അരണ്യകാണ്ഡം

 സർവ്വർത്തു ഫല കുസുമാഢ്യ പാദ പലതാ
സംവൃതം നാനാ മൃഗ സഞ്ചയ നിവേഷിതം
നാനാപക്ഷികൾ നാദം കൊണ്ടതിമനോഹരം
കാനനം ജാതി വൈര രഹിത ജന്തു പൂർണ്ണം
                              ( രാമായണം-അരണ്യകാണ്ഡം)

        "  രണ്ടു ദിവസത്തേക്ക് എങ്ങോട്ടെങ്കിലും ഒരു യാത്ര പോയാലോ? വല്ല സ്ഥലവും കണ്ടുവെച്ചിട്ടുണ്ടോ? " യാത്രകൾ അധികം തരപ്പെടാറില്ലെങ്കിലും കാണേണ്ട       സ്ഥലങ്ങളെ കുറിച്ച്  ഞാൻ ഇടയ്ക്കിടെ പറയാറുള്ളത്  ഓർത്തു കൊണ്ടായിരിക്കണം ശ്രീമതിയുടെ ചോദ്യം. പൊതുവെ ട്യൂഷൻ ക്ലാസുകളുടെതിരക്കിൽമുഴുകിയിരിക്കുന്നതിനാൽ ഇപ്പോൾ  യാത്രകൾക്കൊന്നും സാദ്ധ്യതയില്ലെന്നാണ് ഞാൻ കരുതിയിരുന്നത്. അതിനാൽ അപ്രതീക്ഷിതമായ ഈ ചോദ്യം എന്നെ കുറച്ചൊന്നുമല്ല ആഹ്ലാദിപ്പിച്ചത്  . പെട്ടെന്ന് മനസിലേക്ക്ഓടിയെത്തുന്ന പേരാണല്ലൊ ഊട്ടി. പക്ഷേ കഴിഞ്ഞവർഷവും അവിടം സന്ദർശിച്ചതാണ്. ആക്രമിച്ച് കയറുന്ന
കോൺക്രീറ്റ് സൗധങ്ങൾ ഊട്ടിയുടെ  പച്ചക്കുന്നുകളെയും, സൗന്ദര്യത്തെയും കാർന്നുതിന്നുന്നതിനെ പറ്റി
യുള്ള വേവലാതിയോടെയാണ് അന്ന് മടങ്ങിയത് . അങ്ങിനെയാണ്,  'എങ്കിൽ
പിന്നെ ഊട്ടിയും കടന്നുപോയാലോ 'എന്ന ചിന്ത വന്നത് ! വളരെക്കാലമായി ആഗ്രഹിക്കുന്നതാണ് ബന്ദിപ്പൂർ , മുതുമല യാത്രകൾ.  ഒരു സമവായത്തിലെത്തിയ
പ്പോഴാണ് ഗൂഗിളിൽ പരതിയത്. അത് മറ്റൊരു കണ്ടെത്തലിലേക്ക് വഴിവെച്ചു. ഊട്ടി വഴിയല്ല മുതുമലയ്ക്ക് പോകേണ്ടത്. കിഴക്കോട്ടു 
യാത്ര ചെയ്ത് കോയമ്പത്തൂർ , ഊട്ടി വഴിപോകുന്നതിനു പകരം വടക്കുപടിഞ്ഞാറ് ദിശയിൽ നിലമ്പൂർ, നാടുകാണി വഴിയാണ് ഗൂഗിൾ നിർദേശിച്ചത്. മുമ്പുണ്ടായ അനുഭവങ്ങൾ വെച്ച് പറഞ്ഞാൽ , അത്ര
  നല്ല ബന്ധമല്ല ഗൂഗിളും ഞാനും തമ്മിൽ.
എങ്കിലും ആ വഴിയും ഒന്ന്കാണാം എന്ന് ഞാൻ തീരുമാനിച്ചു. 
             യാത്ര പുറപ്പെട്ട് അലനെല്ലൂർ കഴിഞ്ഞ് മുന്നോട്ടു പോയി കൊണ്ടിരുന്നു. ഒരു ചെറിയ
ജംഗ്ഷനിൽ എത്തിയപ്പോൾ ഗൂഗിൾ തനിനിറം കാട്ടാൻ തുടങ്ങി. കഷ്ടിച്ച് ഒരു വണ്ടിക്ക് കടന്നുപോകാവുന്ന വീതിയുള്ള റോഡിലൂടെയായി പിന്നീടുള്ള യാത്ര - അവിടന്ന
ങ്ങോട്ട് കുത്തനെയുള്ള കയറ്റവും ഇറക്കവും വളവും തിരിവും മാത്രം! വിജനം എന്നു പറയാൻ പറ്റില്ലെങ്കിലും താരതമ്യേന ജനവാസം കുറഞ്ഞ സ്ഥലങ്ങളിലൂടെ പോയി ഒരു വിധം വാണിയമ്പലം എന്ന ചെറു പട്ടണത്തിൽ എത്തി. റെയിൽ പാതയുടെ കണക്കനുസരിച്ച് ഏകദേശം പന്ത്രണ്ടു കിലോമീറ്റർ പോയാൽ നിലമ്പൂരെത്തണം. ആ ധൈര്യത്തിൽ ഞങ്ങൾ യാത്ര തുടർന്നു. കുറെ ദൂരം സഞ്ചരിച്ചു ; നിലമ്പൂർ എത്തുന്ന മട്ടൊന്നും കാണാനില്ല. നീലവരയേയും ദിശാസൂചിയേയും ധ്യാനിച്ച്  വീണ്ടും യാത്ര തുടർന്നു. പെട്ടെന്ന്  വലിയ ഒരു ജംഗ്‌ഷൻ മുന്നിൽ. നിലമ്പൂരും കഴിഞ്ഞ് നാടുകാണിയിലേക്കുള്ള പാതയിലേക്ക് ഗൂഗിൾ ഞങ്ങളെ എത്തിച്ചിരിക്കുന്നു. ആദ്യമായി ഞാൻ   ഗൂഗിളിന്  മനസിൽ നന്ദി പറഞ്ഞു ;  നിലമ്പൂരിലെ തിരക്കൊഴിവാക്കി സൂത്രത്തിൽ ഞങ്ങളെ ശരിയായ പാതയിലേക്ക് നയിച്ചതിന്. അതുകൊണ്ടു തന്നെ അധികം വൈകാതെ ഞങ്ങൾ മസിനഗുഡിയിൽ എത്തി ചേർന്നു. പിറ്റേന്ന് രാവിലെയാണ് ജംഗിൾ സഫാരി. റിസോർട്ടിലെ ഭക്ഷണവും , സുഖമുള്ള തണുപ്പും ആസ്വദിച്ച് , നാളെ നേരിൽ കാണാൻ പോകുന്ന വന്യമൃഗങ്ങളെ സ്വപ്നത്തിലേക്ക് ആവാഹിച്ച് അവിടത്തെ ആദ്യ രാത്രി.
             
            സഫാരിക്കായി ആറുമണിക്കു മുമ്പു തന്നെ പത്തു കിലോമീറ്റർ അകലെയുള്ള മുതുമല ഫോറസ്റ്റ് ഓഫീസിൽ എത്തണമെന്ന് റിസോർട്ടുകാർ പ്രത്യേകം പറഞ്ഞിരുന്നു. കാരണം രാവിലെ ആദ്യത്തെ ട്രിപ്പിലാണ് വന്യമൃഗങ്ങളെ കാണാൻ സാധ്യത കൂടുതൽ . മാത്രമല്ല , സഞ്ചാരികളുടെ വലിയ തിരക്കുമാണ്. ആറു മണിക്ക് ചെ
ക്ക് പോസ്റ്റ് തുറന്നാൽ     തിരക്ക് അനിയന്ത്രിതമാവും. എത്ര ഉൽസാഹിച്ചിട്ടും അവിടെ എത്തിയപ്പോൾ ആറര മണിയായി. സംഗതി ശരിയാണ്. അപ്പോഴേക്കു തന്നെ ക്യൂ ഒരു വിധം നീണ്ടിരുന്നു. ഭാഗ്യത്തിന് രണ്ടാമത്തെ ബസിൽ ടിക്കറ്റ് കിട്ടി, അധികം വൈകാതെ യാത്ര തുടങ്ങി. ബസ്സിന്റെ ഏറ്റവും പുറകിൽ വലിയ ചില്ലിനോട് ചേർന്നാണ്  ഞങ്ങൾക്ക്സീ റ്റുകൾ കിട്ടിയത്.ഏഴു മണി മുതൽ എട്ടുമണി വരെയാണ് ആദ്യ യാത്ര. ബന്ദിപ്പൂർ റോഡിലൂടെ കുറച്ചു ദൂരം പോയി ബസ് കാട്ടിലേക്ക് തിരിഞ്ഞു. കേരളത്തിലെ കാടുകളിൽ നിന്ന് വിഭിന്നമായി അടിക്കാടുകളില്ലാത്ത,  അങ്ങിങ്ങായി മരങ്ങൾ വളർന്നു നിൽക്കുന്ന അൽപം വരണ്ട , തുറന്ന കാടുകളാണ് മുതുമലയിൽ.
 
        എല്ലാവരും ആകാംക്ഷയോടെ നാലുപുറവും തേടാൻ തുടങ്ങി. വളരെ പതുക്കെ ബസ് മുന്നോട്ടു നീങ്ങി. എവിടെ നോക്കിയാലും പുള്ളി മാനുകൾ മാത്രം ! കറുത്ത മുഖവും വെളുത്ത രോമ കവചവുമുള്ള ലാംഗൂർ വിഭാഗത്തിൽ പെട്ട കുരങ്ങൻമാർ ധാരാളമായി കാണപ്പെട്ടു. ആഞ്ജനേയനായ സാക്ഷാൽ ഹനുമാൻ ഈ വിഭാഗത്തിൽ  പെട്ടതാണത്രെ!  ദൂരം കുറെ പിന്നിട്ടിട്ടും നമ്മുടെ ഭാവനയിലെവ ന്യമൃഗത്തിന്റെ ഗണത്തിൽ പെടുത്താവുന്ന ഒരു മൃഗത്തെ പോലും കണ്ടില്ല. ബസ് സാവധാനം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. കാര്യമായി ഒരു മൃഗ ദർശനവും സാധിക്കാതെ സഫാരി അവസാനിക്കാൻ പോകുന്നതിന്റെ നിരാശ എല്ലാവരിലും പ്രകടം. പെട്ടെന്ന്,  ഒരു മാൻ കൂട്ടത്തിന്റെ അടുത്ത് ബസ് നിർത്തി. ഡ്രൈവർ പതിവിനു വിപരീതമായി എഞ്ചിൻ ഓഫ് ചെയ്തു. ആകാംക്ഷയോടെ ഞങ്ങൾ പുറത്തേക്കു നോക്കി. മാനുകൾ ഒരു പെയിന്റിങ്ങിലേതു പോലെ നിശ്ചലമായി തലയെടുത്ത് പിടിച്ചു നിൽക്കുന്നു. കണ്ണുകളിൽ തളം കെട്ടിയ ഭയം ; ചെവികളും വാലും തൊണ്ണുറു ഡിഗ്രിയിൽ എടുത്തു പിടിച്ചു നിൽക്കുന്നു. എന്തോ സംഭവിക്കാൻ പോകുന്നതു പോലെ . പെട്ടെന്ന് ഒരു മാൻ കുട്ടി ശരവേഗത്തിൽ ബസ്സിനു പിന്നിലൂടെ ഓടി മറഞ്ഞു;   തൊട്ടുപിന്നിൽ അതിനെ തുരത്തി ഒരു  പുള്ളി പുലിയും !ബസ്സിനെ കണ്ടതോടെ പുലി ഇരയെ വിട്ട് ഒരു നിമിഷം മരത്തിനു പിറകിൽ ഒതുങ്ങി നിന്നു.  ഡിസ്കവ
റി, നാഷണൽ ജ്യോഗ്രഫിക്  മുതലായ ചാനലുകളിൽ മാത്രം കണ്ടു പരിചയിച്ച
ത്രസിപ്പിക്കുന്ന രംഗത്തിന്റെ തനിയാവർത്തനം !  ബസ്സിന്റെ പിന്നിലെ ചില്ലിലൂടെ തെളിഞ്ഞു കണ്ട രംഗം  മനസ്സിലേക്ക് ഇറങ്ങിവരുന്നതിനു മുമ്പ്  മരത്തിനു പുറകിൽ നിന്ന്പുലി എതിർ ദിശയിൽ തിരിഞ്ഞ് ഓടി. മനമില്ലാ മനസ്സോടെ ദൂരെ ഒരു പൊന്തക്കുള്ളിൽ കയറി മറഞ്ഞു. കാട്ടിലെ ഒരു നിയമം ഞങ്ങൾ കാരണം തെറ്റിയെങ്കിലും ഈ യാത്രയെ സഫലമാക്കാൻ പോന്ന അനുഭവം സമ്മാനിച്ച് സഫാരി അവസാനിച്ചു.

   
             ഫോറസ്റ്റ് ഓഫീസിന് എതിർ വശത്ത്  പാതയ്ക്കപ്പുറത്താണ്  പ്രസിദ്ധമായ തെ
പ്പക്കാട് ആന സംരക്ഷണ കേന്ദ്രം. സഫാരി ടിക്കറ്റ് വെച്ചു തന്നെ  അവിടെയും കയറാം.   രാവിലെ എട്ടര മണി മുതൽ ഒമ്പതു മണി വരെയും  ൈ വകുന്നേരം  അഞ്ചു മുതൽ അഞ്ചര വരെയും ആനകൾക്ക് ഭക്ഷണം കൊടുക്കുന്നത് കാണാൻ സാധിക്കും. ആനയൂട്ട് നാട്ടിൽ തന്നെ സുലഭമായതിനാൽ പ്രത്യേകിച്ച് താല്പര്യമൊന്നും എനിക്ക് തോന്നിയില്ല. ഏതായാലും വന്ന സ്ഥിതിയ്ക്ക് അതു കൂടി കാണാമെന്നു കരുതി അങ്ങോട്ടു് നടന്നു. ഒന്നു രണ്ട് ആനകൾ അങ്ങിങ്ങായി നിൽക്കുന്നത് ഗേറ്റിനു പുറത്ത് നിന്നേ കണ്ടു. സമയ കൃത്യത സമ്മതിക്കണം. കൃത്യം എട്ടര മണിക്ക് ഗേറ്റ് തുറന്നു തന്നു. പുൽമേടു പോലുള്ള ഒരു തുറന്ന പ്രദേശം. മയിലുകളും കുരങ്ങുകളും ആനകളുടെ ഭക്ഷണാവശിഷ്ടങ്ങൾ തേടി നടക്കുന്നു. ഗേറ്റ് കടന്ന ഉടനെ വലതുവശത്തായി  ആൽമരം ചേ
ർന്ന് ഒരു പഴയ കെട്ടിടം അടഞ്ഞുകിടക്കുന്നു. അതിൽ തൂങ്ങിക്കിടക്കുന്ന ദ്രവിച്ചു തുടങ്ങിയ ഫലകം ഞാൻ വായിച്ചെടുത്തു. മൃഗാശുപത്രിയാണ്. ഡോക്ടറെ കാത്ത്  ഹനുമാൻ സ്വാമിയുടെ പിൻമുറക്കാർ കുറച്ചു പേർ കെട്ടിടത്തിനുമുകളിൽ വരിയായി അടങ്ങി ഒതുങ്ങി ഇരിക്കുന്നു. ഇരുമ്പു ൈ പപ്പുകൾ കൊണ്ട് കെട്ടി തിരിച്ച വേലിക്കിടയിലൂടെയുള്ള  വഴി വലിയ ഒരു കെട്ടിടത്തിലേക്ക് സന്ദർശകരെ നയിക്കുന്നു. അവിടെയാണ്   തട്ടുകളിൽ ചോളം, റാഗി , ശർക്കര മുതലായവ ചേർത്ത ഭക്ഷണ ഉരുളകൾ തയ്യാറാക്കി വെച്ചിരിക്കുന്നത്. ഓരോ  പ്ളേറ്റിലും  അതാത്  ആനയുടെ പേര്  എഴുതി വെച്ചിട്ടുണ്ട് - ഒരു രസത്തിന്ഞാൻ വായിച്ചു തുടങ്ങി. കൃഷ്ണ ,ഭാമ, കാമാക്ഷി, മുതുമല....... ബൊമ്മൻ !  ബൊമ്മനിലെത്തിയ പ്പോൾ എന്തോ ഒന്ന് തടഞ്ഞ മാതിരി ഞാൻ നിന്നു. എവിടെയോ കേട്ട ഒരു പേര്! പെട്ടെന്ന് ഓർമ്മ വരുന്നില്ല, അടുക്കും ചിട്ടയും ഇല്ലാതെ കിടക്കുന്ന ഓർമയുടെ കലവറ മുറി ഒന്നുകൂടി പരതി. വീണ്ടും സംശയം! ഓസ്കാർ കിട്ടിയ  സുപ്രസിദ്ധ ഡോക്യുമെന്ററി എലഫന്റ് വിസ്പേറേഴ്സ് ഇവിടെ യാണോ ഷൂട്ട് ചെയ്തത്? ആനകൾക്കു മുന്നിൽ നിന്ന് പടമെടുക്കുന്ന മകനോട് സംശയം  പങ്കുവെച്ചു . യൂ ട്യൂബ് നോക്കി ഉടനെ സംശയ നിവാരണം വരുത്തി. അതെ! ഇതാണ് ആ സ്ഥലം. ബൊമ്മന്റെ ചിത്രം മകൻ എന്നെ കാണിച്ചു.
  ഒറ്റ നോട്ടത്തിൽ   തന്നെ                ആനകൾക്കിടയിലൂടെ നടന്നു വരുന്ന ബൊമ്മനെയും കണ്ടു. രഘു, , 
അമ്മുകുട്ടി, കൃഷ്ണ - എല്ലാവരും കൺ മുന്നിൽ.....എല്ലാവരേയും നിമിഷ നേരം  കൊണ്ട് തിരിച്ചറിഞ്ഞു.     ഡോക്യുമെന്ററി കൺ മുന്നിൽ ചുരുൾ നിവർന്ന പോലെ!

                  ഞങ്ങൾ       അടുത്തെത്തുമ്പോഴേക്കും മറ്റു ചിലരും ബൊമ്മനെ തിരിച്ചറിഞ്ഞിരുന്നു. എല്ലാവരുമായും സ്നേഹം പങ്കിട്ട് , ഫോട്ടോക്ക് പോസ് ചെയ്തു കൊണ്ട് ബൊമ്മൻ വേലിയ്ക്കപ്പുറത്ത് നിന്നു. ഞങ്ങളുമായും ദീർഘനേരം സംസാരിച്ചു . പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും അദ്ദേഹം അനുഭവിക്കുന്ന ചില ദു:ഖങ്ങൾ ഞങ്ങളുമായി പങ്കു വെച്ചു. കൂടെയുള്ളവർ ബൊമ്മനുമായി ഇപ്പോൾ അത്ര അടുപ്പത്തിലല്ലെന്ന് വളരെ സങ്കടത്തോട  പറഞ്ഞു | സാമ്പത്തികമായി നല്ലവണ്ണം സഹായിച്ചിട്ടു പോലും പലരും അദ്ദേഹത്തിനെതിരെ തിരിഞ്ഞിരിക്കുകയാണത്രെ!     ചില
ഫോറസ്റ്റ് ഉദ്യോഗസ്ഥരും ആ ഗണത്തിൽ പെ
ടും. ഡോക്യുമെന്ററിയിൽ കാണുന്ന രഘു എന്ന ആനക്കുട്ടിയിൽ നിന്ന് ബൊമ്മനെ അകറ്റി നിർത്തിയിരിക്കുകയാണ് ; മറ്റു പാപ്പാൻമാരുമായി ആനക്കുട്ടി ഇടപഴകണമെന്ന ന്യായത്തിൽ !  മറ്റൊരു സിനിമയിൽ അഭിനയിക്കാനുള്ള അവസരം വന്നപ്പോൾ വനം വകുപ്പ് ഉദ്യോഗസ്ഥർ ബൊമ്മന്  അവധി അനുവദിക്കാൻ കഴിയില്ല എന്ന് തീർത്തും പറഞ്ഞുവത്രെ! അങ്ങനെ ആ അവസരം നഷ്ടമായതിന്റെ നിരാശ അദ്ദേഹത്തിന്റെ മുഖത്തു പടരുന്നത്  കണ്ടു.നിഷ്കളങ്കമായി    ചിരിക്കുമ്പോൾ    തെളിഞ്ഞു  കാണുന്ന തേഞ്ഞ പല്ലുകൾ കൊണ്ട്   കടിച്ചമർത്തുന്ന ദുഃഖം സ്വകാര്യ സംഭാഷണത്തിൽ ഞങ്ങൾക്ക് ശരിക്കും മനസ്സിലാക്കാനായി. 
തീറ്റ കൊടുത്തതിനുശേഷം കുന്നിൻ ചെരുവിലുള്ള ഗണപതി കോവിലിൽ വരാമെന്നും  തന്റെ ഭാര്യയായ ബെല്ലിയെ പരിചയപ്പെടുത്താമെന്നും പറഞ്ഞ് അദ്ദേഹം നടന്നു നീങ്ങി.
         ഗണപതി കോവിലിൽ വെച്ച് ബെല്ലിയേയും ഞങ്ങൾ പരിചയപ്പെട്ടു. പ്രശസ്തി അവർക്കും ബാക്കിയാക്കിയത്  ദുഃഖം മാത്രം. അവർ വളർത്തിയെടുത്ത അമ്മുകുട്ടിയുമായി ഇടപഴകാൻ ഇപ്പോൾ  അവർക്ക്  അനുവാദമില്ല. അവരുടെ സേ
വനം ഇനി ആവശ്യമില്ലെന്നു കാണിച്ച് ഡിപ്പാർട്ടുമെന്റിൽ നിന്നു തന്നെ അവരെ പുറത്താക്കിയിരിക്കുന്നു എന്നാണ് അവർ പറഞ്ഞത്. സ്വന്തം മകൾ മരിച്ച ദുഃഖം മറന്നത് അമ്മുകുട്ടിയെ വളർത്തിയെടുത്തതിലൂടെയാണെന്ന് പറയുമ്പോൾ അവരുടെ കണ്ണൂകളിൽ നനവു പടർന്നു." ഇപ്പവും നാൻ കൂപ്പിട്ടാ അത് ഓടി വരും; എങ്കളുക്കുള്ളേ അവ്വളവ് പാസം !"
നാലുപേർ മാറി മാറി ശ്രമിച്ചിട്ടും ആരുമായും അമ്മുകുട്ടി ഇണങ്ങിയില്ലെന്ന്
അഭിമാനത്തോടെ അവർ പറഞ്ഞു. ചെറിയ തുമ്പിക്കൈ കൊണ്ട് പുല്ലു പറിക്കാൻ 
അമ്മുകുട്ടിപഠിച്ച ദിവസം അവരുടെ തലമുടിയും പറിച്ചെടുക്കാൻ ശ്രമിച്ചെന്നു പറഞ്ഞ് മുഖം ഇരു കൈകൾ കൊണ്ടും പൊത്തി ചിരിച്ചു. ബൊമ്മ 
നേയും ബെല്ലിയേയും ചേർത്തു നിർത്തി ഫോട്ടോകൾ എടുത്ത ശേഷം ഞങ്ങൾ 
തെപ്പക്കാടിനോട് വിട പറഞ്ഞു . ഗേ
റ്റ് കടക്കുമ്പോൾ ഡോക്യുമെന്ററിയിലെ സംഭാഷണ ശകലങ്ങൾ ആ അന്തരീക്ഷത്തിൽ ഒഴുകി നടക്കുന്നതു പോലെ തോന്നി.  " നാങ്ക കാട്ടുനായ്ക്കര്  ! കാട് ആളറവങ്ക ; ഇന്ത കാട് താൻ എങ്ക  വീട് , കടവുളും അതേ താൻ. നാങ്ക സെരിപ്പു കൂടെ പോട മാട്ടോം അതുക്കുള്ളേ ;    അങ്കിരുന്ത്   തേവയാനത് മട്ടും എടുപ്പോം ".
          കാർ പാർക്ക് ചെയ്തിരുന്ന സ്ഥലത്തേക്ക്  ഞങ്ങൾ നടന്നു നീങ്ങി. കുട്ടിക്കാലത്തെ
 ഓർമകൾ ചാറ്റൽ മഴ പോലെ മനസ്സിലേ
ക്ക് പെയ്തിറങ്ങി.
            പടിഞ്ഞാട്ട് ചായുന്ന സൂര്യൻ നടുമുറ്റത്ത് വെയിൽ നിറക്കുമ്പോൾ നടുത്തളത്തിൽ നിന്നുയരുന്ന അച്ഛമ്മയുടെ രാമായണം വായനയുടെ ശീലുകൾ കാതുകളിൽ നിറഞ്ഞു.
        രാമനെ നിത്യം ദശരഥനെന്നുള്ളിൽ
        ആ മോദ മോടു നിരൂപിച്ചു കൊള്ളണം
        എന്നെ ജനകാത്മജയെന്നുറച്ചു കൊൾ
        പിന്നെയയോദ്ധ്യയെന്നോർത്തീടടവിയെ
        മായാവിഹീനമീവണ്ണമുറപ്പിച്ചു
        പോയാലുമെങ്കിൽ സുഖമായ് വരിക തേ!

Comments

Post a Comment

Popular posts from this blog

അക്കാലത്ത് അറബിക്കടൽ ചോരയാൽ ചുവന്നിരുന്നു

ഭക്ഷണപ്രിയരുടെ ശ്രദ്ധക്ക് .....

ഒരു കടൽ ദൂരം