സെയ്ൻ്റ് പാൻക്രാസ് റെയിൽവെ ടെർമിനൽ

              'ജെൻ - സി ' ക്കാരായ മക്കളുടെ നിർബന്ധത്തിനു വഴങ്ങിയെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടാവും ' ഹാരി പോട്ടർ - ദി ചേംബർ ഓഫ് സീക്രട്സ് ' എന്ന സിനിമ. അത്ഭുതങ്ങളുടെ കലവറകൾ ഓരോന്നായി തുറക്കുന്നതു കണ്ട്  ആർത്തു വിളിക്കുന്ന അവരോടൊപ്പം നിങ്ങളുടെ നെഞ്ചിടിപ്പും ഉയർന്നു താഴ്ന്നിട്ടുണ്ടാവും . അത്തരം ഒരു രംഗം ഓർമയില്ലേ? ഹോഗ്‌വാർട്സ് സ്കൂളിലേക്ക് തീവണ്ടി കയറാൻ കിങ്ങ്‌സ് ക്രോസ് സ്റ്റേഷനിൽ എത്തുന്നു ഹാരിപോട്ടറും സുഹൃത്ത്  റോൺ വീസ്‌ലിയും . തീവണ്ടി നിൽക്കുന്നതോ? വിചിത്രമായ 9-3/4 നമ്പർ പ്ലാറ്റ് ഫോമിൽ !  മാന്ത്രിക ശക്തി ഉപയോഗിച്ച്പ്ലാറ്റ് ഫോം ഒമ്പതിനും പത്തിനും ഇടയിലുള്ള ചുവരിലൂടെ  അവിടേക്ക് ഇടിച്ചു കയറണം ! ആ ശ്രമം വിഫലമാവുമ്പോൾ ഹാരി പോട്ടർ മറ്റൊരു വഴി തേടുന്നു. . പുറത്തു നിറുത്തിയിട്ട ' പറക്കും കാറിൽ ' സ്കൂളിലേക്ക് പോവാൻ തീരുമാനിക്കുന്നു . പിന്നീടുള്ള രംഗം രസകരമാണ് . അല്പം ദുരൂഹത ഉണർത്തുന്നതാണെങ്കിലും, ചുവന്ന കല്ലുകൾ കൊണ്ട് പണിതുയർത്തിയ മനോഹരമായ
വലിയൊരു സൗധത്തിനു മുന്നിൽ  നിന്ന് അവർ കാറിൽ കയറി പറന്നുയരുന്നു . കാർ മുകളിലേക്കു കയറുമ്പോൾ പശ്ചാത്തലമായി അതി ബൃഹത്തായ ആ നിർമ്മിതി കാഴ്ചയിൽ നിറയുന്നു . അതിൻ്റെ വിശാലതയും ഉന്നതങ്ങളായ മിനാരങ്ങളും  പിന്നിട്ട് കാർ ഹോഗ് വാർട്ട്സ് ലക്ഷ്യമാക്കി അതിവേഗം നീങ്ങുന്നു.
          ആ രംഗം അനശ്വരമാക്കാൻ പശ്ചാത്തലമായ ചുവന്ന കെട്ടിടം നേരിട്ടു കാണാൻ ഈയിടെ എനിക്ക് അവസരം കിട്ടി .  പുസ്തകത്തിലും സിനിമയിലും കിങ്ങ്‌സ് ക്രോസ് റെയിൽവെ സ്റ്റേഷൻ എന്നു പറയുന്നുണ്ടെങ്കിലും ആ ചുവന്ന കെട്ടിടം മദ്ധ്യ ലണ്ടനിലെ' സെയ്ൻ്റ് പാൻക്രാസ് ' എന്ന റെയിൽവെ സ്റ്റേഷൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന 'ഹോട്ടൽ റിനൈസൻസ് ' ആണ് . ചരിത്രം പുതച്ചു നിൽക്കുന്ന ആ സൗധത്തിൻ്റെ വിശേഷങ്ങളിലേക്ക് -

              1862 ലെ ലണ്ടൻ ഇൻ്റർനാഷണൽ എക്സിബിഷൻ ( ലണ്ടൻ എക്‌സ്പോ -2) ഉദ്ദേശിച്ച പോലെ വിജയിച്ചില്ല എന്ന് സംഘാടകർ വിലയിരുത്തി - കാരണം ? പ്രധാനമായും ഗതാഗത സൗകര്യത്തിലെ അപര്യാപ്തത തന്നെ ! ഒരു പരിഹാരമെന്നോണം മിഡ്‌ലാൻ്റ് റെയിൽവെ കമ്പനി മദ്ധ്യ ലണ്ടനിൽ ഒരു റെയിൽവെ ടെർമിനൽ നിർമിക്കാൻ തീരുമാനിക്കുന്നു.
അവരുടെ സുപ്രസിദ്ധനായ എഞ്ചിനീയർ വില്യം ഹെൻറി ബാർലൊ ആണ് ടെർമിനൽ രൂപ കൽപന ചെയ്തത്. 210 മീറ്റർ നീളവും 73 മീറ്റർ വീതിയും 30 മീറ്റർ ഉയരവും ഉള്ള ടെർമിനൽ 1868 ഒക്ടോബർ ഒന്നിനാണ് തുറന്നത് . അക്കാലത്ത്  ലോകത്തിലെ ഏറ്റവും വലിയ കവചിത മന്ദിരം !  
              
                 റെയിൽപാതകൾ വന്ന് അവസാനിക്കുന്ന ഭാഗം ഇരുപത് അടിയോളം താഴ്ചയായിരുന്നു. അത് മറികടക്കാൻ കണ്ടെത്തിയത് നല്ല ഒരു  ഉപായമാണ്  . തൂണുകളിൽ പൊക്കിനിറുത്തിയ വലിയ ഒരു നിലവറയാക്കി മാറ്റി ആ ഭാഗം ; അതിന് എന്താണ് ഉപയോഗം ? അന്ന് ഇംഗ്ലണ്ടിൽ ഏറ്റവും മുന്തിയ തരം ബിയർ ഉൽപ്പാദിപ്പിക്കുന്നത് ലണ്ടനു സമീപത്തുള്ള ബർട്ടണിലാണ് . അവിടെ നിന്നുള്ള ബിയർ വീപ്പകൾ  സംഭരിക്കാനുള്ള സ്ഥലമാക്കി ആ നിലവറ . ബിയർ വീപ്പകളുടെ ഉയരവും വണ്ണവും അനുസരിച്ച് ഏറ്റവും കൂടുതൽ വീപ്പകൾ അടുക്കിവെക്കാൻ പാകത്തിലാണ് തൂണുകൾ വിന്യസിച്ചിരിക്കുന്നത് . അതോടെ ഇംഗ്ലീഷുകാരുടെ ഇഷ്ട പാനീയം വളരെവേഗത്തിൽ രാജ്യമെമ്പാടും റെയിൽ മാർഗം എത്തിക്കാനുളള സൗകര്യമായി.

          ടെർമിനൽ സ്റ്റേഷൻ്റെ നിർമാണം പുരോഗമിക്കേ തന്നെ മുൻവശത്ത് ഒരു ഹോട്ടൽ കൂടി നിർമിച്ചാലോ എന്നായി ആലോചന. 150 മുറികൾ ഉള്ള ഒരു ഹോട്ടലിൻ്റെ രൂപ രേഖ സമർപ്പിക്കാനായി1865 ൽ കമ്പനി ഒരു മത്സരം സംഘടിപ്പിച്ചു . അക്കാലത്തേക്ക് ഏതാണ്ട് അന്യം നിന്നു  പോയ ഗോഥിക് മാതൃക യുടെ ഗാംഭീര്യവും സൗന്ദര്യവും സമന്വയിക്കുന്ന - എന്നാൽ നവീനമായ - വിക്ടോറിയൻ ഗോഥിക് ശൈലിയിൽ ജോർജ് ഗിൽബർട്ട് സ്കോട്ട് എന്ന വാസ്‌തു വിദ്യാ വിദഗ്ധൻ  സമർപ്പിച്ച മാതൃകയാണ് കമ്പനിക്ക് സ്വീകാര്യമായത് . പക്ഷേ ഭാവി വികസനം മുൻകൂട്ടി കണ്ട് 300 മുറികളുള്ള ഒരു കെട്ടിടമാണ്  ഗിൽബർട്ട് സ്കോട്ട് വിഭാവനം ചെയ്തത് . സാമ്പത്തിക ഞെരുക്കം മറികടക്കാൻ ഉയരത്തിൻ്റെ കാര്യത്തിൽ ചില വിട്ടുവീഴ്ചകൾ നടത്തിയാണ് കെട്ടിടത്തിൻ്റെ പണി ആരംഭിക്കുന്നത് .1873 മെയ് 5 ന് ഒരു ഭാഗം മാത്രം തുറന്ന്  ' മിഡ്‌ലാൻ്റ് ഗ്രാൻ്റ് ഹോട്ടൽ'പ്രവർത്തനം ആരംഭിച്ചു . 
പണി  പൂർത്തിയായത് 1876 ൽ ആണ് . മെയ് 5 എന്ന തിയ്യതി ഓർത്തു വെച്ചോളു - പ്രാധാന്യം ഉണ്ട് ! മുഴുവനായി പണിതില്ലെങ്കിലും  സ്കോട്ട് സമർപ്പിച്ച ആദ്യത്തെ രൂപരേഖയാണത്രെ പിൽക്കാലത്ത് ഹോട്ടലിൻ്റെ പരസ്യത്തിന് ഉപയോഗിച്ചത് .
          യൂറോപ്പിൽ , പ്രത്യേകിച്ച് ഇംഗ്ലണ്ടിൽ,  വ്യാവസായിക വിപ്ലവം മനുഷ്യരാശിയുടെ എല്ലാ മേഖലകളേയും തൊട്ട് അതി വേഗം മുന്നേറുകയായിരുന്നു . സാങ്കേതിക വിദ്യകൾ ദിനം പ്രതി മാറുന്ന കാലം . നിർമാണ മേഖലയിലും അതിൻ്റെ അനുരണനങ്ങൾ കാണാതെ വയ്യല്ലോ - ഈ ഹോട്ടലിൻ്റെ കാര്യത്തിലും അതുതന്നെ സംഭവിച്ചു . പ്രൌഢമായ ഗോവണിപ്പടിയും മനോഹരമായ അലങ്കാര പണികൾ ഉള്ള ചുവരുകളും നീരാവി കൊണ്ട് പ്രവർത്തിക്കുന്ന ലിഫ്റ്റും - എല്ലാം ചേർന്ന് ആഡംബരത്തിൻ്റെ അവസാന വാക്കായിരുന്നു ഹോട്ടൽ ! പക്ഷേ
'അനുബന്ധ ശുചിമുറികൾ 'ഇല്ലാതെ പണിതുയർത്തിയ ഹോട്ടൽ കാലഹരണപ്പെടാൻ അധികകാലം വേണ്ടിവന്നില്ല. ശുചീകരണ തൊഴിലാളികളുടെ ' പട ' തന്നെ വേണ്ടി വന്നു ഹോട്ടൽ നടത്തി കൊണ്ടുപോവാൻ ! അപ്പോഴേക്കും അതാ വരുന്നു ഒന്നാം ലോക മഹായുദ്ധം - അത് ടെർമിനലിനെ ബാധിക്കാതിരിക്കുമോ ? 1918 ലെ ജർമൻ ബോംബിങ്ങിൽ കെട്ടിടത്തിനു സാരമായ കേടുപാടുകൾ പറ്റി. മാത്രമോ ? ഇരുപതു പേർ കൊല്ലപ്പെടുകയും ചെയ്തു !
കാലത്തിൻ്റെ ഗതിവേഗത്തിൽ പിന്തള്ളപ്പെട്ട ഹോട്ടൽ 1935 ൽ പ്രവർത്തനം നിർത്തി . പിന്നീടുള്ള കുറച്ചുകാലം റെയിൽവെ ഓഫീസുകളായി പ്രവർത്തിക്കാനായിരുന്നു കെട്ടിടത്തിനു നിയോഗം ! ഒന്നാം ലോക മഹായുദ്ധത്തിൻ്റെ ആഘാതം മാറി വരുന്നതേ ഉണ്ടായിരുന്നുള്ളു . അപ്പോഴേക്കും വന്നെത്തി രണ്ടാം ലോക മഹായുദ്ധം .1941 മേയ് പത്താം തിയ്യതി ടെർമിനൽ വീണ്ടും ബോംബാക്രമണത്തിന് ഇരയായി . മൂന്നാം നമ്പർ പ്ലാറ്റ് ഫോമിൻ്റെ മേൽകൂരയിൽ വീണ ബോംബ്,  പ്ലാറ്റ് ഫോം തകർത്ത് താഴെയുള്ള നിലവറയിൽ വീണു പൊട്ടി . ബിയർ വീപ്പകൾ പൊട്ടി തെറിച്ചു . കനത്ത നാശനഷ്ടം ! എട്ടു ദിവസം സ്റ്റേഷൻ അടച്ചിട്ടു ! രണ്ടും മൂന്നും പ്ലാറ്റ് ഫോമുകൾ  വീണ്ടും ഉപയുക്തമായത് ജൂൺമാസത്തിലാണ് . 
                കാലത്തിൻ്റെ കുത്തൊഴുക്കിനൊപ്പം തെംസിലൂടെ  ഒരു പാട്  വെള്ളം ഒഴുകി പോയി !റെയിൽവെ ടെർമിനസിൻ്റെ ഭാവിയിൽ കരിനിഴൽ വീഴാൻ തുടങ്ങി - അതെന്താ ? ലണ്ടൻ നഗരത്തിൻ്റെ പല ഭാഗങ്ങളിലായി വേറെയും റെയിൽവെ ലൈനുകളും ടെർമിനലുകളും പ്രവർത്തനം തുടങ്ങി! ഈ ടെർമിനലിൻ്റെ പ്രാധാന്യം നഷ്ടപ്പെട്ടു . മാത്രമല്ല സ്ഥലപരിമിതി കൊണ്ട്   വീർപ്പുമുട്ടുന്ന ലണ്ടൻ നഗരത്തിൻ്റെ ' കണ്ണായ ' സ്ഥലത്ത് ആണ്  സെയ്ൻ്റ് പാൻക്രാസ് സ്റ്റേഷൻ സ്ഥിതിചെയ്യുന്നത് . 'കച്ചവട കണ്ണുകൾ ' അതിനുമേൽ പതിക്കാഞ്ഞാലല്ലേ അത്ഭുതമുള്ളു?
           1948 ൽ ബ്രിട്ടീഷ് റെയിൽവെ കമ്പനി രൂപ വത്കരിച്ചത്  ഈ ടെർമിനലിന് താത്കാലിക
ജീവശ്വാസം കൊടുത്ത നടപടിയായി . 1400 റിലേകൾ ഉള്ള പുതിയ സിഗ്നലിങ്ങ് സംവിധാനത്തോടെ 1957  ഒക്‌ടോബറിൽ ടെർമിനൽ പ്രവർത്തനം തുടർന്നു . പക്ഷേ, കേവലം മൂന്നു വർഷം കൊണ്ട് അതിൻ്റെ ഭാവി വീണ്ടും അനിശ്ചിതത്വത്തിലായി . 1960 ൽ കമ്പനി ആ  കടുത്ത തീരുമാനം എടുത്തു - റെയിൽവെ ടെർമിനലിൻ്റെ പ്രവർത്തനം അവസാനിപ്പിക്കുക - മാത്രമല്ല ; മുമ്പിലുള്ള  'കാലഹരണപ്പെട്ട ' കെട്ടിടം പൊളിച്ചു നീക്കുക. പൊതുജനം ഞെട്ടലോടെയാണ് ആ തീരുമാനം കേട്ടത് ! വിക്ടോറിയൻ സൊസൈറ്റി പോലുള്ള സംഘടനകൾ അതിശക്തമായി തീരുമാനത്തെ എതിർത്തു . ജനരോഷം കാരണം 'വധശിക്ഷ 'വിചാരിച്ച പോലെ നടപ്പാക്കാൻ കമ്പനിക്ക് കഴിഞ്ഞില്ല . ഏതാനും പ്രമുഖ വ്യക്തികളുടേയും സംഘടനകളുടെയും നിരന്തര ശ്രമഫലമായി കെട്ടിടത്തിന്  1967 ൽ grade one listing - നമ്മുടെ നാട്ടിലെ ' സംരക്ഷിത പൈതൃക 
 മന്ദിര ' പദവി - ലഭിച്ചു ; പൊളിച്ചു നീക്കാനായി അവസാനം നിശ്ചയിച്ച തിയ്യതിക്ക് കൃത്യം പത്തു ദിവസം മുമ്പ് ! 1980 ൽ കെട്ടിടത്തിന് ' ഫയർ ആൻഡ് സേഫ്റ്റി ' സർട്ടിഫിക്കറ്റ് പോലും നഷ്ടമായി ! ഗത്യന്തരമില്ലാതെ കമ്പനി ചെറിയൊരു തുക കെട്ടിടത്തിൻ്റെ പുനരുദ്ധാരണത്തിന് നീക്കിവെച്ചു . 
              ഇരുപത്തി ഒന്നാം നൂറ്റാണ്ടിൻ്റെ പടിവാതിൽ തുറന്നു ലോകം പ്രതീക്ഷയോടെ മുന്നോട്ടു നീങ്ങി . ഇംഗ്ലണ്ടിലെ റെയിൽ ഗതാഗതത്തിലും വലിയ ചുവടുവെപ്പുകൾ ഉണ്ടായി. ഇംഗ്ലീഷ് ചാനലിനു താഴെ തുരങ്കമുണ്ടാക്കി അതിലൂടെ  കടന്ന് 
റെയിൽവെ  വൻകരയിലെ  രാജ്യങ്ങളുടെ വാതിലുകളിൽ മുട്ടി വിളിച്ചു . ഫ്രാൻസും , ബെൽജിയവും , നെതർലാൻഡും ഇംഗ്ലണ്ടിന് കൈ കൊടുത്തു . തന്ത്രപ്രധാനമായ ഈ റെയിൽ ലൈനുകൾ ആരംഭിക്കുന്നതോ ? ഉപയോഗശൂന്യമായതിനാൽ പൊളിച്ചു കളയാമെന്നു കരുതിയ സെയ്ൻ്റ് പാൻക്രാസ് ടെർമിനലിൽ നിന്ന് ! കാലത്തിൻ്റെ ഗതിവിഗതികളിൽ അസ്തിത്വം പോലും ചോദ്യംചെയ്യപ്പെട്ട നാളുകൾ ഓർമയായി . 
ഒരു ചെറിയ ചത്വരത്തിന് അപ്പുറം കിങ്സ് ക്രോസ് റെയിൽവെ സ്റ്റേഷൻ -  ഈ രണ്ടു സുപ്രധാന റെയിൽവെ ടെർമിനലുകൾക്ക്   താഴെ കിങ്സ്‌ ക്രോസ്- സെയ്ൻ്റ് പാൻക്രാസ് ഭൂഗർഭ റെയിൽവെ സ്റ്റേഷൻ ! മൂന്ന് റെയിൽവേ കളുടെ സംഗമ ഭൂമി !
            800 മില്ല്യൺ പൗണ്ട് ചെലവഴിച്ച് പുതുക്കി പണിത ടെർമിനൽ 2007 ൽ എലിസബത്ത് രാജ്ഞി പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു - രാജ്യത്തിൻ്റെ അഭിമാനമായ യൂറോസ്റ്റാർ ട്രെയിനുകൾ പുറപ്പെടുന്ന ടെർമിനൽ ! 2004 ൽ ഹോട്ടൽ പുതുക്കി പണിയാനും അനുമതിയായി. 2011 മെയ് 5 ന് പുതുക്കിയ ഹോട്ടലും തുറന്നു - കൃത്യം 138 കൊല്ലങ്ങൾക്കു ശേഷം - അടുത്തിടെ മാരിയറ്റ് റിനൈസൻസ് ബ്രാൻ്റ് അവരുടെ അനുബന്ധ കമ്പനിയായ ' ഓട്ടോഗ്രാഫ് കളക്ഷൻ ' ബ്രാൻഡിലേക്ക് ഈ ഹോട്ടലിനെ മാറ്റി . 
            ആരുടെയൊക്കെയോ നിശ്ചയ ദാർഢ്യം കൊണ്ട് ആണെങ്കിലും, സ്വന്തം' വിധി ' യുടെ
നിമ്നോന്നതങ്ങൾ  വിജയകരമായി  മറികടന്ന്,  അതിശയിപ്പിക്കുന്ന ഒരു നിർമിതിയായി , മദ്ധ്യ ലണ്ടനിലെ യൂസ്റ്റൺ റോഡിൽ ആ കെട്ടിടം തല ഉയർത്തി നിൽക്കുന്നു - വരും തലമുറകൾക്ക് ഒരു ഓർമപ്പെടുത്തൽ ആയി !
             

Comments

Popular posts from this blog

അക്കാലത്ത് അറബിക്കടൽ ചോരയാൽ ചുവന്നിരുന്നു

ഭക്ഷണപ്രിയരുടെ ശ്രദ്ധക്ക് .....

ഒരു കടൽ ദൂരം