും തിരിഞ്ഞു നിന്ന് 
അമ്മായിയെ വിളിച്ചു പറഞ്ഞു .  "ഇനി കണ്ടാൽ ഞാൻ അന്വഷിച്ചു ന്ന് പറാ ട്ട്വൊ ".

                   "ഓ ! പറയാം "എന്ന് അമ്മായി തിരിച്ചു പറഞ്ഞു.  പുറത്തേക്ക് ഒന്ന് എത്തി നോക്കി , പാറുവമ്മ കേൾക്കാത്ത ദൂരത്തെത്തി എന്ന് ഉറപ്പു വരുത്തി അമ്മായി അച്ഛമ്മ
യോട്  പറഞ്ഞു. " പാവം പാറു ! ഞാൻ കഴിഞ്ഞാഴ്ചയും കൂടി അയാളെ കണ്ടു. പത്ത് മിനിറ്റ് കൂട്ടം കൂടി. ന്ന് ട്ടും ഒരക്ഷരം അയാള് ബ്ളെ പറ്റി ചോദിച്ചില്ല." അച്ഛമ്മ മൂക്കത്ത് വിരൽ വെച്ച് കട്ടിളയിൽ ചാരി നിന്നു. അമ്മായി തന്റെ സമുദ്ധമായ മുടി ഒന്നുകൂടി അഴിച്ചു കെട്ടി കോലായയിലേക്ക് നടന്നു ; ഞങ്ങൾ കുട്ടികൾ അകമ്പടിയായി പുറകെയും.
               
                   വടക്കെ പടിയുടെ ഒതുക്കുകൾ ഇറങ്ങി പാറുവമ്മ , വേനൽ പൂട്ടു കഴിഞ്ഞു വരണ്ടുണങ്ങിക്കിടന്ന അരിയാനി പാടത്തേ ക്കിറങ്ങി. എവിടന്നോ വീണു ചിതറിയ മാതിരി കിടന്ന വരമ്പുകൾ പാറുവമ്മയുടെ മനസ്സിലെ വിഹ്വലതകളെ ചവിട്ടടികളിൽ ഏറ്റുവാങ്ങാൻ തയ്യാറായി. അവക്കിരുപുറവും മഴക്കാറു കാത്തു കിടന്ന കാഞ്ഞ മണ്ണിലും ഓരോ പച്ച നാമ്പുകൾ അങ്ങിങ്ങായി പൊടിച്ചു നിന്നു ; പാറുവമ്മയുടെ പ്രതീക്ഷകൾ പോലെ  !               

Comments

  1. എഴുത്ത് ഗംഭീരം. പാറുവമ്മയുടെയും ശങ്കര തരകന്റെയും ചിത്രങ്ങൾ വളരെ കേമം.

    ReplyDelete
  2. കൃത്യമായ ആസ്വാദനത്തിന് നന്ദി

    ReplyDelete
  3. നാടൻ കഥ, ഗംഭീരം

    ReplyDelete
  4. Thank you Sasi for your comments 🙏

    ReplyDelete
  5. അരിയാനി കുളത്തിൽ ആമ്പൽ പൂ വിരിയുന്ന പോലെ ഒരു എഴുത്ത്. എന്തു രസമായിരുന്നു ആ വഴിയി ലൂടെ ഒക്കെ നടക്കാൻ .ഇടതു വശം ചേർന്നു നടക്കുന്ന കറുത്ത കുന്ന് - പ്രയോഗം കലക്കി.

    ReplyDelete

Post a Comment

Popular posts from this blog

അക്കാലത്ത് അറബിക്കടൽ ചോരയാൽ ചുവന്നിരുന്നു

ഭക്ഷണപ്രിയരുടെ ശ്രദ്ധക്ക് .....

ഒരു കടൽ ദൂരം